കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ പൊതുനിര്‍മാണ മേഖലയെ തകര്‍ക്കുന്നതാണെന്ന് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. താങ്ങാനാവാത്ത കുടിശിക, ട്രഷറി നിയന്ത്രണം, 2018ലെ ദല്‍ഹി പട്ടിക നിരക്കിലുള്ള അടങ്കല്‍ തയാറാക്കല്‍, വില വ്യതിയാന വ്യവസ്ഥയുടെ അഭാവം, ഊരാളുങ്കല്‍ ഉള്‍പ്പെടെയുള്ള തൊഴിലാളി സംഘങ്ങള്‍ക്കും അക്രഡിറ്റഡ് ഏജന്‍സികള്‍ക്കും നല്കുന്ന വഴിവിട്ട സഹായങ്ങള്‍, വന്‍കിട പദ്ധതികളിലെ കെടുകാര്യസ്ഥത തുടങ്ങിയവ മൂലം പൊതുനിര്‍മാണ കരാര്‍ മേഖല തകര്‍ച്ചയിലാണ്.
എന്‍ജിനീയറിങ് വിഭാഗങ്ങളുടെ ആധിക്യവും ഏകോപനമില്ലായ്മയും മൂലം പദ്ധതികളുടെ ആസൂത്രണം, നടത്തിപ്പ്, പരിപാലനം എന്നിവ ശരിയായി നടക്കുന്നില്ല. ക്വാറി-ക്രഷര്‍ ഉല്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ചെറുകിട ക്വാറികള്‍ അടച്ചതോടെ ഉത്പന്നക്ഷാമം മറ്റുള്ളവര്‍ മുതലെടുക്കുകയാണ്.
ഏറെനാള്‍ കുടിശിക വന്ന ബില്ലുകള്‍ ഹാജരാക്കുമ്പോള്‍, ട്രഷറി നിയന്ത്രണമെന്ന് പറഞ്ഞ് നീട്ടിക്കൊണ്ടുപോകുന്നു. കേന്ദ്രഫണ്ടും സംസ്ഥാനത്തെ മറ്റ് ഡിപ്പോസിറ്റ് ഫണ്ടുകളും അനിശ്ചിതകാലം നിഷേധിക്കുകയാണ്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള നിവേദനം നവംബര്‍ 9ന് മന്ത്രിമാര്‍, എംഎല്‍എമാര്‍ ചീഫ് എന്‍ജിനീയര്‍മാര്‍ തുടങ്ങിയവര്‍ക്ക് നല്‍കുമെന്ന് സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, സെക്രട്ടറി റെജി ടി. ചാക്കോ, ജില്ലാ പ്രസിഡന്റ് ഷാജി ഇലവത്തില്‍, സെക്രട്ടറി മനോജ് പാലാത്ര എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രശ്നപരിഹാരം കേന്ദ്ര സംവിധാനം
കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ട്രേഡ് റിസീവബിള്‍സ് ഡിസ്കൗണ്ടിങ് സിസ്റ്റം (ടിആര്‍ഡിഎസ്) സംസ്ഥാന സര്‍ക്കാരും നടപ്പാക്കുകയാണ് കരാര്‍ നിര്‍മ്മാണ മേഖലയിലെ പ്രശ്നങ്ങള്‍ക്കുള്ള ഏകപരിഹാരം. ദേശീയപാത നിര്‍മാണം ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന പണികളില്‍ അഞ്ച് ദിവസത്തിനുള്ളില്‍ ബാങ്കുകളില്‍ നിന്നും പണം ലഭ്യമാക്കുന്നു. പണവും പലിശയും ഉള്‍പ്പെടെയാണ് കേന്ദ്രസര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: