അമ്പിളിക്കല എന്നുതന്നെയാണ് വിശേഷിപ്പിക്കേണ്ടത്. അമ്പിളി ഒരു ചലച്ചിത്ര സംവിധായകന് മാത്രമല്ലല്ലോ. മേയ്ക്കപ്പ് കലാകാരന്, നിശ്ചല ഛായാഗ്രാഹകന്‍, ഗായകന്, നടന്, ചലച്ചിത്ര പരസ്യകലാകാരന്, നാടക-സിനിമാ കലാസംവിധായകന്‍, പ്രഭാഷകന്‍, പൊട്ടിച്ചിരിപ്പിക്കുന്ന അവതാരകന്, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, ചിത്രകാരന് എന്നിങ്ങനെ ഒട്ടനവധി സൃഷ്ടി മുഖങ്ങളുണ്ട് ഈ അമ്പിളി മാമന്.
വീണപൂവ്, അഷ്ടപതി, സീന്‍ നമ്പര്‍ സെവന്, കുരുതി പൂക്കള്‍, ചാമന്റെ കബനി തുടങ്ങി പന്ത്രണ്ടോളം ചിത്രങ്ങളുടെ സംവിധായകനാണ് അമ്പിളി. അമ്പിളിയുടെ പല സിനിമകളും സംസ്ഥാന അവാര്‍ഡുകള്‍ നേടിയെടുത്തവയാണ്.
ആദ്യ ചിത്രമായ വീണപൂവ് ഇന്ത്യന്‍ പനോരമ ചിത്രവുമായിരുന്നു. തിരക്കുപിടിച്ച സിനിമാ സവാരിക്കിടെ അമ്പിളിയിലെ ചിത്രകാരന് കുറച്ചുകാലം പന്ഥാവ് വിട്ടു മാറി നടന്നു. ഈ വര്‍ത്തമാന കാലത്ത് ഒരു മാച്ചെഴുത്തിന് തയ്യാറായിരിക്കയാണ് അമ്പിളി.
സംവിധായകനായും ചിത്രകാരനായും ഒന്നിച്ചുള്ള യാത്രയിലാണിപ്പോള്‍ അമ്പിളി.
കവിതയെഴുത്തുകാരനും കഥാകാരനും നോവലിസ്റ്റുമായി അറിയപ്പെട്ട എം.ടി.വാസുദേവന്‍ നായര്‍ ആയിരത്തി തൊള്ളായിരത്തി അറുപത്തി അഞ്ചിലാണ് ഒരു തിരക്കഥാകൃത്തായി സിനിമാ ലോകത്തെത്തുന്നത്. ആദ്യ സിനിമ മുറപ്പെണ്ണ്. ബ്ലാക്ക് ആന്റ് വൈറ്റില്‍ നമ്മള് കണ്ട മുറപ്പെണ്ണ് വര്‍ഷങ്ങള്‍ക്കുശേഷം കളറിലാക്കി അമ്പിളി സംവിധാനം ചെയ്യാനൊരുങ്ങി. പ്രേംനസീര്‍ അഭിനയിച്ച് അത്യുല്കൃഷ്ടമാക്കിയ ബാലനെ മമ്മുട്ടിയെ ഏല്‍പ്പിച്ചു. ഷൂട്ടിങ് തീയതി വരെ നിശ്ചയിച്ച മുറപ്പെണ്ണ് പിന്നീട് മുടങ്ങിപ്പോയി. ഒരിക്കല്‍ നി
ര്‍മ്മിച്ച ഒരു സിനിമ അതേ ഭാഷയില്‍ തന്നെ നിര്‍മിക്കുന്ന ചിന്തയ്ക്ക് മലയാളത്തില്‍ തുടക്കമിട്ടത് ചിത്രകാരനായ അമ്പിളിയാണ്.
അമ്പിളി വരച്ച നൂറ്റി മുപ്പത്തഞ്ച് ചിത്രങ്ങളുടെ പ്രദര്‍ശനം പതിനേഴു ദിവസം ചാലക്കുടി ചോല ആര്‍ട്ട് ഗാലറിയില്‍ നടന്നു. മോഡേണ്‍, ലാന്റ് സ്കേപ്പ്, ഡോട്ട് സ്കെച്ച് , പെന്‍സില്‍ സ്കെച്ച്, ക്രയോണ്‍, വാട്ടര്‍ കളര്‍, ട്രാന്‍സ്പേരന്റ് വാട്ടര്‍ കളര്‍, ഓയല്‍ കളര്‍, എക്രലിക്ക്, റിയലിസ്റ്റിക്ക്, സ്ത്രീ രൂപങ്ങള്‍ എന്നിങ്ങനെ ചിത്രകലയിലെ വിവിധ രചനാ രീതികളില്‍ വരച്ച ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്. സംവിധായകരായ സത്യന് അന്തിക്കാട്, പി. ചന്ദ്രകുമാര്‍, സുന്ദര്‍ദാസ് തുടങ്ങിയവരും, സംവിധായകനും ചിത്രകാരനുമായിരുന്ന ജി.അരവിന്ദന്റ പത്നി കൗമുദി, ബാബു നമ്പൂതിരി, ടി.ജി രവി, സുനില്‍ സുഗത, വിദ്യാധരന് മാസ്റ്റര്‍, ജയരാജ് വാര്യര്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്, പി.ആര്.മുരളി , ജോമോന് ആലുക്കാ, എ.യു. രഘുരാമ പണിക്കര്‍, ഗുരുവായൂര്‍ ദേവസ്വം ചുമര് ചിത്ര പഠന കേന്ദ്രം പ്രിന്‍സിപ്പാള്‍ കൃഷ്ണകുമാര്‍, ഡോ.പി.ജി. ആന്റണി, ശ്രീമൂലനഗരം മോഹന്‍, ശ്രീമൂലനഗരം പൊന്നന്, നീതി കൊടുങ്ങല്ലൂര്‍, ആര് എല്‍.വി രാമകൃഷ്ണന്, തുമ്പൂര്‍ സുബ്രഹ്മണ്യന്, ബഷീര്‍ വടക്കന്‍, പ്രതാപന് നെല്ലിക്കത്തറ, നാസര്‍ മൂന്നുപീടിക, മുഹമ്മദ് ഇസ്മെയില്‍, ജയന് ചെങ്ങമനാട്, ഷണ്മുഖദാസ് കാനാടി, വാസന്, വിവിധ സ്കൂഌകളിലെ അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, വൈദികര്‍, കന്യാസ്ത്രീകള്‍, ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാ നന്ദ സ്വാമികള്‍, ചിത്രകലാ വിദ്യാര്‍ത്ഥികള്‍, പ്രസിദ്ധരായ ചിത്രകാരന്മാര്, ചിത്രകാരികള്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി ഒരുപാടുപേര് അമ്പിളിയുടെ ചിത്രപ്രദര്‍ശനം കാണാനെത്തിയിരുന്നു. പാടിയും പറഞ്ഞും പ്രദര്‍ശന സമാപനം വര്‍ണ്ണശബളവും ആഹ്ലാദകരവുമാക്കി.
മൈക്കലാഞ്ചലോ, ലിയാണാര്‍ഡോ ഡാവഞ്ചി, വാന്‍ഗോഗ്, പിക്കാസോ, രാജാ രവിവര്‍മ്മ, എം.എഫ്. ഹുസൈന് തുടങ്ങിയ അത്ഭുത ചിത്രകാരന്മാര്ക്കുള്ള ആദരവായി, അവര്‍ വരച്ച ചിത്രങ്ങളോടൊപ്പം അവരുടെ ഛായാചിത്രവും ചേര്‍ത്ത് വരച്ച്, ആ മഹത് പ്രതിഭകള്‍ക്കുളള ആദരവ് ഈ ചിത്ര പ്രദര്‍ശനത്തില്‍ ചേതോഹരമായി സംയോജിപ്പിച്ചിട്ടുണ്ടായിരുന്നു അമ്പിളി. ഇത്തരത്തിലുള്ള ആശയ പ്രവാഹം മറ്റൊരു ചിത്രകാരനില്‍ നിന്നും മുന്‍പ് ഉണ്ടായിട്ടില്ല. ഇങ്ങനെ ഒരു ചിത്രം ലോകത്ത് ഒരു ചിത്രകാരനും ഇന്നോളം വരച്ചിട്ടുമില്ല.
അമ്പിളിയുടെ ചിത്ര പ്രദര്‍ശനം വെറുമൊരു ചിത്ര പ്രദര്‍ശനം മാത്രമായിരുന്നില്ല; ചിത്രരചനയിലെ കുലപതികള്‍ക്കുള്ള ആദരവും സമര്‍പ്പണവുമായി കൂടി അതിനെ കാണേണ്ടിയിരിക്കുന്നു!
പ്രതികരിക്കാൻ ഇവിടെ എഴുതുക: