ഗോപന് ചുള്ളാളം
നാല്പതേക്കറോളം വ്യാപിച്ചു കിടക്കുന്ന ശിലാവിസ്മയമായ ചിദംബരത്ത് രണ്ടുപതിറ്റാണ്ടു മുമ്പ് കാലുകുത്തുമ്പോള്‍ അവധൂതനെപ്പോലൊരാള്‍ എവിടെനിന്നോ സമീപമെത്തി. ചെരുപ്പു സൂക്ഷിക്കുന്ന സ്ഥലം മുതല്‍ കുളിക്കാനുള്ള കടവും അവിടെ കുളിക്കുന്നതിന്റെ ഗുണവും മറ്റു പ്രത്യേകതകളും പ്രാര്‍ത്ഥനാക്രമവും വരെ പറഞ്ഞുതന്നു. കുളക്കടവിലിറങ്ങുന്നതിനു മുമ്പ് ഭാണ്ഡം സുരക്ഷിതമായി ഒരിടത്ത് പറഞ്ഞേല്‍പ്പിക്കുകയും ചെയ്തു. കുളിച്ചീറനോടെ കയറുമ്പോള്‍ അദ്ദേഹം അപ്രത്യക്ഷനായിരുന്നു. എന്നാല്‍ അണ്ണാമലൈയുടെ ആള്‍ക്കാരെന്ന പേരില്‍ എനിക്കും സുഹൃത്തിനും എല്ലായിടത്തും ആദരവ് ലഭിച്ചു. അപ്പോഴാണ് സഹായിക്കാനെത്തിയ ആളുടെ പേര് അണ്ണാമലൈ എന്ന് മനസിലായത്. വഴികാട്ടിയായി എത്തിയത് അഗ്നിസ്വരൂപന്‍ സാക്ഷാത് അണ്ണാമലേശ്വരന് തന്നെ ആയിരുന്നോ….
ചിദംബരം (ചിതമ്പലം) ജ്ഞാനക്ഷേത്രമാണ്. എത്തിച്ചേരാനും ഭാഗമുണ്ടാകണം. ഇതൊരു ക്ഷേത്രനഗരമാണ്, നടരാജ സമുച്ചയമായ ചിദംബരംക്ഷേത്രം 40 ഏക്കറില്‍ മധ്യഭാഗത്ത് ഏതാണ്ട് സമചതുരാകൃതിയില്‍ വ്യാപിച്ചുകിടക്കുന്നു. കരിങ്കല്ലില്‍ കടഞ്ഞെടുത്തൊരു കവിതകണക്കെ. ക്ഷേത്രത്തിനു ചുറ്റും പൂന്തോട്ടങ്ങളോടുകൂടിയ ഇരട്ട മതിലുകള്‍. നാല് വശങ്ങളിലും പ്രവേശന കവാടങ്ങള്‍. മതില്‍ക്കെട്ടിനു പുറത്ത് കിഴക്ക്-പടിഞ്ഞാറ്, വടക്ക്തെക്ക് അക്ഷത്തില്‍ റോഡുകളുമുണ്ട്.
പഞ്ചഭൂത ക്ഷേത്രങ്ങളില്‍പ്പെട്ട ചിദംബരവും കാളഹസ്തിയും കാഞ്ചി ഏകാംബരേശ്വരക്ഷേത്രവും 79 ഡിഗ്രി 41 മിനിറ്റ് രേഖാംശത്തില്‍ ഒരു നേര്‍രേഖയിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്നും ജ്യോതിശാസ്ത്രജ്ഞരെ അതിശയിപ്പിക്കുന്നതാണ് ഈ വിസ്മയം. ആനന്ദമയകോശമായ ചിത്സഭയിലാണ് ഇടതുകാല് തൂക്കി നടനമാടുന്ന നടരാജന്റെ വിഗ്രഹം പ്രതിഷ്ഠിച്ചിട്ടുള്ളത്. ഇത് ഭൂമിയുടെ കാന്തികരേഖയുടെ മധ്യത്തിലാണെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ആധുനിക ഗണിതത്തിലെ ഗോള്‍ഡന്‍ റേഷ്വോ തത്വമനുസരിച്ചാണ് പൗരാണികമായ നടരാജവിഗ്രഹത്തിന്റെ കരചലനം നിര്‍ണയിച്ചിരിക്കുന്നതെന്ന തിരിച്ചറിവ് ആധുനിക ശാസ്ത്രത്തിന് നല്കിയ അമ്പരപ്പ് ഇന്നും മാറിയിട്ടില്ല.
‘ചിദംബര രഹസ്യം’
പ്രതിഷ്ഠിച്ചില്ലെങ്കിലും ആകാശത്തെപ്പോലെ അരൂപമായൊരു ശിവലിംഗം ഇവിടെ ഉള്ളതായി സങ്കല്പമുണ്ട്. നടരാജമൂര്‍ത്തിയുടെ വലതുഭാഗത്ത് ‘ചിദംബര രഹസ്യം’ സ്വര്‍ണനിര്‍മിതമായ തോരണങ്ങളാല്‍ അലംകൃതമാണ്. 646 ത്രികോണങ്ങളോടുകൂടി ഇവിടെ ഒരു ചക്രവും പ്രതിഷ്ഠിച്ചിട്ടുണ്ട്. തിരശീലയിട്ട് മറച്ചിരിക്കുന്ന ഇവിടെ പൂജാകാലങ്ങളില്‍ മൂന്നുതവണ തിരശീലമാറ്റി ഭക്തര്‍ക്ക് ദര്ശനത്തിനവസരമൊരുക്കാറുണ്ട്. വെള്ളിത്തകിടുകള്കൊണ്ട് പൊതിഞ്ഞ പഞ്ചാക്ഷരപ്പടികള്‍ കയറിവേണം ചിത്സഭയിലെത്താന്. രണ്ടാമതായി കനകസഭയും മൂന്നാമതായി നൃത്തസഭയുമാണ്. നൃത്തസഭയാണ് ശില്പങ്ങളുടെ അപൂര്‍വ കലവറ. ദേവസഭയില്‍ പ്രധാന മൂര്‍ത്തികളെ പ്രതിഷ്ഠിച്ചിരിക്കുന്നു. അഞ്ചാമതായി വരുന്ന രാജസഭയിലാണ് ആയിരംകാല്‍ മണ്ഡപം സ്ഥിതിചെയ്യുന്നത്.
ഇന്നത്തെ ക്ഷേത്രം പത്താം നൂറ്റാണ്ടില്‍ ചിദംബരം ചോള രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന കാലത്ത് നിര്‍മ്മിച്ചതാണ്. ഇതിനുമുമ്പ് ഇവിടെ ഉണ്ടായിരുന്ന ക്ഷേത്രത്തിന്റെ സ്ഥാനത്താണ് പുതിയ ക്ഷേത്രം ചോളരാജവംശം പണിതുയര്‍ത്തിയത്. അഞ്ചാം നൂറ്റാണ്ടിനു മുമ്പുതന്നെ ഇവിടെ ക്ഷേത്രമുണ്ടായിരുന്നു. ചോളര്‍ നടരാജനെ തങ്ങളുടെ കുലദൈവമായി ആരാധിച്ചിരുന്നു. രാജരാജ ചോളന് ഒന്നാമന് തലസ്ഥാനം തഞ്ചാവൂരിലേക്ക് മാറ്റുകയും 11 ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഒരു പുതിയ നഗരവും ശിവന് സമര്‍പ്പിക്കപ്പെട്ട കൂറ്റന്‍ ബൃഹദീശ്വര ക്ഷേത്രവും പണിയുകയും ചെയ്തെങ്കിലും ചിദംബരം ചോളര്‍ക്ക് പ്രധാനമായി തുടര്‍ന്നു.
പതിമൂന്നാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ചോള രാജവംശത്തിന്റെ ഭരണകാലത്ത് ചിദംബരം ക്ഷേത്രം അഭിവൃദ്ധി പ്രാപിച്ചു. കുലോത്തുംഗ ചോളന് ഒന്നാമന് രാജാവിന്റെ സേനാപതി നരലോകവീരനാണ് ചിദംബരത്തും പരിസരത്തും ശിവഗംഗ ജലക്കുളത്തിലേക്കുള്ള പടവുകള്‍, ദേവീക്ഷേത്രം, ബാല സന്യാസി തിരുജ്ഞാന സംബന്തര്ക്കുള്ള ക്ഷേത്രം, ക്ഷേത്ര ഉദ്യാനങ്ങള്‍, തീര്‍ഥാടക റോഡ് ശൃംഖല എന്നിവയുടെ നിര്‍മ്മാണം നടന്നത്. വിവിധ കാലഘട്ടങ്ങളില്‍ മുസ്ലീം അക്രമകാരികളുടെ അക്രമം ക്ഷേത്രത്തിനുണ്ടായി. പലവിഗ്രഹങ്ങളും അക്രമികളില്‍ നിന്ന് രക്ഷിക്കാന്‍ മണ്ണില്ക്കുഴിച്ചിട്ടത് പിന്നീട് കണ്ടെടുത്ത് പ്രതിഷ്ഠിച്ചിട്ടുണ്ട്.
പ്രധാന പ്രതിഷ്ഠയായ നടരാജന് വര്‍ഷത്തില്‍ ആറ് ഉത്സവങ്ങള്‍ പ്രത്യേക അഭിഷേക ചടങ്ങുകളോടെ നടത്തുന്നു. മാര്‍ഗഴി തിരുവാതിരൈ (ഡിസംബര്‍-ജനുവരി), മാസി മാസത്തിലെ അമാവാസിക്ക് ശേഷമുള്ള പതിനാലാം ദിവസം (ചതുര്ദശി) (ഫെബ്രുവരി-മാര്‍ച്ച്), ചിത്തിരൈ തിരുവോണം (ഏപ്രില്‍-മെയ്), ആനിയിലെ ഉതിരം (ആണി തിരുമഞ്ജനം എന്നും വിളിക്കും) (ജൂണ്‍-ജൂലൈ) ആവണിയിലെ (ഓഗസ്റ്റ്-സെപ്റ്റംബര്‍) ചതുര്ദശി, പൂരതാശി മാസത്തിലെ (ഒക്ടോബര്‍-നവംബര്‍) ചതുര്ദശി എന്നിവയാണവ.
ഇതില്‍ മാര്‍ഗഴി തിരുവാതിരയും ആണി തിരുമഞ്ജനവും വിശേഷമാണ്. ഇതുരണ്ടും ബ്രഹ്മോത്സവമാണ്. ശിവരാത്രി, പ്രദോഷം, സോമവാരം, ധനമാസ തിരുവാതിര എന്നിവയും ആഘോഷിക്കുന്നു. ക്ഷേത്ര കാര്‍ ഘോഷയാത്രയും നീണ്ട അഭിഷേക ചടങ്ങും ഉള്‍പ്പെടുന്ന ഘോഷയാത്രയില്‍ പ്രധാന പ്രതിഷ്ഠയെ ശ്രീകോവിലിനു പുറത്തേക്ക് കൊണ്ടുവരുന്ന പ്രധാന ഉത്സവങ്ങളായിട്ടാണ് ഇവ നടത്തുന്നത്. ശിവന് തന്റെ നടരാജാവതാരത്തില് ആറാമത്തെ ചന്ദ്രമന്ദിരമായ ആര്‍ദ്ര രാശിയില്‍ പൗര്‍ണ്ണമി നാളില്‍ ജനിച്ചതായി വിശ്വസിക്കപ്പെടുന്നു. ശിവന് വര്‍ഷത്തില്‍ 6 തവണ മാത്രമേ കുളിക്കാറുള്ളൂ എന്നാണ് ഇവിടെ ഭക്തരുടെ വിശ്വാസം. ആര്‍ദ്രയുടെ തലേ രാത്രിയില്‍ കുളിക്കുന്നതിനുള്ള ചടങ്ങുകള്‍ നടത്തന്നു. പാത്രങ്ങള്‍ നിറയെ പാല്, മാതളനാരങ്ങാനീര്, തേങ്ങാവെള്ളം, നെയ്യ്, എണ്ണ, ചന്ദനം, തൈര്, പുണ്യഭസ്മം തുടങ്ങിയ വഴിപാടായി കണക്കാക്കപ്പെടുന്നു. ഇവിടെ ദര്‍ശനം നടത്തുന്നവര്‍ക്ക് മുക്തി ലഭിക്കും എന്നാണ് വിശ്വാസം.
ചിദംബരത്തേയ്ക്ക്…
തമിഴ്നാട് കടലൂര്‍ ജില്ലയിലെ ചിദംബരം താലൂക്കിലാണ് തില്ലൈ നടരാജക്ഷേത്രം സ്ഥിതിചെയ്യുന്നത്. കാവേരിക്ക് 5 കിലോമീറ്റര്‍ വടക്കുമാറി ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്ത് നിന്ന് 15 കിലോമീറ്റര്‍ പടിഞ്ഞാറ് ചെന്നൈയില്‍ നിന്ന് 220 കിലോമീറ്റര്‍ തെക്കുമായി സ്ഥിതിചെയ്യുന്ന ക്ഷേത്രനഗരമാണിത്. ഏറ്റവും അടുത്തുള്ള വിമാനത്താവളം 60 കിലോമീറ്റര്‍ അകലെ പോണ്ടിച്ചേരിയിലാണ്. ദേശീയ പാത 32 ചിദംബരത്തിലൂടെ കടുന്നുപോകുന്നതിനാല് റോഡുമാര്‍ഗവും എത്താന്‍ എളുപ്പമാണ്. തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനും സ്വകാര്യ കമ്പനികളും സംസ്ഥാനത്തെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിച്ച് സര്‍വീസ് നടത്തുന്നു. ട്രെയിന്‍ മാര്‍ഗവും എത്തിച്ചേരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: