തൃശ്ശൂര്‍: സമ്പാദ്യം കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച മുന്‍ ഉദ്യോഗസ്ഥന്‍ മനോവിഷമത്താല്‍ അയര്‍ലന്‍ഡില്‍ മരിച്ചു. പണമില്ലാത്തത് മൂലം മൃതദേഹം നാട്ടിലെത്തിക്കാനാകാതെ കുടുംബാംഗങ്ങള്‍. ഇരിങ്ങാലക്കുട പൊറത്തിശ്ശേരി ചിറ്റിലപ്പിള്ളി വിന്‍സെന്റ് (72) ആണ് അയര്‍ലന്‍ഡിലെ ദ്രോഡയില്‍ മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാന്‍ 12 ലക്ഷം രൂപ ചെലവുണ്ട്. അതിനായി അധികൃതരുടെ കനിവ് കാത്തിരിക്കുകയാണ് കുടുംബം. നാട്ടുകാര്‍ പണം പിരിച്ച് മൃതദേഹം എത്തിക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.
വിന്‍സെന്റിന് രാജസ്ഥാനില്‍ സ്വകാര്യ കമ്പനിയിലായിരുന്നു ജോലി. കൊല്ലം പത്തനാപുരം സ്വദേശിനിയായ ഭാര്യ താര രാജസ്ഥാനിലെ ഇന്‍ഡസ്ട്രിയല്‍ ആശുപത്രിയില്‍ നഴ്‌സായിരുന്നു. 28 വര്‍ഷം വിന്‍സെന്റും ഭാര്യയും രാജസ്ഥാനിലായിരുന്നു. 2002 ല്‍ വിരമിച്ച ശേഷം നാട്ടില്‍ വന്നപ്പോള്‍ ഉണ്ടായിരുന്ന പണമെല്ലാം കരുവന്നൂര്‍ സഹ. ബാങ്കില്‍ നിക്ഷേപിച്ചു. ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷനു സമീപ ഫോട്ടോസ്റ്റാറ്റ് കടയും തുടങ്ങി.
ഭാര്യ താരക്ക് 2005ല്‍ അയര്‍ലന്‍ഡിലെ ദ്രോഡയിലെ ലൂര്‍ദ് ആശുപത്രിയില്‍ ജോലി കിട്ടിയപ്പോള്‍ വിന്‍സെന്റ് അങ്ങോട്ട് പോയി. കിട്ടുന്ന പണമെല്ലാം കരുവന്നൂര്‍ ബാങ്കിലേക്ക് അയച്ചു കൊണ്ടിരുന്നു. 20 ലക്ഷം രൂപയിലേറെ ഇവര്‍ നിക്ഷേപിച്ചതായി പറയുന്നു.
പണത്തിന് പലിശ കിട്ടിയിരുന്നില്ല. തട്ടിപ്പ് വിവരം അറിഞ്ഞതോടെ മനോവിഷമത്താല്‍ വിന്‍സെന്റ് രോഗിയായി. രണ്ട് പ്രാവശ്യം സ്‌ട്രോക്ക് വന്നു. കഴിഞ്ഞ ദിവസം മരണത്തിനു കീഴടങ്ങി. മക്കള്‍ തുഷാര, അമൂല്യ, അഭയ. മരുമക്കള്‍ ശോഭന്‍, ടിനു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: