ഭോപാല്‍: തമ്മിലടിയില്‍ സ്ഥാനാര്‍ത്ഥിപ്പട്ടിക വെട്ടിയും തിരുത്തിയും വലഞ്ഞ് കോണ്‍ഗ്രസ്. നവംബര്‍ 17ന് തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലാണ് ദയനീയാവസ്ഥ. പാര്‍ട്ടിക്കുള്ളിലെ തമ്മിലടി രൂക്ഷമായതോടെ പ്രഖ്യാപിച്ച നാല് സ്ഥാനാര്‍ത്ഥികളെ എഐസിസിക്ക് ഇന്നലെ പിന്‍വലിക്കേണ്ടിവന്നു. സുമാവോലി, പിപാരിയ, ബദ്നഗര്‍, ജോറ നിയമസഭാ സീറ്റുകളില്‍ നിന്നാണ് സ്ഥാനാര്‍ത്ഥികളെ മാറ്റിയത്.
ബദ്‌നഗറില്‍ നിന്ന് രാജേന്ദ്ര സോളങ്കിയുടെ പേരാണ് വെട്ടിയത്. പകരം മുരളി മോര്‍വാര്‍ മത്സരിക്കും. ഭോപാലില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥിന്റെ ബംഗ്ലാവിനു മുന്നില്‍ കഴിഞ്ഞ ദിവസം രാത്രി മുരളി മോര്‍വാറിന്റെ അനുയായികള്‍ ടയറുകള്‍ കത്തിച്ച് പ്രതിഷേധിച്ചിരുന്നു. ഇനി രാജേന്ദ്ര സോളങ്കിയുടെ ഗ്രൂപ്പുകാര്‍ പ്രതിഷേധിച്ചാല്‍ എന്ത് ചെയ്യുമെന്ന പരിഹാസവുമായി ബിജെപിയും രംഗത്തുണ്ട്.
നര്‍മ്മദാപുരം ജില്ലയിലെ സംവരണ മണ്ഡലമായ പിപാരിയയില്‍ നേരത്തെ പ്രഖ്യാപിച്ച ഗുരു ചരണ്‍ ഖരെയെ മാറ്റി വീരേന്ദ്ര ബെല്‍വന്‍ഷിയെ സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ട്. മൊറേന ജില്ലയിലെ സുമാവലി സീറ്റില്‍ നിന്ന് കുല്‍ദീപ് സികര്‍വാറിനെ മാറ്റി പകരം സിറ്റിങ് എംഎല്‍എ ആയ അജബ് സിങ് കുശ്വാഹയെ മത്സരിപ്പിക്കാനാണ് തീരുമാനം.
2020ലെ കമല്‍നാഥ് സര്‍ക്കാര്‍ തകര്‍ന്നതിനെത്തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ കുശ്വാഹ വിജയിച്ചിരുന്നു. ഇത്തവണ ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കുശ്വാഹ അനുയായികള്‍ക്കൊപ്പം പ്രതിഷേധ റാലി നടത്തിയിരുന്നു. നേരത്തെ ഹിമ്മത് ശ്രീമല്‍ മത്സരിച്ച രത്ലാം ജില്ലയിലെ ജോറ സീറ്റില്‍ നിന്നും സ്ഥാനാര്‍ത്ഥിയെ മാറ്റി. ഈ സീറ്റില്‍ നിന്ന് പകരം വീരേന്ദ്ര സിങ് സോളങ്കിയെ നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. ശ്രീമലിനെതിരെ സോളങ്കിയുടെ ഗ്രൂപ്പുകാര്‍ കോലംകത്തിച്ച് പ്രതിഷേധിച്ചിരുന്നു.
ഡെപ്യൂട്ടി കളക്ടര്‍ പദവി രാജിവെച്ചെത്തിയ നിഷ ഭാഗ്രയെ ആംലയില്‍ നിര്‍ത്താനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. മത്സരിക്കുന്നതിനായി ഡെപ്യൂട്ടി കളക്ടര്‍ പദവി നിഷ രാജിവെച്ചെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. ഒടുവില്‍ ആംലയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ശേഷം നിഷയുടെ രാജി സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് നിഷയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്.
സംസ്ഥാനത്തെ 230 സീറ്റുകളിലേക്കും കോണ്‍ഗ്രസ് ഇസ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു, ഇനിയെത്ര പേരെ പിന്‍വലിക്കുമെന്ന് കണ്ടറിയണം. പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ച് പുതിയ സ്ഥാനാര്‍ത്ഥികളെ വെയ്‌ക്കുന്നത് വലിയ തിരിച്ചടിയാവുമെന്ന ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. നിരവധി മണ്ഡലങ്ങളില്‍ ഇത്തരം ആവശ്യങ്ങള്‍ ഉയര്‍ന്നേക്കുമെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ തന്നെ പ്രതിസന്ധിയിലാക്കുമെന്നുമാണ് ആശങ്ക.
ഭരണകക്ഷിയായ ബിജെപി 228 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് ഇതുവരെ പ്രഖ്യാപിച്ചത്. 30 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: