ബെംഗളൂരു: വിവേകാനന്ദനെ ആര്‍എസ്എസ് സിദ്ധാന്തങ്ങള്‍ക്ക് എതിരായ കമ്മ്യൂണിസ്റ്റ് സന്യാസിയാക്കി മാറ്റാന്‍ ശ്രമം. ‘വിവേകാനന്ദ ദ ഫിലോസഫര്‍ ഓഫ് ഫ്രീഡം’ (Vivekananda the Philosopher of Freedom) എന്ന പുസ്തകം രചിച്ച ജേണലിസ്റ്റ് ഗോവിന്ദ് കൃഷ്ണനാണ് (Journalist V. Govind Krishnan) ഇത്തരം വാദങ്ങള്‍ തന്റെ 899 പേജുള്ള പുസ്തകത്തില്‍ ഉയര്‍ത്തുന്നത്. കഴിഞ്ഞ ദിവസം കടുത്ത ആര്‍എസ് എസ് വിരോധികളായ ഇടത് ചരിത്രകാരന്മാരായ ഇര്ഫാന് ഹബീബ്, യോഗേന്ദ്ര യാദവ്, എന്‍.പി. ആഷ്ലി എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ ഗോവിന്ദ് കൃഷ്ണന് വിവേകാനന്ദനെക്കുറിച്ച് കേട്ടുകേള്‍വിയില്ലാത്ത വാദങ്ങളാണ് നിരത്തിയത്.
ഇന്ത്യയിലെയും ലോകത്തിലെയും ഇസ്ലാമിനെ സംരക്ഷിക്കാന്‍ വിവേകാനന്ദന് തുടര്‍ച്ചയായി വാദിച്ചിട്ടുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ ഒരു വാദം. സംഘപരിവാര്‍ മുറുകെപ്പിടിക്കുന്ന എല്ലാ ആശയങ്ങളെയും എതിര്‍ത്തിരുന്ന സന്യാസിയാണ് വിവേകാനന്ദന് എന്നും ഗോവിന്ദ് കൃഷ്ണന് സമര്‍ത്ഥിക്കുന്നു.
പശുവിനെ തിന്നരുത് എന്നത് പോലുള്ള പ്രാദേശിക ഭക്ഷണസംസ്കാരത്തെ മുറുകെപ്പിടിക്കുന്നവരെ വിവേകാനന്ദന് ഇഷ്ടമില്ലായിരുന്നുവെന്നും പുസ്തക രചയിതാവായ ഗോവിന്ദ് കൃഷ്ണന് പറയുന്നു. (പശുവിനെ കൊന്ന് തിന്നുന്നതില്‍ വിവേകാനന്ദ് വിരോധമില്ലായിരുന്നു എന്ന അര്‍ത്ഥം ധ്വനിയ്ക്കുന്ന തരത്തിലുള്ളതായിരുന്നു ഗോവിന്ദ് കൃഷ്ണന്റെ ഈ അഭിപ്രായപ്രകടനം.
ഭാരതത്തിലെ മതത്തിന്റെ പങ്കിനെക്കുറിച്ചുള്ള കാഴ്ചപ്പാട്, ഹിന്ദുമതത്തെക്കുറിച്ചുള്ള വ്യാഖ്യാനം, പടിഞ്ഞാറന്‍ രാജ്യങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാട്, വ്യക്തിമാഹാത്മ്യ വാദം എന്നിവയിലെല്ലാം ആര്‍എസ്എസിന് കടകവിരുദ്ധമായിരുന്നു വിവേകാന്ദന് എന്നും ഗോവിന്ദ് വാദിക്കുന്നു. വിവേകാനന്ദനെ ഒരു കടുത്ത ആര്‍എസ്എസ് വിരോധിയായ കമ്മ്യൂണിസ്റ്റ് എന്ന രീതിയില്‍ അവതരിപ്പിക്കാനാണ് ഗോവിന്ദ് പുസ്തകത്തില്‍ ശ്രമിച്ചിരിക്കുന്നത് എന്നര്‍ത്ഥം.
വിവേകാനന്ദന് ഒരു അഭിമാനിയായ ഹിന്ദു ആയിരുന്നെങ്കിലും മറ്റ് മതങ്ങളില്‍ നിന്നും വ്യത്യസ്തമായി ഹിന്ദു മതത്തില്‍ എന്തെങ്കിലും ഉണ്ടെന്ന് വിവേകാനന്ദന് വിശ്വസിച്ചിരുന്നോ എന്നത് തര്‍ക്കവിഷയമാണെന്ന് പിന്നീട് സംസാരിച്ച ചരിത്രകാരന് ഇര്ഫാന് ഹബീബ് പറഞ്ഞു.
ജാതീയതയ്ക്കെതിരായ വാദങ്ങളാണ് ഹിന്ദുമതം നല്‍കുന്നതെന്ന് വിവേകാന്ദന് വിശ്വസിച്ചിരുന്നുവെന്നാണ് ആര്‍എസ്എസ് വിരോധിയായ യോഗേന്ദ്രയാദവിന്റെ കണ്ടെത്തല്‍. (ഇന്ത്യയിലാകെ ജാതി സെന്‍സസ് നടത്തി അതുവഴി ഹിന്ദു സമുദായത്തെ ഭിന്നിപ്പിച്ച് മോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാനുള്ള ബുദ്ധിജീവികളുടെ അജണ്ടയിലേക്ക് വിവേകാനന്ദനെക്കൂടി കൊണ്ടുകെട്ടുവാനാണ് ശ്രമം).
ഹിന്ദുമതം ജനാധിപത്യ വിരുദ്ധമാണെന്നും ഹിന്ദുസമുദായ ജാതിയത നിറഞ്ഞതാണെന്നും വിവേകാനന്ദന് കണ്ടെത്തിയെന്നതാണ് ഗോവിന്ദ് കൃഷ്ണന്റെ മറ്റൊരു കണ്ടെത്തല്‍. ചുരുക്കത്തില്‍ ഹിന്ദുമതം ഒന്നിനും കൊള്ളാത്ത ഒരു മതമാണെന്ന് വിവേകാനന്ദന് വിശ്വസിച്ചിരുന്നു എന്ന രീതിയിലാണ് ഈ ജേണലിസ്റ്റിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: