ന്യൂദല്‍ഹി: 2030ല്‍ ഇന്ത്യ ജപ്പാനെ പിന്നിലാക്കി ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് ഘടനയായി മാറുമെന്ന് അമേരിക്കന്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവേഴ്സ് ഗ്ലോബല്‍ റേറ്റിംഗിന്റെ(എസ് ആന്‍റ് പി) പ്രവചനം. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം (ജിഡിപി) 2030ല്‍ ഇരട്ടിയായി 7.3 ലക്ഷം കോടി ഡോളറില്‍ എത്തും.
2022ല്‍ ഇന്ത്യയുടെ ജിഡിപി തോത് വെറും 3.5 ലക്ഷം കോടി ഡോളര്‍ മാത്രമായിരുന്നു. അതാണ് 2030ല്‍ നേരെ ഇരട്ടിയിലധികമായി 7.3 ലക്ഷം കോടി ഡോളര്‍ ആയി മാറുക. ഇന്ത്യയുടെ ഈ സാമ്പത്തിക കുതിപ്പ് ജപ്പാനെ പിന്നിലാക്കി 2030ല്‍ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റും. ഇപ്പോള്‍ യുഎസും ചൈനയും കഴിഞ്ഞാല്‍ മൂന്നാമത്തെ സാമ്പത്തിക ശക്തിയാണ് ജപ്പാന്‍.
ഇന്ത്യയിലേക്ക് വിദേശ നിക്ഷേപത്തിന്റെ കുത്തൊഴുക്കുണ്ടാകും
വിദേശത്തുനിന്നും നേരിട്ടുള്ള നിക്ഷേപത്തിന്റെ ഒഴുക്ക് ഇന്ത്യയില്‍ കരുത്താര‍്ജ്ജിക്കുകയാണ്. ഇന്ത്യന്‍ സമ്പദ്ഘടന ദീര്‍ഘകാലത്തില്‍ വളരുമെന്ന പ്രതീക്ഷയാണ് വിദേശരാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപം ഒഴുകിയെത്താന്‍ കാരണം. ജെപി മോര്‍ഗന്‍ അവരുടെ ബോണ്ട് സൂചികയില്‍ ഇന്ത്യാ സര്‍ക്കാരിന്റെ ബോണ്ടുകള്‍ കൂടി 2024ല്‍ ഉള്‍പ്പെടുത്തുന്നതോടെ ഇന്ത്യയുടെ ഡെബ്റ്റ് വിപണിയിലും വന്‍തോതില്‍ വിദേശഫണ്ട് എത്തിച്ചേരും. കൂടുതല്‍ യുവാക്കള്‍ ഉള്‍പ്പെടുന്ന ജനസംഖ്യയാണ് ഇന്ത്യയുടെ മറ്റൊരു ആകര്‍ഷണം.
2022ല്‍ ഇന്ത്യ ലോക ശക്തികളായ യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളെ ജിഡിപിയുടെ കാര്യത്തില്‍ പിന്തള്ളിയിരുന്നു. 2030ല്‍ ചിലപ്പോള്‍ ഇന്ത്യ ജര്‍മ്മനിയെയും പിന്നിലാക്കും. ജപ്പാന്‍ ഈ വര്‍ഷം തന്നെ ജിഡിപിയുടെ കാര്യത്തില്‍ നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും. ഇപ്പോള്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന ജര്‍മ്മനിയാണ് ജപ്പാനെ പിന്തള്ളി ഇപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരുന്നത്. ഐഎംഎഫ് പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരമാണിത്.
എമര്‍ജിംഗ് വിപണികളില്‍ കുതിച്ചുയരുന്നത് ഇന്ത്യ
എമര്‍ജിംഗ് വിപണികളില്‍ ഇന്ത്യയാണ് എല്ലാവരേയും നിഷ്പ്രഭമാക്കുന്ന സാമ്പത്തിക ശക്തി. സ്വകാര്യ മേഖലയിലെ വില്‍പന രാജ്യത്ത് പൊടിപൊടിക്കുകയാണ്. കഴിഞ്ഞ 13 വര്‍ഷത്തെ കണക്കെടുത്താന്‍ സ്വകാര്യമേഖലയുടെ വില്‍പനയുടെ കാര്യത്തില്‍ രണ്ടാമത്തെ അതിവേഗ വളര്‍ച്ചയാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്. ഇതിനു പുറമെയാണ് വിദേശരാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ സ്വകാര്യ കമ്പനികളുടെ വിപുലീകരണം. റഷ്യയ്‌ക്ക് നല്ല സാമ്പത്തിക വളര്‍ച്ചയുണ്ടെങ്കിലും ഉക്രൈന്‍ യുദ്ധം വിലങ്ങുതടിയായി. ചൈനയുടെ ലോകം കീഴടക്കാനുള്ള മോഹം ഇപ്പോള്‍ തളര്‍ച്ചയിലാണ്. ബ്രസീലാകട്ടെ സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴുതിപ്പോയി- സ്റ്റാന്‍ഡേഡ് ആന്‍റ് പുവേഴ്സ് റിപ്പോര്‍ട്ട് പറയുന്നു.
ആഗോള സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാണിപ്പോള്‍. കഴിഞ്ഞ എട്ടുമാസത്തേതിനേക്കാള്‍ വേഗം കുറഞ്ഞിരിക്കുകയാണ്. ചിലപ്പോള്‍ കുടൂതല്‍ മോശമായ തിരിച്ചടിയും ആഗോള സാമ്പത്തിക മേഖല നേരിടേണ്ടതായി വരുമെന്നും സ്റ്റാന്‍ഡേഡ് ആന്‍റ് പുവേഴ്സ് താക്കീത് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: