“ബിജെപിയാണ് എന്റെ കുടുംബം. അത് കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് മാറിയതിനുശേഷം മാത്രം സംഭവിച്ചതല്ല. ഞാന്‍ വളര്‍ന്ന വീട്, എന്റെ ചുറ്റുപാടുകള്‍ എല്ലാം ബിജെപിയുടെ ആദര്‍ശം നിറഞ്ഞതായിരുന്നു, കുടുംബമാണ്. എനിക്ക് ചുറ്റും ബിജെപിക്കൊപ്പമാണ് ഞാന്‍ വളര്‍ന്നത്. എന്റെ മുത്തശ്ശി, വിജയരാജെ സിന്ധ്യ ബിജെപിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു. എന്റെ അച്ഛന്, മാധവറാവു സിന്ധ്യ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് ബിജെപിയില്‍ ആയിരുന്നു… കോണ്‍ഗ്രസിലായിരുന്നപ്പോഴും ബിജെപിയിലെ പലരുമായും എനിക്ക് നല്ല ബന്ധമുണ്ടായിരുന്നു. ബിജെപി എന്നും എന്റെ വീടായിരുന്നു.”
ഗ്വാളിയോറിലെ പിച്ചോറില്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രിതം ലോധിയുടെ തെരഞ്ഞെടുപ്പ് യോഗത്തില്‍ തൊണ്ണൂറ് മിനിട്ട് കത്തിക്കയറിയതിന് ശേഷമുള്ള ഒരു മാധ്യമ അഭിമുഖത്തിലാണ് ജ്യോതിരാദിത്യ സിന്ധ്യ തുറന്നു പറഞ്ഞത്. ബിജെപി എന്നും എന്റെ വീടാണ്. ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ പോരാട്ടം സിന്ധ്യയ്ക്ക് രാഷ്ട്രീയം മാത്രമല്ല. ഗ്വാളിയോറിന്റെ രാജകുമാരന് തട്ടകത്തില്‍ പട നയിക്കുന്നത് പാര്‍ട്ടിയുടെ സമ്പൂര്‍ണ വിജയം ലക്ഷ്യമിട്ടുതന്നെയാണ്.
ഞാന്‍ സാധാരണ പ്രവര്ത്തകന്
ഭരണവിരുദ്ധതയെന്നത് മാധ്യമങ്ങള്‍ കാണുന്ന വെറും സ്വപ്നമാണെന്നും കോണ്‍ഗ്രസ് കാലത്ത് നിങ്ങള്‍ കണ്ട ബിമാരു(രോഗി) സ്റ്റേറ്റ് ഇപ്പോള്‍ ബെസിമല്‍(സമാനതകളില്ലാത്ത) സ്റ്റേറ്റായി മാറിയെന്നും സിന്ധ്യ പറഞ്ഞു. ഇത് മോദി-ചൗഹാന് ഇരട്ട എന്ജിന് ഭരണത്തിന്റെ കാലമാണ്. പാര്‍ട്ടി പറയുന്ന എല്ലായിടത്തും ഞാന്‍ പോകും. ഞാന്‍ മത്സരിക്കുമോ, പദവികളില്‍ വരുമോ തുടങ്ങിയതൊക്കെ നിങ്ങള്‍ മെനയുന്ന ചോദ്യങ്ങളാണ്. ഒരു സാങ്കല്പിക ചോദ്യത്തിനും ഉത്തരം പറയില്ല. ഞാനൊരു സാധാരണ പ്രവര്‍ത്തകനാണ്, സിന്ധ്യ പറഞ്ഞു.
ബിജെപി എല്ലാവര്ക്കും വേണ്ടി
കോണ്‍ഗ്രസ് ജാതി സെന്‍സസിനെ കുറിച്ച് പറയുന്നു, സര്‍ക്കാര്‍ ജോലികളില്‍ 27% ഒബിസി സംവരണം കൊണ്ടുവന്നത് കമല്‍നാഥല്ല, ചൗഹാനാണ്. ഒബിസി കമ്മിഷനെ എതിര്‍ത്തവരാണ് കോണ്‍ഗ്രസ്. മണ്ഡല് കമ്മിഷനെ എതിര്‍ത്തതും കോണ്‍ഗ്രസാണ്. വനിതാ സ്ഥാനാര്‍ത്ഥികളുടെയും യുവാക്കളുടെയും പുതുമുഖങ്ങളുടെയും ഒബിസി വിഭാഗത്തില്‍പ്പെട്ടവരുടെയും എണ്ണം കോണ്‍ഗ്രസിനേക്കാള്‍ വളരെ കൂടുതലാണ് ബിജെപി പട്ടികയില്‍.
സ്ത്രീ സുരക്ഷയുടെ സര്‍ക്കാര്‍
ലാഡ്ലി ബെഹ്ന പദ്ധതി സ്ത്രീ ശാക്തീകരണമാണ്. 1,250 രൂപ ഓരോ സ്ത്രീയുടെയും അക്കൗണ്ടിലേക്ക് ഇടനിലക്കാരില്ലാതെ പണം എത്തും. ഒരോ കര്‍ഷകനും മാസം 1,000 രൂപ ലഭിക്കും. ഈ തുക മൂവായിരമായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. 1.31 കോടി ‘ലാഡ്ലി ബെഹ്ന ഉപഭോക്താക്കള്‍ ഉണ്ട്. സംസ്ഥാനത്തിന്റെ ജിഡിപി 15 വര്‍ഷത്തിനിടെ 10 മടങ്ങാണ് വളര്‍ന്നത്.
മോദിജിയുടെ പാര്‍ട്ടിയല്ലാതെ മറ്റെന്ത്?
എന്നെ കോണ്‍ഗ്രസ് വഞ്ചകനെന്ന് വിളിക്കുന്നു. ഇപ്പോള്‍ അഖിലേഷ് അതിന് മറുപടി പറയുന്നുണ്ടല്ലോ. എന്നെ ഓര്‍ത്ത് ഉറക്കം നഷ്ടമായെങ്കില്‍ അത് അവരുടെ മാത്രം പ്രശ്നമാണ്. ആ സമയത്ത് ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്തിരുന്നെങ്കില്‍ പത്ത് വോട്ട് കിട്ടിയേനെ. നരേന്ദ്ര മോദിജിയെപ്പോലെ രാജ്യത്തിന്റെ വികസനത്തെ കുറിച്ച് മാത്രം ചിന്തിക്കുന്ന ഒരു നേതാവുണ്ടെങ്കില്‍ എന്നെപ്പോലെ ഒരാള്‍ മറ്റെന്ത് ചിന്തിക്കണം. എന്റെ തെരഞ്ഞെടുപ്പ് ശരിയാണ്. രാജ്യം വികസിക്കുകയാണ്. ലോകശക്തിയാവുകയാണ്.
മറുവശത്ത്, കോണ്‍ഗ്രസ് ജീര്‍ണാവസ്ഥയിലാണ്. അവര്‍ക്ക് കഴിവുള്ളവരെ മാനിക്കാനറിയില്ല. കസേരയല്ലാതെ മറ്റൊന്നും അവര്‍ക്ക് വേണ്ട. ആരുമില്ലെങ്കിലും കസേര മതി. അത് വെറും കുര്‍സി പാര്‍ട്ടിയാണ്, ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: