ഹാങ്ചൊ: ഏഷ്യന്‍ പാരാ ഗെയിംസില്‍ ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ നേട്ടത്തോടെ ഭാരതം പട്ടിക പൂര്‍ത്തിയാക്കി. 29 സ്വര്‍ണവും 31 വെള്ളിയും 51 വെങ്കലവും അടക്കം 111 മെഡലുകളാണ് ഭാരതം ഇത്തവണ നേടിയത്.
2018ല്‍ 15 സ്വര്‍ണമടക്കം 72 മെഡലുകള്‍ നേടിയതായിരുന്നു ഇതിന് മുമ്പത്തെ വലിയ നേട്ടം. ഇത്തവണ പാരാ ഗെയിംസിന്റെ നാലാം പതിപ്പിനായി ഹാങ്ചൊയിലേക്ക് 303 താരങ്ങളെയാണ് ഭാരതം അയച്ചത്. 191 പുരുഷ താരങ്ങളും 112 വനിതാതാരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ 22ന് തുടങ്ങിയ ഗെയിംസ് ഇന്നലെ കൊടിയിറങ്ങി. മെഡല്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഭാരതം. 214 സ്വര്‍ണമടക്കം 521 മെഡലുകളുമായി ചൈനയാണ് ഒന്നാമത്. ഇറാന്, ജപ്പാന്, കൊറിയ എന്നിവയാണ് ഭാരതത്തിന് മുന്നിലുള്ള മറ്റ് രാജ്യങ്ങള്‍.
ഇത്തവണത്തെ ഗെയിംസില്‍ മൂന്ന് ഭാരത താരങ്ങളാണ് ലോക റിക്കാര്‍ഡ് ഭേദിച്ചത്. രണ്ട് റിക്കാര്‍ഡുകള്‍ അത്ലറ്റിക്സിലായിരുന്നു. ജാവലിന്‍ത്രോയുടെ എഫ്-46ല്‍ 68.60 മീറ്റര്‍ എറിഞ്ഞ് ഗുര്‍ജാര്‍ സുന്ദര്‍ സിങ്ങ് റിക്കാര്‍ഡോടെ സ്വര്‍ണം നേടിയപ്പോള്‍ ജാവലിന്റെ എഫ്-64ല്‍ 73.29 മീറ്റര്‍ ദൂരം കുറിച്ച് സ്വര്‍ണം സ്വന്തമാക്കിയ സുമിത് ആന്തില്‍ ആണ് പുതിയ റിക്കാര്‍ഡിട്ടത്. പുരുഷ കോമ്പൗണ്ട് ടീം ഇനത്തിലായിരുന്നു ഭാരതത്തിന്റെ മറ്റൊരു റിക്കാര്‍ഡ് നേട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: