ദത്തനും ബാലനും പറഞ്ഞതിനെക്കുറിച്ചാണ് പറയുന്നത്. ആരാണ് ദത്തന്‍, ആരാണ് ബാലന്‍ എന്ന് ആര്‍ക്കും ഇപ്പോള്‍ പറയാതെ അറിയാം; എങ്കിലും പറയാം, ഒരാള്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവ്. മറ്റൊരാള്‍ മുഖ്യമന്ത്രിയുടെ സകല രഹസ്യങ്ങളും സൂക്ഷിക്കുന്ന ചാവേറായ സംരക്ഷകന്‍. പക്ഷേ, അത്രയുമല്ല, ഇവരില്‍ രണ്ടുപേരിലും ആവേശിച്ചിരിക്കുന്ന ‘പിണറായിത്തം’ എന്നതാണ് എന്റെ നിരീക്ഷണം. അത് ചെറിയ കാര്യമല്ലതന്നെ.
എ.കെ. ബാലന്‍ ചില്ലറക്കാരനല്ല. വിദ്യാര്‍ത്ഥി ജീവിതക്കാലത്തേ കമ്മ്യൂണിസ്റ്റ് രാഷ്‌ട്രീയത്തില്‍. ലോക്‌സഭയില്‍ എംപി, നിയമസഭാംഗം. രണ്ടുവട്ടം സംസ്ഥാനത്ത് മന്ത്രി. ദേവസ്വം, എസ്‌സിഎസ്ടി, വൈദ്യുതി, നിയമം, സാംസ്‌കാരിക വകുപ്പ് എന്നീ പ്രധാന വകുപ്പുകള്‍ക്ക് മന്ത്രിയായിരുന്നു. പ്രത്യേകം ശ്രദ്ധിക്കണം ആ രണ്ടു വകുപ്പുകള്‍; നിയമവകുപ്പും വൈദ്യുതി വകുപ്പും.
എന്തുകൊണ്ട് ഈ വകുപ്പുകള്‍? കാരണമുണ്ട്, അവയിലാണ് കേരളം മാത്രമല്ല, ലോകരാജ്യങ്ങള്‍ പോലും ശ്രദ്ധിക്കുന്ന എസ്എന്‍സി ലാവ്‌ലിന്‍ എന്ന കാനഡ കമ്പനിയുമായി ബന്ധപ്പെട്ട ഫയലുകളും നിയമ നടപടികളുടെ നൂലാമാലകളും ഉള്ളത്. അതിലാണ് പിണറായി വിജയന്‍ എന്ന നേതാവിന്റെ പൊതുജീവിതത്തിന്റെ വിധി ഊഴം കാക്കുന്നത്. അവിടെയാണ് എ.കെ. ബാലന്‍ ഭരിച്ചത്. അവിടെയാണ് ‘ഞാനൊരു ബാലന്‍ അശക്തനാണെങ്കിലും മാനിയാമെന്നുടെ കൈയിലുള്ള ഫയലുകളെ ഓര്‍ക്ക നീ’ എന്ന് സാംസ്‌കാരിക വകുപ്പും ഭരിച്ച മന്ത്രി മൂളിപ്പാട്ടു പാടിയത്. അങ്ങനെയാണ് ആദ്യം പാര്‍ട്ടി സെക്രട്ടറിയായിരിക്കെയും പിന്നീട് മന്ത്രിയായിരിക്കെയും ‘ബാലന്‍-പിണറായി ബോണ്ട്’ കൂടുതല്‍ ശക്തമായത്. ബാലന്‍ സ്വയം പിണറായിയേയും പിണറായി സ്വയം ബാലനേയും ഏറെ സംരക്ഷിച്ചു തുടങ്ങിയത്. മറ്റാര്‍ക്കും കിട്ടാത്ത അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷണവും അവര്‍ക്കിടയില്‍ പരസ്പരം രൂപപ്പെട്ടു. സംസ്‌കൃത നാടകമായ ‘ഭഗവദജ്ജുഗ’ത്തിലെപ്പോലെ പരകായ പ്രവേശം പോലും സംഭവിച്ചു. ചിലപ്പോള്‍ ആരെങ്കിലും പിണറായിയോട് ചോദിച്ചാല്‍ ബാലന്‍ മറുപടി പറയുന്ന സ്ഥിതി വരെയെത്തി. കൃത്യമായ ഒരു മറുപടി സുപ്രീംകോടതിയില്‍ പറയാന്‍ സിബിഐക്ക് പോലും കഴിയാത്ത സ്ഥിതിയിലെത്തിച്ചു.
പക്ഷേ, കഴിഞ്ഞ കുറേ നാളുകളായി, പിണറായി വിജയനോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ബാലന്‍ പോലും കൃത്യമായി മറുപടി നല്‍കുന്നില്ല. കോഴയുടെ മാസപ്പടിക്കുറിപ്പിലെ ‘പി വി’ ഞാനല്ല, എന്ന് ഉറപ്പിച്ച് പറയാനോ അത് ഇന്നയാളാണെന്ന് പറയാനോ ഇരുവര്‍ക്കും ഔദ്യോഗികമായി കഴിയുന്നില്ല. പക്ഷേ, ബാലനേയും പിണറായിയേയും ഊണിലും ഉറക്കത്തിലും ‘ഇ ഡി’ എന്ന എന്‍ഫോഴ്‌സ്‌മെന്റ്ഡയറക്ടറേറ്റ് പിന്‍തുടരുന്നുണ്ട്. അതിനാലാണ്, കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ എ.കെ. ബാലന്‍ ചില മുന്നറിയിപ്പ് പാര്‍ട്ടി അണികള്‍ക്കും നേതാക്കള്‍ക്കും നല്‍കിയത്. ബാലന്റെ പ്രസംഗം കോഴിക്കോട്ട്, കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിലായിരുന്നു:
”കെഎസ്എഫ്ഇയിലും ഇ ഡി വന്നേക്കാം. മുമ്പ് ഇവിടെ 25 കോടിയുടെ വെട്ടിപ്പ് നടന്നിട്ടുണ്ട്. സമാനസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത വേണം. കരുവന്നൂര്‍ തട്ടിപ്പ് പുറത്തുവരുന്നതിനും മുമ്പ് കെഎസ്എഫ്ഇയില്‍ പ്രശ്‌നം ഉണ്ടായിട്ടുണ്ട്. കുറച്ചുകാലം മുമ്പാണ് കെഎസ്എഫ്ഇ കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ 25 കോടിയുടെ വെട്ടിപ്പ് നടന്നത്. 24 പ്രതികളില്‍ 21 പ്രതികളും ഇവിടെ നിന്നുള്ളവരായിരുന്നു. അതില്‍ ഭൂരിപക്ഷവും നിരപരാധികളായിരുന്നു. 10 വര്‍ഷം നീണ്ടുനില്‍ക്കുന്ന തട്ടിപ്പ് എപ്പോഴാണ് കണ്ടെത്തുന്നത്. അത് അവിടെമാത്രം നില്‍ക്കും എന്ന് ധരിക്കരുത്. കരുവന്നൂര്‍ തുടങ്ങുന്നതിനേക്കാള്‍ മുമ്പുതന്നെ നമ്മള്‍ ഇവിടെ തുടക്കം കുറിച്ചുകാണിച്ചവരാണ്, അത് മറക്കരുത്. സഹകരണ വകുപ്പില്‍ നിന്ന് ഓഡിറ്റിനുവന്ന രണ്ട് ഉദ്യോഗസ്ഥരെ എങ്ങനെയാണ് തട്ടിപ്പുകാര്‍ക്ക് വിലയ്‌ക്കെടുക്കാന്‍ സാധിച്ചത്. നമ്മള്‍ നോക്കി നിന്നില്ലേ. ഇവിടെയും ഇന്നല്ലെങ്കില്‍ നാളെ അതുവരും. അത് സ്ഥാപനത്തെ ബാധിക്കും,” ബാലന് ഉറക്കം ഇല്ലാതായിട്ട് നാളേറെയായിട്ടുണ്ടാവണം. ബാലന്റെ ആത്മാവാകുകയും ബാലന്റെ ആത്മാവ് കൂടുകയറുകയും ചെയ്യുന്ന പിണറായിയും ഇ ഡിയെ പേടിച്ച് ഉറങ്ങുന്നുണ്ടാവില്ല.
ബാലന്‍ പറഞ്ഞത് വാസ്തവമാണ്. വസ്തുതയാണ്. നുണപറയാന്‍ തയാറായി വന്ന പത്രസമ്മേളനത്തിലോ, മാധ്യമങ്ങള്‍ മൈക്കു മൂക്കില്‍ ഇടിപ്പിച്ചപ്പോള്‍ പറഞ്ഞതോ അല്ല. സ്വന്തം സഖാക്കള്‍ക്കു മുന്നില്‍ മനസ്സു തുറന്നതാണ്. അതായത്, നമ്മള്‍ പണ്ടുചെയ്ത താന്തോന്നിത്തങ്ങളും അഴിമതികളും ഭരണ ദുഷ്‌ചെയ്തികളും പുറത്തുവന്ന് പശ്ചിമ ബംഗാളില്‍ എങ്ങനെയാണോ നമ്മുടെ നേതാക്കളെ ഇല്ലാതാക്കിയത്, ഭരണത്തിന് പുറത്താക്കിയത്, അതുപോലുള്ള സാഹചര്യം ഇവിടെയും വരുന്നുവെന്ന് ജാഗ്രതാനിര്‍ദ്ദേശം നല്‍കുകയായിരുന്നു ബാലന്‍.
പക്ഷേ, അത് കേരളം ചര്‍ച്ചചെയ്തില്ല. ബാലന്‍ ഓടുന്ന പട്ടിക്ക് ഒരുമുഴം നീട്ടിയെറിഞ്ഞതാണ്, കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് വരുത്തി ഇരയാകാനും രക്തസാക്ഷി പരിവേഷത്തില്‍ രക്ഷപ്പെടാനും ശ്രമിക്കുകയാണ് എന്നെല്ലാം ചിലര്‍ വിലയിരുത്തി. പക്ഷേ, കരുവന്നൂരിന് മുമ്പ് കെഎസ്എഫ്ഇയില്‍ നമ്മള്‍ സഖാക്കള്‍ തട്ടിപ്പു നടത്തിയെന്ന വിവരം ഒരു സംസ്ഥാന മുന്‍ മന്ത്രിയാണ് പറഞ്ഞത്. ആ തട്ടിപ്പില്‍പെട്ട 22 പ്രതികളില്‍ ചിലര്‍ നിരപരാധികളായിരുന്നുവെന്ന് പറഞ്ഞാല്‍, ചിലര്‍ അപരാധികളാണെന്നര്‍ത്ഥമുണ്ടല്ലോ; തട്ടിപ്പ് നടത്തിയെന്നും. അപ്പോള്‍ ഇ ഡിക്ക് കയറാന്‍ പറ്റിയ സ്ഥലമാണ് കെഎസ്എഫ്ഇ എന്ന് ഈ മുന്‍ മന്ത്രി പറയുകയായിരുന്നു. ബാലന്‍ പറഞ്ഞത് പിണറായിയുടെ പരകായപ്രവേശ വേളയിലാകാനാണ് സാധ്യത. അതായത് ‘പിണറായിവാക്കു’കളായിരുന്നു ബാലന്റേത്. ഇനി ഇ ഡി വേണം തീരുമാനിക്കാന്‍, ബാലനെ വിളിച്ചന്വേഷിക്കണോ കെഎസ്എഫ്ഇയിലേക്ക് നേരിട്ട് പോകണമോ എന്ന്.
ആരാണ് ഈ ദത്തന്‍? എം.സി. ദത്തനാണ്. എം. ചന്ദ്ര ദത്തനാണ്. 43 വര്‍ഷം വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തില്‍ ജോലിചെയ്ത്, ശ്രീഹരിക്കോട്ടയില്‍ 30 ലധികം വിക്ഷേപണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ, 2014ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചയാളാണ് ദത്തന്‍. 2016ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെയാണ് ഈ വര്‍ക്കല സ്വദേശിയെ സ്വന്തം ശാസ്ത്ര ഉപദേഷ്ടാവായി നിയമിച്ചത്. അതിനുശേഷം ഈ കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തെ ‘കേരളം’ കാണുന്നത്, കേള്‍ക്കുന്നത്. കണ്ടപ്പോള്‍ ആളെ തിരിച്ചറിയാഞ്ഞ്, കേരള പോലീസ് ശാസ്‌ത്രോപദേശകനെ തടഞ്ഞുവെച്ചു. തിരിച്ചറിഞ്ഞ വിവേകശാലികളായ മാധ്യമപ്രവര്‍ത്തകര്‍ പോലീസിനെ ധരിപ്പിച്ച് പോലീസ് ‘തടങ്കലില്‍നിന്ന്’ മോചിപ്പിച്ചു. മോചിപ്പിച്ചവര്‍ അവരുടെ തൊഴിലിന്റെ ഭാഗമായി, ആ സംഭവത്തെക്കുറിച്ച് ചോദിച്ചു. ഉടന്‍ ‘പത്മ ശ്രീ’ ശാസ്ത്രജ്ഞന്റെ മറുപടി വന്നു:”നിനക്കൊക്കെ വേറെ പണിയില്ലേഡേ.., ഇതിനെക്കാളും നിനക്കൊക്കേ തെണ്ടാന്‍ പോയ്‌ക്കൂടെ…” പൊതു മധ്യത്തില്‍ നാണം കെട്ട തന്നെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നുണ്ടായ നിരാശയാണാ വാക്കുകളിലെന്നു തോന്നാം.
പക്ഷേ അതല്ല. അതുപറയും മുമ്പ്, ഈ ‘പത്മശ്രീ’ ജോലിചെയ്ത ബഹിരാകാശ ശാസ്ത്രഗവേഷണ വികസന സ്ഥാപനത്തില്‍ ജോലിക്കാരനായിരുന്ന ഒരാളുടെ പേര് ഓര്‍മ്മിപ്പിക്കട്ടെ: എ.പി.ജെ. അബ്ദുള്‍ കലാം. അദ്ദേഹത്തെയാണ് പോലീസ് തടഞ്ഞുവെച്ചിരുന്നതെന്നു കരുതുക. കൈയും കെട്ടി അവിടെ നിന്നേനെ. പിന്നീട് അവിടെനിന്ന് മോചിപ്പിക്കപ്പെട്ടുവെന്ന് കരുതുക. അപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നെങ്കില്‍ എന്തു പറയുമായിരുന്നു? ഇങ്ങനെ പറഞ്ഞേനെ:
”വിഷമിക്കാനൊന്നുമില്ല. അവര്‍ അവരുടെ ഡ്യൂട്ടി ചെയ്തു. നിങ്ങള്‍ നിങ്ങളുടെ ഡ്യൂട്ടിചെയ്തു. ഞാന്‍ എന്റെ ഡ്യൂട്ടി ചെയ്യട്ടെ. നമുക്ക് നമ്മുടെ ഡ്യൂട്ടികള്‍ ചെയ്യാം.’ ഇതുപറഞ്ഞ് ചിരിച്ചുകൊണ്ട് കൈവീശി നടന്നു പോയേനെ. ചിലപ്പോള്‍ തിരുക്കുറളിലെ നാലുവരിയും പാടിയേനെ. ഏറ്റു പാടിച്ചേനെ. അങ്ങനെയുള്ള മനസ്സുള്ളതിനാലാണ് അദ്ദേഹം രാഷ്‌ട്രപതിയായത്, ഭരതരത്‌നമായത്. അടല്‍ ബിഹാരി വാജ്‌പേയിയാണ് കലാമിനെ കണ്ടെത്തിയത്. ആ സമ്പര്‍ക്കത്തിലെത്തിയപ്പോഴാണ് അദ്ദേഹം കൂടുതല്‍ ഉയര്‍ന്നത്.
പിണറായി വിജയന്റെ സമ്പര്‍ക്കത്തില്‍, ഉപദേശകനായപ്പോഴാണ് ഒരിക്കല്‍ ‘പത്മശ്രീ’ ആയിരുന്ന ദത്തന്‍ ഇങ്ങനെയൊക്കെയായതെന്ന് പറയാന്‍ കഴിയില്ല; പക്ഷേ സംശയിക്കാം. കാരണം, മാധ്യമപ്രവര്‍ത്തകരോട് ആക്രോശിക്കാന്‍, ‘കടക്കൂ പുറത്തെ’ന്ന് പറയാന്‍, ഒരു പത്രാധിപരെ ‘എടോ ഗോപാലകൃഷ്ണാ’ എന്ന് വിളിച്ച് പൊതു വേദിയില്‍ സംസാരിക്കാന്‍ മടികാണിക്കാത്തയാളിന്റെ ഉപദേശകനോ ഉപദേശം സ്വീകരിക്കുന്നയാളോ ഒക്കെയായാല്‍ ഇങ്ങനെയൊക്കെ സംഭവിക്കാനും സാധ്യത ഇല്ലാതില്ല. സ്വപക്ഷത്തുനിന്ന് എതിര്‍പക്ഷത്തുപോയ ഒരു ജനപ്രതിനിധിയെ ‘പരനാറി’യെന്ന് വിശേഷിപ്പിച്ചയാളിന്റെ സമ്പര്‍ക്കം ഒരിക്കലും ആര്‍ക്കും സാംസ്‌കാരിക ഉന്നമനത്തിന് സഹായിക്കാന്‍ ഇടനല്‍കില്ലല്ലോ.
പിന്‍കുറിപ്പ്:
നവരാത്രിക്കാലത്ത് സരസ്വതീ പൂജയാണ് കേരളത്തില്‍ പ്രധാനം. വാക്കാണ് പൂജിക്കപ്പെടുന്നത്. അക്ഷരങ്ങളാണല്ലോ, വാക്കാകുന്നത്. അക്ഷരം സനാതനമണല്ലോ. അക്ഷരങ്ങള്‍ ചേര്‍ന്നുള്ള വാക്കാണ് അര്‍ത്ഥവും അനര്‍ത്ഥവും ഉണ്ടാക്കുന്നത്. നല്ല വാക്ക് ഓതുവാന്‍ നല്ല വാക്ക് തോന്നിക്കണമല്ലോ. അതിന് നല്ല ബദ്ധിയുണ്ടാവട്ടെ. വാക്കേറ്റമില്ലാതെ, വാക്കൂറ്റമില്ലാതെ പുലരാന്‍ നവരാത്രി-വിജയ ദശമി ആശംസകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: