കൊളംബോ: ഭാരതത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് ശ്രീലങ്ക സന്ദര്‍ശിക്കാന്‍ ഇനി വിസ സൗജന്യം. ഭാരതം അടക്കം ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സൗജന്യ വിസ അനുവദിക്കാന്‍ ലങ്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇപ്പോള്‍ 2250 രൂപയാണ് ടൂറിസ്റ്റ് വിസാ ഫീസ്. ബിസിനസ് വിസയയ്‌ക്ക് 2800 രൂപയും.
പണം അടയ്‌ക്കതെ ഓണ്‍ലൈനില്‍ അപേക്ഷ നല്കിയാല്‍ മതി. അപേക്ഷ നല്കുന്നവര്‍ക്ക് വിമാനത്താവളത്തില്‍ വച്ച് ഇത് നല്‍കാനും സൗകര്യം ഒരുക്കും. ചൈന, റഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും വിസ സൗജന്യമാണ്. തത്ക്കാലം മാര്‍ച്ച് 31 വരെയാണ് സൗജന്യ വിസയ്‌ക്ക് അനുമതി. വേണ്ടി വന്നാല്‍ നീട്ടും.
സൗജന്യ വീസ, നിര്‍ദ്ദിഷ്ട ഇ-ടിക്കറ്റിംഗ് സംവിധാനം എന്നിവ ശ്രീലങ്കയിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി അലി സാബ്‌റി പറഞ്ഞു. ശ്രീലങ്കയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ അതിവേഗം ലഭ്യമാക്കുന്ന സംവിധാനമാണ് ഇ-ടിക്കറ്റിംഗ്. ശ്രീലങ്കയുടെ ജി.ഡി.പിയില്‍ 5 ശതമാനം പങ്കാണ് ടൂറിസം മേഖലയ്‌ക്കുള്ളത്. 2019ല്‍ 25 ലക്ഷം വിദേശ വിനോദ സഞ്ചാരികള്‍ ശ്രീലങ്കയിലെത്തിയിരുന്നു. പിന്നീട് കുത്തനെ കുറഞ്ഞു. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കകം 50 ലക്ഷം സഞ്ചാരികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൗജന്യ വീസ അടക്കമുള്ള വാഗ്ദാനങ്ങള്‍ ശ്രീലങ്ക മുന്നോട്ടുവയ്‌ക്കുന്നത്.
ശ്രീലങ്കയിലേക്ക് ഏറ്റവുമധികം വിദേശ വിനോദ സഞ്ചാരികളെത്തുന്നത് ഇന്ത്യയില്‍ നിന്നാണ്. കണക്കുകൾ പ്രകാരം ഈ വര്‍ഷം സെപ്റ്റംബറിൽ 30,000 ഇന്ത്യക്കാരാണ് ശ്രീലങ്കയിലെത്തിയത്. മൊത്തം വിദേശ സഞ്ചാരികളുടെ 26 ശതമാനമാണിത്. 8,000 പേരുമായി ചൈനയാണ് രണ്ടാമത്.
തമിഴ്നാട്ടില്‍ നിന്ന് കഴിഞ്ഞാഴ്ച ശ്രീലങ്കയിലേക്ക് വെറും 7500 രൂപ നിരക്കില്‍ കപ്പല്‍ സര്‍വീസ് ആരംഭിച്ചിരുന്നു.
ഒരു ഇടവേളയ്‌ക്ക് ശേഷം തമിഴ്‌നാട്ടില്‍ നിന്നും ശ്രീലങ്കയിലേക്ക് കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുന്നു. ഭാരതത്തിനും ശ്രീലങ്കയ്‌ക്കുമിടയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാസഞ്ചര്‍ ഫെറി സര്‍വീസ് ഏകദേശം 12 വര്‍ഷത്തിന് ശേഷമാണ് ആരംഭിച്ചത്.
1900കളുടെ തുടക്കത്തിലെ നാവിക ബന്ധങ്ങളുടെ പുനരുജ്ജീവനമാണ് പുതിയ ഫെറി സംവിധാനം. തൂത്തുക്കുടി തുറമുഖം വഴി ചെന്നൈയ്‌ക്കും കൊളംബോയ്‌ക്കും ഇടയില്‍ സര്‍വീസ് നടത്തിയിരുന്ന ഇന്തോ-സിലോണ്‍ എക്‌സ്പ്രസ് അല്ലെങ്കില്‍ ബോര്‍ഡ് മെയില്‍ ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തെത്തുടര്‍ന്ന് 1982ലാണ് നിര്‍ത്തിവെക്കുന്നത്.
ടൂറിസം രംഗത്തും ഗതാഗതരംഗത്തും വന്‍ മാറ്റങ്ങളിലൂടെയും പുരോഗതിയിലൂടെയുമാണ് ഭാരതം കടന്നു പോകുന്നത്. ആഭ്യന്തര യാത്രകളാണെങ്കിലും അന്താരാഷ്‌ട്ര യാത്രകളാണെങ്കിലും ഈ മാറ്റങ്ങള്‍ ദൃശ്യമാണ്. നീണ്ട ഇടവേളയ്‌ക്കു ശേഷം ഭാരതവും ശ്രീലങ്കയ്‌ക്കും ഇടയില്‍ കപ്പല്‍ സര്‍വീസ് പുനരാരംഭിച്ചിരിക്കുകയാണ്. വിനോദസഞ്ചാര രംഗത്ത് മാത്രമല്ല, വാണിജ്യ രംഗത്തും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധ്യമാകുന്ന ഒന്നാണ് ഭാരതം-ശ്രീലങ്ക കപ്പല്‍ സര്‍വീസ്. ഫ്രീ വിസകൂടി വന്നെത്തുന്നതോടെ ഇതില്‍ വന്‍ കുതിച്ചു കയറ്റമാണ് ഉണ്ടാവുക.
യാത്ര അടിപൊളിയാക്കാം….. മൂന്നര മണിക്കൂര്‍ യാത്ര, 7600 രൂപ, 50 കിലോ ലഗേജ്
തമിഴ്‌നാട്ടിലെ നാഗപട്ടണത്തുനിന്ന് വടക്കന്‍ ശ്രീലങ്കയിലെ തലസ്ഥാനനഗരമായ ജാഫ്‌നയിലെ കന്‍കേശന്‍തുറയിലേക്കാണ് പുതിയ സര്‍വീസ്. 60 നോട്ടിക്കല്‍ മൈല്‍ ദൂരമാണുള്ളത് മൂന്ന് മണിക്കൂറാണ് യാത്രാസമയം. ഈ കപ്പലിലേക്കുള്ള ടിക്കറ്റ് നിരക്ക് 7670 രൂപയായിരിക്കും.
ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് പുതിയ കപ്പല്‍ സര്‍വീസിന് നേതൃത്വം നല്‍കുന്നത്. കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍നിന്ന് പുറത്ത് ഇറക്കിയ ചെറുകപ്പലാണ് സര്‍വീസിന് ഉപയോഗിക്കുന്നത്.
ഭാരതം -ശ്രീലങ്ക കപ്പല്‍ യാത്രാ സമയം ചെറിയ പാണി കപ്പലില്‍ ഒരു യാത്രയില്‍ ആകെ 150 പേര്‍ക്ക് യാത്ര ചെയ്യാം. നിലവില്‍ ഈമാസം 13 വരെ യാത്ര ചെയ്യാനുള്ള അനുമതിയാണുണ്ടായിരുന്നത്്. കടലിലെ കാലാവസ്ഥയും കാറ്റും മറ്റു സാഹചര്യങ്ങളും പരിഗണിച്ച് നിര്‍ത്തി വയ്‌ക്കുന്ന സര്‍വീസ് 2024 ജനുവരി മുതല്‍ സ്ഥിരം സര്‍വീസിലേക്ക് മാറും.
രാവിലെ 7 മണിക്ക് നാഗപട്ടണത്തു നിന്നും പുറപ്പെടുന്ന സര്‍വീസ് 11 മണിയോടെ കാങ്കേശന്‍തുറയിലെത്തും. മടക്ക യാത്രയില്‍ കങ്കേശന്‍ തുറയില്‍ നിന്ന് ഉച്ചകഴിഞ്ഞ് 2.00 മണിയോടെ പുറപ്പെട്ട് വൈകിട്ട് അഞ്ച് മണിയോടെ നാഗപട്ടിണത്തെത്തുന്ന വിധത്തിലാണ് നിലവില്‍ സമയക്രമം.
ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്കും തിരിച്ചുമുള്ള യാത്രയ്‌ക്ക് 13,000 രൂപയും നികുതിയുമാണ് നിരക്ക് വരിക. ഒരു വശത്തേയ്‌ക്കാണ് യാത്രയെങ്കില്‍ നിരക്ക് 7670 രൂപ നികുതിയടക്കം ആവുകയുള്ളൂ. കൂടാതെ യാത്രക്കാര്‍ക്ക് 50 കിലോ ഭാരം വരെ ലഗേജ് ആയി കൊണ്ടുപോവുകയും ചെയ്യാം. പിടിഐ റിപ്പോര്‍ട്ട് അനുസരിച്ച് 60 നോട്ടിക്കല്‍ മൈല്‍ അഥവാ 110 കിലോമീറ്റര്‍ ദൂരമാണ് ഫെറി സഞ്ചരിക്കുന്നത്. മൂന്നര മണിക്കൂറാണ് യാത്രാ സമയമെങ്കിലും കാറ്റും കാലാവസ്ഥയും കണക്കിലെടുത്ത് ഇതില്‍ വ്യത്യാസം വന്നേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: