ചെന്നൈ: ഗൗതമി തെറ്റിദ്ധരിച്ചതാണെന്നും, യഥാര്‍ത്ഥത്തില്‍ പാര്‍ട്ടി അവരുടെ പക്ഷത്താണെന്നും അണ്ണാമലൈ പറഞ്ഞു. ഗൗതമിയുടെ സ്വത്തുക്കള്‍ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത സമയത്ത് ബിജെപി ഗൗതമിയെ പിന്തുണച്ചിരുന്നതായും അണ്ണാമലൈ പറഞ്ഞു.
തിങ്കളാഴ്ച രാവിലെയാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയാണെന്ന് ഗൗതമി പ്രഖ്യാപിച്ചത്. വ്യക്തിപരമായി പ്രശ്നങ്ങള്‍ നേരിട്ടപ്പോള്‍ പാര്‍ട്ടി പിന്തുണ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടിയുടെ രാജി. വിശ്വാസ വഞ്ചനകാണിച്ച് തന്റെ സ്വത്തുക്കള്‍ തട്ടിയെടുത്ത സി. അഴകപ്പനെ പാര്‍ട്ടി അംഗങ്ങള്‍ പിന്തുണച്ചുവെന്നും രാജിക്കത്തില്‍ ഗൗതമി ആരോപിച്ചിരുന്നു.
‘ഞാന്‍ ഗൗതമിയുമായി ഫോണില്‍ സംസാരിച്ചു, വളരെ വേഗത്തില്‍ നടപടിയെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഞങ്ങള്‍ അവരെ പിന്തുണച്ചിരുന്നു, എന്നാല്‍ ഇപ്പോള്‍ ചില ബിജെപി പ്രവര്‍ത്തകര്‍ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി അവര്‍ കരുതുന്നു. ആരും പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നില്ല. അത് തെറ്റിദ്ധാരണയാണ്. പോലീസ് ഇത് പരിശോധിച്ച് നടപടിയെടുക്കണം. പ്രതിയെ സംരക്ഷിക്കാന്‍ ബിജെപിയില്‍ ആരും ശ്രമിക്കുന്നില്ല, പ്രതിക്ക് ബിജെപിയുമായി ബന്ധമില്ല. 25 വര്‍ഷമായി അയാള്‍ ഗൗതമിക്കൊപ്പം സുഹൃത്തായി ഉണ്ടായിരുന്നു, ഗൗതമിയും ആ വ്യക്തിയും തമ്മിലാണ് കേസ്, പാര്‍ട്ടി എന്നും ഗൗതമിക്കൊപ്പമാണ്’ കെ അണ്ണാമലൈ പറഞ്ഞു.
25കോടിയുടെ സ്വത്ത് വ്യാജരേഖകള്‍ ഉപയോഗിച്ച് തട്ടിയെടുത്തെന്ന് ആരോപിച്ചാണ് ഗൗതമി ചെന്നൈ പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. ബില്‍ഡറായ അഴഗപ്പന്‍, അയാളുടെ ഭാര്യ എന്നിവര്‍ക്കെതിരെയായിരുന്നു പരാതി. തന്റെ 46 ഏക്കര്‍ ഭൂമി വില്ക്കാന് സഹായിക്കാമെന്ന് അഴഗപ്പനും ഭാര്യയും വാഗ്ദാനം ചെയ്തു. അവരെ വിശ്വസിച്ച് പവര്‍ ഒഫ് അറ്റോര്‍ണി നല്കി. അഴഗപ്പനും കുടുംബവും തന്റെ ഒപ്പ് ഉപയോഗിച്ചും വ്യാജരേഖ ചമച്ചും 25 കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുത്തെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. തനിക്കും മകള്‍ക്കും വധ ഭീഷണി ഉണ്ടെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.
തന്റെ സ്വത്തുക്കള്‍ തട്ടിയെടുത്ത വ്യക്തിയെ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗങ്ങള്‍ സഹായിക്കുന്നുവെന്നാരോപിച്ചാണ് ഗൗതമി ബിജെപിയില്‍ നിന്നും രാജിവെച്ചത്. കഴിഞ്ഞ 25 വര്‍ഷമായി താന്‍ ബിജെപി അംഗമാണെന്നും ആത്മാര്‍ത്ഥമായ പ്രതിബദ്ധതയോടെയാണ് പ്രവര്‍ത്തിച്ചതെന്നും ചൂണ്ടിക്കാട്ടിയ ഗൗതമി, താന്‍ വ്യക്തിപരമായ പ്രതിസന്ധി നേരിട്ടപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും നേതാക്കളില്‍ നിന്നും ആവശ്യമായ പിന്തുണ ലഭിച്ചില്ലെന്നുമാണ് എക്സില്‍ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: