ചന്ദ്രനില്‍ നിന്നും ശേഖരിക്കുന്ന വസ്തുക്കള്‍ സൂക്ഷിക്കാന്‍ ഫ്രീസര്‍ അന്വേഷിച്ച് നാസ. മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്ന ആര്‍ട്ടിമിസ് ദൗത്യത്തിന്റ ഭാഗമായി ചന്ദ്രനില്‍ നിന്നും ശേഖരിക്കുന്ന വസ്തുക്കളും ശാസ്ത്രീയ വസ്തുക്കളുമാകും ഫ്രീസറില്‍ ശേഖരിക്കുക. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കും തിരിച്ചും സാമ്പിളുകള്‍ കൊണ്ടുവരാന്‍ കഴിയുന്ന തരത്തിലായിരിക്കണം ഫ്രീസറിന്റെ രൂപകല്പനയെന്ന് നാസ അറിയിച്ചു.
2027 അവസാനത്തോടെ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ശേഷിയുള്ള കരാറുകാരെയാണ് നാസ തേടുന്നത്. ആര്‍ട്ടിമിസ്5 ദൗത്യത്തിലായിരിക്കും നാസ ചന്ദ്രനിലേക്ക് ഫ്രീസറും അയക്കുക. ദൗത്യത്തിന്റെ ഭാഗമായ എസ്എല്‍എസ് റോക്കറ്റിന് യോജിച്ച രൂപത്തിലുള്ളതാവണം ഫ്രീസര്‍ എന്നും ാനസ നിബന്ധന വെയ്ക്കുന്നുണ്ട്. ആര്‍ട്ടെമിസ് ബഹിരാകാശയാത്രികര്‍ ഉപയോഗിക്കുന്ന വിവിധ വാഹനങ്ങള്‍, സൗകര്യങ്ങള്‍, ബഹിരാകാശ വാഹനങ്ങള്‍ എന്നിവയുമായി പൊരുത്തപ്പെടാനും ഫ്രീസറിന് കഴിയണം. ചന്ദ്രനിലേക്കുള്ള യാത്രകള്‍ മനുഷ്യ സഞ്ചാരികളെ എങ്ങനെ ബാധിക്കുന്നുവെന്നതടക്കമുള്ള വിവരങ്ങള്‍ പഠിക്കാന്‍ ഈ ഫ്രീസറിലൂടെ ലഭിക്കുന്ന വസ്തുക്കള്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ചന്ദ്രനില്‍ ഉപയോഗിക്കുന്ന റോവറുകളിലും ഈ ഫ്രീസര്‍ ഘടിപ്പിക്കാനാകണം. ഭൂമിയില്‍ നിന്ന് വിക്ഷേപിക്കുന്ന സമയത്തും ചന്ദ്രനില്‍ ഇറങ്ങുന്ന സമയത്തും സംഭവിക്കാന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങളെ മറികടക്കാന്‍ ഇതിന് കഴിയണം. 25X25X66 സെന്റീമീറ്ററായിരിക്കണം ഫ്രീസറിന്റെ കുറഞ്ഞ വലുപ്പം. പരമാവധി 55 കിലോഗ്രാം ഭാരം വരെയുമാകാം.
ഫ്രീസറിന്റെ താപനില, എപ്പോള്‍, എത്ര സമയം ഫ്രീസറിന്റെ ഡോര്‍ തുറന്ന് വെച്ചു എന്ന് തുടങ്ങിയ വിവരങ്ങള്‍ ഫ്രീസറിന് തന്നെ രേഖപ്പെടുത്തി സൂക്ഷിക്കാനും കഴിയണമെന്ന് നാസ നിര്‍ദ്ദേശിക്കുന്നു. ശേഖരിക്കുന്ന സാമ്പിളുകള്‍ മൈനസ് 85 ഡിഗ്രി സെല്‍ഷ്യസില്‍ പരമാവധി 30 ദിവസം വരെ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയണം. ചന്ദ്രനെ സ്പര്‍ശിക്കാനൊരുങ്ങുന്ന ഫ്രീസറിന്റെ നിര്‍മ്മാതാവാകാന്‍ താത്പര്യമുള്ള കമ്പനികള്‍ക്ക് നാസയെ സമീപിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: