മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി.ദത്തന് അകാരണമായി മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കേറുകയും, നിന്ദ്യമായ ഭാഷയില്‍ അവരെ അധിക്ഷേപിക്കുകയും ചെയ്ത നടപടി അത്യന്തം അപലപനീയമാണ്. യുഡിഎഫിന്റെ ഉപരോധ സമരത്തിനിടെ ബാരിക്കേഡ് വച്ച് കാവല്‍നിന്നിരുന്ന പോലീസുകാര്‍ക്ക് മനസ്സിലാവാതിരുന്നതിനാല്‍ ദത്തനെ സെക്രട്ടറിയേറ്റിലേക്ക് കടത്തിവിട്ടിരുന്നില്ല. ഇതില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ എന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ദത്തന് അനാവശ്യമായി പ്രകോപിതനാവുകയായിരുന്നു. നിനക്കൊക്കെ ഒരു പണിയുമില്ലെങ്കില്‍ തെണ്ടാന്‍ പോയിക്കൂടേ എന്നാണ് ദത്തന് രോഷാകുലനായി ചോദിച്ചത്. ദത്തനെ പോലീസുകാര്‍ ആളറിയാതെ തടഞ്ഞപ്പോള്‍ സഹായിക്കാനെത്തിയതായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവാണെന്ന് അവരാണ് പോലീസുകാരെ പറഞ്ഞുമനസ്സിലാക്കിയത്. ഇങ്ങനെയാണ് ദത്തനെ സെക്രട്ടറിയേറ്റിലേക്ക് കടത്തിവിട്ടതും. എന്നിട്ടാണ് ഇയാള്‍ നന്ദികേട് കാണിച്ചത്. വ്യക്തിപരമായി ദത്തന് ആരുമായിക്കൊള്ളട്ടെ. സാംസ്കാരിക നിലവാരമില്ലാത്തയാളും അസഹിഷ്ണുവുമൊക്കെയായിരിക്കാം. പക്ഷേ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എന്നത് വളരെ ഉയര്‍ന്ന പദവിയാണ്. ഈ പദവിയിലിരുന്നുകൊണ്ട് ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്ന് ശമ്പളം പറ്റുന്ന ഒരാള്‍ക്ക് മാന്യമായി പെരുമാറുകയും സംസാരിക്കുകയും ചെയ്യാനുള്ള ഉത്തരവാദിത്വമുണ്ട്. ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ചയാണ് ദത്തനില്നിന്ന് ഉണ്ടായിരിക്കുന്നത്. തെറ്റ് മനസ്സിലാക്കി ഖേദം പ്രകടിപ്പിക്കാനുള്ള മാന്യതയെങ്കിലും കാണിക്കണം.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേശകനായിരിക്കുമ്പോള് ദത്തനെപ്പോലുള്ളവര് ഇങ്ങനെയൊക്കെ പെരുമാറുന്നതില്‍ അതിശയോക്തിയില്ല. യാഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായല്ല, മാധ്യമ ഉപദേഷ്ടാവായാണ് ദത്തന് പ്രവര്‍ത്തിക്കുന്നതെന്ന് പറയേണ്ടിവരും. കാരണം ഈ മുഖ്യമന്ത്രിയാണല്ലോ മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തിയശേഷം ‘കടക്ക് പുറത്ത്’ എന്ന് ആക്രോശിച്ച് ആട്ടിയോടിച്ചത്. വാര്‍ത്ത കൊടുത്താല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുന്ന നിയമം കൊണ്ടുവരാന്‍ പോലും ഒരു ഘട്ടത്തില്‍ പിണറായി സര്‍ക്കാര്‍ ശ്രമം നടത്തുകയുണ്ടായല്ലോ. മാധ്യമപ്രവര്‍ത്തകരെ പോലീസുകാരെക്കൊണ്ട് തല്ലിക്കാനും, മാധ്യമസ്ഥാപനങ്ങളിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരെ പറഞ്ഞയച്ച് അക്രമങ്ങള്‍ കാണിക്കാനും മടിക്കാത്ത സര്ക്കാരുമാണല്ലോ. യജമാനന് ഇങ്ങനെയൊക്കെ ആവാമെങ്കില്‍ തനിക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്നാവും ദത്തനെപ്പോലുള്ളവരുടെ ചിന്ത. സംസ്ഥാനത്ത് ഇങ്ങനെയൊരു സംഭവമുണ്ടായിട്ടും മുഖ്യമന്ത്രിയോ സിപിഎമ്മോ പ്രതികരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. മാധ്യമപ്രവര്‍ത്തകര്‍ ഇതൊക്കെ അര്‍ഹിക്കുന്നുണ്ട് എന്ന മനോഭാവമാണ് ഇതിനു കാരണം. ഇനി പ്രതികരിക്കാന്‍ നിര്ബന്ധിരായാല് ഉപദേശകരുടെ പ്രവൃത്തികള്‍ക്ക് മുഖ്യമന്ത്രിയും സര്‍ക്കാരും ഉത്തരവാദികളല്ലെന്നാവും കണ്ടുപിടുത്തം. വ്യക്തികളെയും ജനങ്ങളെയും സമൂഹത്തെയും ബാധിക്കുന്ന പല പ്രശ്നങ്ങളിലും ഇതുതന്നെയാണ് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും സമീപനം. എത്ര വലിയ തെറ്റും അവര്‍ക്ക് ഒറ്റപ്പെട്ട സംഭവമാണ്. ഇത് ആവര്‍ത്തിക്കുന്നതില്‍ ഇക്കൂട്ടര്‍ യാതൊരു അസ്വാഭാവികതയും കാണുന്നില്ല.
അധികാരത്തിന്റെ ധാര്ഷ്ട്യത്തില് മാധ്യമപ്രവര്‍ത്തനത്തെ അങ്ങേയറ്റം മോശമായ ഒരു തൊഴിലായാണ് പിണറായി സര്‍ക്കാര്‍ കാണുന്നത്. സിപിഎമ്മിനും ഇതേ മനോഭാവമാണുള്ളത്. മാന്യവും സത്യസന്ധവുമായി മാധ്യമപ്രവര്‍ത്തനം നടത്തുന്നവരെ ഇക്കൂട്ടര്‍ ഇഷ്ടപ്പെടുന്നില്ല. മാധ്യമപ്രവര്‍ത്തനത്തെ അപലപിക്കാന്‍ ‘മാധ്യമ സിന്‍ഡിക്കേറ്റ്’ എന്നൊരു പ്രയോഗം പ്രചരിപ്പിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനാണല്ലോ. പാര്‍ട്ടിയിലെ വിഭാഗീയതയുടെ കാലത്ത് വി.എസ്. അച്യുതാനന്ദനെ പിന്തുണച്ച മാധ്യമങ്ങളെ നേരിടായിരുന്നു ഇത്. നിയമവും മാധ്യമധര്മവുമൊക്കെ അനുസരിക്കുന്ന മാധ്യമപ്രവര്‍ത്തകരെയല്ല, ഇവയൊന്നും വകവയ്ക്കാതെ വിഘടനവാദം വളര്‍ത്തുകയും, ദേശവിരുദ്ധപ്രവര്‍ത്തനം നടത്തുകയും, ഇതിനുവേണ്ടി വൈദേശിക ശക്തികളില്‍നിന്ന് പണം പറ്റുകയും ചെയ്യുന്ന ന്യൂസ് ക്ലിക്കുകളിലെ മാധ്യമവേഷധാരികളെയാണ് സിപിഎമ്മിനിഷ്ടം. ചൈനയില്‍നിന്ന് ഇടനിലക്കാരന് വഴി പണംപറ്റി രാജ്യതാല്‍പ്പര്യം അട്ടിമറിക്കുന്ന പ്രവര്‍ത്തനം നടത്തിയവര്‍ക്ക് സിപിഎമ്മിന്റെ ദേശീയ നേതാക്കളുമായുള്ള ബന്ധം വെളിപ്പെട്ടിരിക്കുകയാണല്ലോ. ഇത്തരം അഞ്ചാംപത്തികളെ സ്വന്തം വസതികളില്‍ താമസിപ്പിക്കാന്‍ പോലും ഇവര്‍ മടിച്ചിരുന്നില്ലെന്ന വിവരവും പുറത്തായിട്ടുണ്ട്. ജനപക്ഷത്തുനിന്ന് വാര്‍ത്തകള്‍ കൊടുക്കുന്നവരെ ഇവര്‍ക്ക് പരമപുച്ഛമാണ്. അവരെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യും. ഇതാണ് ദത്തനും ചെയ്തത്. മാധ്യമപ്രവര്‍ത്തനം യാചക വൃത്തിയെക്കാള്‍ താഴെയായി കാണുന്നവര്‍ക്കെതിരെ അവര്‍ നിലപാട് മാറ്റുന്നതുവരെ ശക്തമായി പ്രതിഷേധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: