ബെംഗളൂരു: ഇന്‍ഫോസിസ് ഫൗണ്ടേഷന് ചെയര്‍പേഴ്സണ്‍ സുധമൂര്‍ത്തിയുടെ പേരില്‍ അഞ്ച് ലക്ഷം രൂപ തട്ടിയ വൈദികന് അറസ്റ്റില്‍. മല്ലേശ്വരം സ്വദേശി അരുണ്‍കുമാര്‍ (34) ആണ് അറസ്റ്റിലായത്.
സുധാമൂര്‍ത്തിയുടെ പേര് ദുരുപയോഗം ചെയ്ത കേസുകളുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകള്‍ക്കെതിരെ കേസെടുത്തിരുന്നു. അന്വേഷണത്തില്‍ തട്ടിപ്പിന്റെ മുഖ്യആസൂത്രകന് അരുണ്‍കുമാറാണെന്ന് തെളിഞ്ഞു.
നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ കന്നട കൂട്ട 50ാം വാര്‍ഷിക പരിപാടിയില്‍ സുധാമൂര്‍ത്തിയെ പങ്കെടുപ്പിക്കാമെന്ന് അരുണ്‍കുമാര്‍ ഉറപ്പ് നല്‍കിയിരുന്നു. അത് ശേഷം സംഘാടകരില്‍ നിന്നും അഞ്ച് ലക്ഷം രൂപയും വാങ്ങി. പക്ഷെ സുധാമൂര്‍ത്തി നേരത്തെത്തന്നെ കന്ന കൂട്ടയുടെ ക്ഷണം നിരസിച്ചിരുന്നു.
അരുണ്‍കുമാറിന്റെ കൂട്ടാളിയായ സ്ത്രീയുടെ സഹായത്തോടെയാണ് പണം തട്ടിയെടുത്തതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരിക്കുകയാണ്. സുധാമൂര്‍ത്തി മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് അറിയിക്കുന്ന ഫോട്ടോ ഉള്‍പ്പെടെയുള്ള പോസ്റ്ററുകള്‍ സമൂഹമാധ്യമപോസ്റ്റുകളും പുറത്തുവന്നപ്പോഴാണ് സംഭവം പുറത്തായത്.
സുധാമൂര്‍ത്തിയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് മമത സഞ്ജയ് നല്കിയ പരാതിയില്‍ ജയനഗര്‍ പൊലീസ് അരുണ്‍കുമാറിനെ അറസ്റ്റ് ചെയ്തു. ജയ, ശ്രുതി എന്നിവരാണ് മറ്റ് പ്രതികള്‍.
വൈദികന് പറയുന്ന കഥ
യുഎസില്‍ ജോലി ചെയ്യുന്ന സുഹൃത്തിനോട് പ്രതികാരം ചെയ്യാനാണ് താന്‍ ഈ തട്ടിപ്പ് നടത്തിയത് എന്നാണ് വൈദികന്റെ ന്യായം. തന്റെ സുഹൃത്ത് പത്ത് വര്‍ഷം മുന്‍പ് യുഎസില്‍ പോയിരുന്നു. അവിടെ എത്തിയതിന് ശേഷം ഇതുവരെയും വൈദികനെ വിളിച്ചില്ല. ഇത് വൈദികനെ വേദനിപ്പിച്ചിരുന്നു. അതിനിടെ അവിടുത്തെ ഒരു ചടങ്ങിന് സുധാമൂര്‍ത്തിയെ വിളിക്കണമെന്ന ആവശ്യം വന്നപ്പോള്‍ ഈ സുഹൃത്ത് വൈദികന് അരുണ്‍കുമാറിനെ വിളിച്ചു. ഇത് പ്രതികാരം ചെയ്യാനുള്ള അവസരമായി അരുണ്‍കുമാര്‍ ഈ അവസരത്തെ കണ്ടു. അരുണ്‍ കുമാര്‍ സംഘാടകരില്‍ നിന്നും പണം വാങ്ങിയതല്ലാതെ സുധാര്ത്തിയെ കൊണ്ടുപോകാനൊന്നും തയ്യാറായില്ല. പിന്നീട് പരിപാടിയുടെ പോസ്റ്റ് കണ്ട് സുധാമൂര്‍ത്തിയുടെ അസിസ്റ്റന്റ് ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് വെളിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: