ന്യൂദല്‍ഹി: പ്രതികൂല സാഹചര്യങ്ങളില്‍ നമുക്ക് ആശ്വാസവും പ്രതീക്ഷയും ഊര്‍ജ്ജവും പകര്‍ന്നു നല്‍കാന്‍ മതപരമായ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും കഴിയും. നമ്മുടെ ജീവിതത്തില്‍ മതത്തിന് പ്രധാന സ്ഥാനമുണ്ടെന്ന് ചടങ്ങില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു. ഇന്ന് രാഷ്‌ട്രപതി ഭവനില്‍ സര്‍വമത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി.
പ്രാര്‍ത്ഥനയിലൂടെയും ധ്യാനത്തിലൂടെയും മനുഷ്യന് സമാധാനം, വൈകാരിക നിയന്ത്രണം എന്നിവ കൈവരുന്നു. എന്നാല്‍ സമാധാനം, സ്‌നേഹം, വിശുദ്ധി, സത്യം തുടങ്ങിയ അടിസ്ഥാന ആത്മീയ മൂല്യങ്ങളാണ് നമ്മുടെ ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നത്.
ഈ മൂല്യങ്ങളില്ലാത്ത മതപരമായ ആചാരങ്ങള്‍ നമുക്ക് ഗുണം ചെയ്യില്ല. സമൂഹത്തില്‍ സമാധാനവും മൈത്രിയും വളര്‍ത്തുന്നതിന്, സഹിഷ്ണുതയുടെയും പരസ്പര ബഹുമാനത്തിന്റെയും ഐക്യത്തിന്റെയും പ്രാധാന്യം മനസ്സിലാക്കേണ്ടതാണ്.
ഓരോ മനുഷ്യനും സ്‌നേഹവും ആദരവും അര്‍ഹിക്കുന്നുണ്ടെന്ന് രാഷ്‌ട്രപതി പറഞ്ഞു. സ്വയം തിരിച്ചറിഞ്ഞ്, ആത്മീയ ഗുണങ്ങളോടെ ജീവിതം നയിക്കുക, ദൈവവുമായി ഒരു ആത്മീയ ബന്ധം ഉണ്ടായിരിക്കുക എന്നിവയാണ് സാമുദായിക ഐക്യത്തിനും വൈകാരിക സംയോജനത്തിനുമുള്ള സ്വാഭാവിക മാര്‍ഗങ്ങള്‍.
സ്‌നേഹം, ദയ എന്നീ ഗുണങ്ങളില്ലാതെ മനുഷ്യരാശിക്ക് നിലനില്‍ക്കാനാവില്ലെന്നും വിവിധമതസ്ഥര്‍ ഒത്തൊരുമയോടെ ജീവിക്കുമ്പോള്‍ സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഘടനാശക്തി വര്‍ദ്ധിക്കുമെന്നും രാഷ്‌ട്രപതി പറഞ്ഞു.
ഇത് രാജ്യത്തിന്റെ ഐക്യത്തെ കൂടുതല്‍ കരുത്തുറ്റതാക്കി പുരോഗതിയുടെ പാതയിലേക്ക് നയിക്കുമെന്നും അവര്‍ വ്യക്തമാക്കി. 2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും രാഷ്‌ട്രപതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: