നട്ടാശ്ശേരി (കോട്ടയം): തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ക്കായി തന്ത്രി സമൂഹം ശബ്ദമുയര്‍ത്തണമെന്ന് തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തിലെ രാജപ്രതിനിധി പൂയം തിരുനാള്‍ ഗൗരി പാര്‍വ്വതി ബായ് തമ്പുരാട്ടി. കോട്ടയം നട്ടാശ്ശേരി സൂര്യകാലടി മനയില്‍ അഖില കേരള തന്ത്രി സമാജത്തിന്റെ 41-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തമ്പുരാട്ടി.
ക്ഷേത്രങ്ങള്‍ ഐശ്വര്യപ്രദമായി നിലനില്ക്കുന്നത് താന്ത്രിക പൂജാകര്‍മ്മങ്ങളിലൂടെയാണ്. ക്ഷേത്ര പൂജാരിമാര്‍ക്ക് വധുവിനെ നല്കാന്‍ പോലും ഇന്ന് ആരും തയാറാകുന്നില്ല. പരസ്പരം കലഹിക്കാതെ സമാജം അംഗങ്ങള്‍ക്ക് ഒരുമയോടെ മുമ്പോട്ടുപോകാന്‍ കഴിയണം. ക്ഷേത്രങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ താന്ത്രിക കര്‍മ്മങ്ങള്‍ അനിവാര്യമാണ്. തടസങ്ങള്‍ക്കു പരിഹാരം ഈശ്വരകര്‍മ്മം ചെയ്യുക എന്നതാണെന്നും തമ്പുരാട്ടി പറഞ്ഞു.
നടുവില്‍ മഠം ഇളമുറസ്വാമിയാരും പുഷ്പാഞ്ജലി സ്വാമിയാരുമായ അച്യുത ഭാരതി സ്വാമിയാര്‍ ദീപപ്രോജ്വലനവും അനുഗ്രഹപ്രഭാഷണവും നടത്തി. തന്ത്രി സമാജം സംസ്ഥാന പ്രസിഡന്റ് വേഴപ്പറമ്പ് ഈശാനന്‍ നമ്പൂതിരി അധ്യക്ഷനായി. യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരി മുഖ്യപ്രഭാഷണം നടത്തി.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, സൂര്യകാലടി സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരി, പത്മനാഭന്‍ വാഴുന്നോര്‍ ചേന്നാസ് നാരായണന്‍ നമ്പൂതിരി, അടിമുറ്റത്ത് സുരേഷ് ഭട്ടതിരി, പുടയൂര്‍ ജയനാരായണന്‍ നമ്പൂതിരി, എ.എ. ഭട്ടതിരി തുടങ്ങിയവര്‍ സംസാരിച്ചു. തിരുവിതാംകൂര്‍ രാജപ്രതിനിധി ഗൗരിലക്ഷ്മിബായ് തമ്പുരാട്ടി മുതിര്‍ന്ന താന്ത്രികാചാര്യന്‍ കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരിയെ ആദരിച്ചു.
രാവിലെ നടന്ന സൗരയജ്ഞത്തിന് സൂര്യകാലടി സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. മഹാഗണപതിഹോമം, കാല്‍ കഴുകിച്ചൂട്ട് എന്നീ ചടങ്ങുകളും നടന്നു. ഉച്ചയ്‌ക്കു ശേഷം തന്ത്രി സമാജം പ്രതിനിധി സമ്മേളനത്തില്‍ വേഴപ്പറമ്പ് ഈശാനന്‍ നമ്പൂതിരി അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി ജയനാരായണന്‍ നമ്പൂതിരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോക്കുളത്ത് ശംഭു പോറ്റി, മുണ്ടയൂര്‍ സൂരജ് നമ്പൂതിരി, ഇടക്കഴിപ്പുറം ശ്രീരാമന്‍ നമ്പൂതിരി എന്നിവര്‍ മേഖലാ റിപ്പോര്‍ട്ടിങ് നടത്തി. സൂര്യകാലടി പരമേശ്വരന്‍ ഭട്ടതിരി, പെരിഞ്ഞേരി വാസുദേവന്‍ നമ്പൂതിരി തുടങ്ങിയവര്‍ സംസാരിച്ചു.











