പുറത്ത് ധാരാളം രോഗികള്‍ ഡോക്ടറെ കാത്ത് അസ്വസ്ഥരായി ഇരുപ്പുണ്ടായിരുന്നു. അയാള്‍ വളരെ ദിവസങ്ങളായി ഉറങ്ങിയിട്ടില്ല. കനത്ത ശാരീരിക ക്ഷീണം അനുഭവപ്പെട്ടിരുന്നു. എല്ലാ ഡോക്ടര്‍മാരും ഉറങ്ങാനുള്ള ഗുളികകള്‍ എഴുതിത്തരുന്നു, അവരുടെ ഉത്തരവാദിത്വം അതോടെ തീരുകയായി. വലിയ ഒരു അവകാശം എന്ന പോലെ എല്ലാവരും കണ്‍സള്‍ട്ടിംഗ് ഫീസ് വാങ്ങിയ ശേഷം മേശ വലിപ്പിലേക്ക് ഇടുന്നു. ഇന്നു കാണുന്നത് പുതിയ ഒരു ഡോക്ടറെയാണ്. കയറിച്ചെന്നപാടേ ഇരിക്കാന്‍ പറയുമെന്ന ധാരണ തെറ്റി, മാനസിക രോഗികളോട് പെരുമാറുന്നത് സൂക്ഷിച്ചു വേണം. തികഞ്ഞ വെറുപ്പോടെ ഡോക്ടര്‍ അന്വഷിച്ചു എന്താ പ്രശനം?
അയാള്‍ പ്രശ്നങ്ങള്‍ ഓരോന്നായി വിസ്തരിക്കാന്‍ തുടങ്ങിയതും ഡോക്ടറുടെ ഫോണ്‍ ശബ്ദിച്ചു. ഇങ്കംടാക്സുമായി ബന്ധപ്പെട്ട എന്തൊക്കയോ കാര്യങ്ങള്‍ ഡോക്ടര്‍ ഫോണിലൂടെ പറഞ്ഞുകൊണ്ടിരുന്നു. തുടര്‍ന്ന് അയാള്‍ കൊണ്ടുവന്ന കടലാസുകള്‍ ഓരോന്നായി മിറച്ചുനോക്കി. പത്തോളം ഡോക്ടര്‍മാര്‍ ഇതിനുമുമ്പ് മരുന്നുകള്‍ കുറിച്ചിട്ടുണ്ട്. കനത്ത ശാരീരിക ക്ലേശത്തോടെ തറയില്‍ വീണ് ഉറങ്ങുക എന്നകാര്യം മാത്രം അയാള്‍ ചിന്തിച്ചുകൊണ്ടിരുന്നു. ഈ കുറിപ്പുകളിലൊന്നും വരാതെ മാറി നില്ക്കുന്ന മരുന്നുകള്‍ അയാള്‍ ഒരുകടലാസ്സില്‍ കുറിച്ചു. രോഗിക്കാണല്ലൊ മനോവിഷമമുള്ളത്. അയാള്‍ വിനയാന്വിതനായി പറഞ്ഞു.
”ഒരുകുറവും കാണുന്നില്ല സാര്‍, എന്താണ് ചെയ്യേണ്ടത്?”
”ഒറ്റയ്ക്കാണോവന്നത്? ഇത്തരം രോഗികള്‍ ആരെയെങ്കിലും കൂട്ടിയാണല്ലോവരിക?”
”കൂടെവരാന്‍ ആരുമില്ലസാര്”
ഡോക്ടര്‍ മരുന്നുകുറിച്ച കടലാസ് നീട്ടിയ ശേഷം വെറുപ്പോടെ അയാളെ നോക്കി.
”ഇതുകഴിച്ചോളു. വെള്ളം ധാരാളം കുടിക്കണം. നാലുതരം ഗുളികകള്‍ ഉണ്ട്.”
”യഥാര്‍ത്ഥത്തില്‍ എന്റെ രോഗം എന്താണ് സാര്‍?”
പ്രതികാരഭാവത്തിലാണ് ഡോക്ടര്‍ പിന്നീട് നോക്കിയത്. എങ്കിലും അതിനിടയില്‍ കണ്‍സള്‍ട്ടിംഗ് ഫീസ് കൈയില്‍ വാങ്ങിയശേഷം മേശയിലേക്കിട്ടു.
”ഇതുവരെ കണ്ട ഡോക്ടര്‍മാര്‍ ആരെങ്കിലും നിങ്ങളുടെ രോഗം എന്താണെന് പറഞ്ഞുതരുന്നുവോ?”
”ഇല്ല.”
”അവര്‍ക്കൊന്നും ഇല്ലാത്തകഴിവ് എനിക്ക് എങ്ങനെയാണ് ഉണ്ടാകുക?”
”എത്രകാലം ഇതുകഴിക്കണം”
”മരണം വരെ കഴിക്കേണ്ടിവരും. ഇത്തരം രോഗങ്ങള്‍ക്കൊന്നും മരുന്നില്ല. നിയന്ത്രിച്ച് നിര്‍ത്താനേ പറ്റൂ”
കര്‍ക്കശമായ ഭാഷയിലാണ് ഡോക്ടര്‍ സംസാരിച്ചത്. അയാള്‍ പുറത്തേക്ക് നടക്കാനൊരുങ്ങിയെങ്കിലും ഗത്യന്തരമില്ലാതെ പിന്നേയും പിന്തിരിഞ്ഞു.
”തളരുക, ബോധം കെടുക. പിന്നേയും പേശി വേദന എത്രകാലം.”
”നിങ്ങള്‍ പുറത്തേക്ക് പോകുക, ഇതുതന്നെയാണ് ട്രീറ്റുമെന്റ്. തളര്ന്നുകിടക്കുമ്പോള് പ്രശനങ്ങള്‍ ഒന്നും ഇല്ലല്ലോ. ആതൊരു വലിയ കാര്യമല്ലേ?”
എരിപൊരികൊള്ളുന്ന ഒരു പകലായിരുന്നു അത.് അയാളുടെ കാലടികള്‍ തറയില്‍ ഉറയ്ക്കുന്നുണ്ടായിരുന്നില്ല. ക്ഷുഭിതനായ ഡോക്ടര്‍ അവസാനം പറഞ്ഞ വരികള്‍ അയാളുടെ കര്‍ണ്ണപുടങ്ങളില്‍ തറച്ചു.
”നിങ്ങളുടെ രോഗം നിങ്ങള്‍ക്കറിയില്ലെങ്കില്‍ പിന്നെ എനിക്കാണൊ അറിയുക.”
വെയിലത്തേയ്ക്കിറങ്ങുമ്പോഴും അയാള്‍ ചുറ്റും നോക്കി. ഈ ഡോക്ടറെ കാണാന്‍ വീണ്ടും രോഗികള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. അന്നത്തെ പകലില്‍ അയാള്‍ ഗുളികകള്‍ കഴിക്കാതെ തന്നെ കിടന്നുറങ്ങി. പിന്നീട് ഏറെകാലത്തേയ്ക്കുള്ള മരുന്നുകള്‍ ശേഖരിച്ചു. മരുന്നു തിന്നുന്ന ഒരു യന്ത്രത്തിന് രാപകലുകള്‍ ഇല്ല. ചിലദിവസങ്ങള്‍ പുതിയഡോക്ടര്മാരെ അന്വഷിച്ചിറങ്ങും. ഋതുഭേദങ്ങള്‍ അറിയാത്ത ജീവിതം. ചിലപ്പോള്‍ കനത്ത വിശപ്പ് അനുഭവപ്പെടുന്നു. അതേസമയം വിശപ്പില്ലാത്ത ദിവസങ്ങള്‍ കടന്നുപോകുന്നു. വേനലിനുശേഷം ചാറ്റല്‍മഴ വന്നുതുടങ്ങി. ശൂന്യതയിലേക്ക് നടക്കാന്‍ അയാള്‍ ശീലിച്ചുകഴിഞ്ഞിരുന്നു. അറിഞ്ഞോ അറിയാതെയോ എവിടെക്കോനടന്നുകൊണ്ടിരുന്നു.
ആള്‍ത്തിരക്ക് കുറഞ്ഞ ഒരു ക്ഷേത്ര പശ്ചാത്തലമാണെന്നുതോന്നുന്നു. മുകളിലേയ്ക്കായി നോക്കിയപ്പോള്‍ സന്ധ്യയുടെ ചായം കട്ടപിടിച്ച് നില്ക്കുന്നു. ഭൂമി കറങ്ങികൊണ്ടിരിക്കുകയാണ്. കറക്കത്തില്‍ അയാള്‍ വീണുപോയി. ചാറ്റല്‍ മഴയും പൊള്ളുന്ന വേനലും തുടരുന്നു. ശപിക്കപ്പെട്ട ഏതോ നിമിഷങ്ങളില്‍ കണ്ണുതുറന്നപ്പോള്‍ പതിവുപോലെ ആകാശത്തെകണ്ടു. പിന്നെ കുറെ കരിയിലകള്‍. നേരിയ സുഗന്ധമുള്ള ഒരു പുഷ്പം കാറ്റില്‍ ഒഴുകിവന്നു. ആ പുഷ്പം എടുത്ത് മണത്തുനോക്കുമ്പോള്‍ മുന്മ്പില് ഒരു വൃദ്ധന് നില്ക്കുന്നു. വേഷത്തില്‍നിന്ന് ഗ്രാമീണനാണെന്ന് വ്യക്തമായി. പക്ഷെ കണ്ണടച്ചില്ലുകള്ക്കിടയില് ബന്ധനസ്ഥനായിക്കിടക്കുന്ന കൃഷ്ണമണികള്‍ക്ക് സൂര്യതേജസ്സുണ്ടെന്നത് വ്യക്തം
”ചികിത്സയിലാണല്ലെ?”
”അതെ”
”രോഗം മാറുെമന്ന് ആരെങ്കിലും പറഞ്ഞുവോ?”
”ഇല്ല, സകലരും ഉപേക്ഷിച്ച അവസ്ഥയിലായിലാണ്. മരിക്കാന്‍ മോഹമുണ്ട്, കഴിയുന്നില്ല.”
ആഗതന് ഒരു ബുദ്ധിമാനെപ്പോലെ ചിരിച്ചു. ഒരിക്കല്‍ ഞാനും ഇതേ അവസ്ഥയിലായിരുന്നു. ഇപ്പോള്‍ ബുദ്ധിതെളിഞ്ഞു. ഒരാള്‍ അത് ശരിയാക്കിതന്നു.
ഏതുഡോക്ടറെയാണ് നിങ്ങള്‍ കണ്ടതെന്നു ചോദിക്കാന്‍ തോന്നിയില്ല. ഇനി ചുറ്റളവില്‍ ഡോക്ടര്‍മാരില്ല,. ഒന്നും പറയാതെ പതുക്കെ എഴുന്നേറ്റശേഷം മാന്യ വ്യക്തിയോട് യാത്രപോലും പറയാതെ നടക്കുമ്പോള്‍ അയാള്‍ കൂടെ വന്നു.
”രോഗം മാറണമെന്ന് നിങ്ങള്‍ക്ക് മോഹമില്ലേ?”
”ഉണ്ട്.”
”പിന്നെ എന്തുകൊണ്ടാണ് എന്നെ നിങ്ങള്‍ അവഗണിച്ച് നടക്കുന്നത്?”
”എന്റെ ബുദ്ധി നേരാംവണ്ണം പ്രവര്‍ത്തിക്കുന്നില്ല എന്നറിഞ്ഞൂടെ? ഞാന്‍ എന്തുചെയ്യണം പറയൂ.”
”ഹിമാലയം കണ്ടിട്ടുണ്ടോ.”
അയാള്‍ അത്മവിശ്വാസത്തോടെ മറുപടി പറഞ്ഞു: ”എത്രയോ തവണ. അവിടെയുള്ള നഗരത്തിലായിരുന്നു ജോലി. അവര്‍ പരിച്ചുവിട്ടു.”
ആഗതന് കൈയിലുണ്ടായിരുന്ന ഒരു ആഴ്ചപ്പതിപ്പിന്റെ അച്ചടിയില്ലാത്ത ഭാഗത്ത് എന്തൊക്കയോ കുത്തികുറിച്ചുകൊണ്ടിരുന്നു.
”ഇത് കൈയില്‍ വച്ചോളൂ ഉപകാരപ്പെടും.”
”മരുന്നു കുറിച്ചതാണോ എങ്കില്‍ എനിക്കുവേണ്ട.”
മുന്പില് നിന്ന വ്യക്തി ദേഷ്യപ്പെടുമെന്ന ധാരണതെറ്റി. അയാള്‍ പക്വതയുള്ള മനുഷ്യമായിരുന്നു. സ്നേഹപൂര്‍വ്വം ചിരിച്ചതും പല്ലുകളില്‍ പ്രകാശം തട്ടിതിളങ്ങി.
”ഹരിദ്വാറില്‍ ചെന്ന് ഈ മേല്‍ വിലാസക്കാരനെ കാണണം. കുറച്ച് ബുദ്ധിമുട്ടേണ്ടിവരും. പക്ഷെ, പ്രശനത്തിന് പരിഹാരമുണ്ടാകും.”
അയാള്‍ ആ മേല്‍വിലാസത്തിലേക്ക് നോക്കി. സ്ഥലം പരിചയമുണ്ട് യാത്രചെയ്യാന്‍ പോക്കറ്റില്‍ പണവുമുണ്ട്.
”ഇയാള്‍ രോഗം മാറ്റിത്തരുമോ?”
”അയാളല്ല രോഗം മാറ്റിതരിക. മാറ്റിത്തരാന്‍ കെല്‍പ്പുള്ള വ്യക്തിയെ കാണിച്ചുതരും.”
യാത്രപോലും പറയാതെ അയാള്‍ നടന്നു. മേല്‍വിലാസം കുറിച്ച ആഴ്പ്പതിപ്പ് കക്ഷത്തില്‍ നിന്ന് താഴെ വച്ചില്ല. ഒന്നുരണ്ടു ദിവസങ്ങള്‍ കൂടി എവിടെയൊക്കയോ കിടന്നുറങ്ങി എന്ന് തോന്നുന്നു. പിന്നീടൊരിക്കല്‍ ആ തീവണ്ടി മുന്പില് വന്നുനിന്നു. അയാള്‍ നേരിയ പ്രതീക്ഷയോടെ അതിലേക്ക് കയറി. ഒന്നോ രണ്ടോ ദിവസങ്ങള്‍ തീവണ്ടിയില്‍ കഴിച്ചുകൂട്ടി എന്നുതോന്നുന്നു. ഇവിടെ ഉദയാസ്തമയങ്ങള്‍ ഇല്ല. തന്റെ മനസ്സുപോലെയാണ് ചക്രവാളം.
ഹരിദ്വാറില്‍ വന്നിറങ്ങി. അറിയുന്ന സ്ഥലമാണെങ്കിലും ഒന്നുരണ്ടുപേരുടെ സഹായത്തോടെയാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. അതൊരു ബാര്ബര്ഷാപ്പായിരുന്നു. ആരുടേയൊ മുടി വെട്ടി വൃത്തിയാക്കുന്നതിനിടയിലാണ്. അയാള്‍ അങ്ങോട്ട് കയറിച്ചെന്നത്. മുടിമുറിക്കാന്‍ വന്ന ആളെന്നു കരുതി കസേരകള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അയാള്‍ ആഴ്പ്പതിപ്പിലെ കുറിപ്പ് ശ്രദ്ധയില്‍പ്പെടുത്തി.
ആളിനെ വ്യക്തമായിരിക്കുന്നു എന്ന് ബാര്‍ബറുടെ ചിരിയില്നിന്ന് മനസ്സിലായി.
”അയാള്‍ ഇപ്പോള്‍ ഓ കെ യാണൊ?”
”ആണെന്ന് തോന്നുന്നു. നിങ്ങളാണൊ ഓ കെ യാക്കി കൊടുത്തത്?”
”നോ നോ അയാം ഓണ്‍ലി എ ബാര്‍ബര്‍”
അയാളെ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം അകലെയുള്ള ഒരു കൂരയിലേക്ക് ചൂണ്ടി തമിഴിലും ഹിന്ദിയിലും കലര്‍ന്ന മലയാളത്തില്‍ നിര്‍ദ്ദേശം.
”അവിടെ ഒരുതാടിക്കാരനുണ്ട്. ലുനാറ്റിക്ക്.”
ആംഗ്യത്തിലൂടെ, അയാളൊരുവട്ടുകേസാണെന്ന് ബാര്‍ബര്‍ വ്യക്തമാക്കി. യാത്രപറഞ്ഞ ബാര്‍ബര്‍ അകത്തേക്കുകയറിയതും അയാള്‍ മുന്നോട്ടുനടന്നു. വൃത്തിഹീനമായ പശ്ചാത്തലമാണെന്ന് തുടക്കത്തില്‍ തോന്നിയെങ്കിലും അത് ഒതുക്കവും അച്ചടക്കവമുള്ള സ്ഥലമായിരുന്നു. കയറിചെല്ലുമ്പോള്‍ വെള്ള വസ്ത്രംധരിച്ച ഒരു വൃദ്ധന് ചാരുകസേരയില്‍ കിടക്കുന്നു. അദ്ദേഹം ആഗ്യം കാണിച്ചു. ചലനങ്ങളില്ന്നിന്നും ചോദ്യം വ്യക്തമായി. വട്ടാണോ? മാനസികരോഗിയാണോ?
അതെ എന്ന് അതേ ഭാഷയില്‍ ആഗ്യം കാണിച്ചു. എനിക്ക് വട്ടുണ്ട്. മാനസികരോഗിയാണ്. വൃദ്ധന് പറയുന്ന ഭാഷ ഒട്ടും വ്യക്തമായിരുന്നില്ല. ആംഗ്യത്തിലൂടെ നിരവധി ആശയങ്ങള്‍ പറഞ്ഞു.
നാലുദിവസം കഴിഞ്ഞാല്‍ വെളുത്തവാവ് വരും. അന്ന് പര്‍വ്വതത്തിന്റെ മുകളിലേക്ക് പോകണം. രാത്രി പന്ത്രണ്ട് മണിക്ക്. സകലരോഗവും മാറും. എന്റെ രോഗം അങ്ങനെയാണ് മാറിയത്.
”ഡു യു നോ ദ നെയിം ഓഫ് ട്രീറ്റ്മെന്റ്?”
”അയ് ഡോണ്ട് നൊ സാര്‍”
”മേരുമന്ദാര ഗമനം”
അദ്ദേഹം പലയാവര്‍ത്തി അതുതന്നെ പറഞ്ഞു. റിപ്പീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ പുതിയ ഒരു പദം ഉച്ചരിക്കുന്ന പ്രയാസത്തോടെ അയാള്‍ ഉച്ചരിച്ചു.
”മേരുമന്ദാര ഗമനം”
വൃദ്ധന് ചിരിച്ചു
”യെസ്സ്. മേരുമന്ദാര ഗമനം”
തിരികെ നടന്ന അയാള്‍ ജനക്കൂട്ടത്തിന്റെ ഒരു അംഗമായി മാറി. മെഡിക്കല്‍ ഷോപ്പില്‍ നിന്ന് വീണ്ടും മരുന്നുകള്‍ വാങ്ങി അവ വിഴുങ്ങികഴിയുമ്പോള്‍ താത്കാലികമായി ശാന്തികിട്ടുന്നുണ്ട്. എങ്ങനെയെങ്കിലും നാലുദിവസം കഴിച്ചുകൂട്ടണം. ഉറങ്ങിയും ഉറങ്ങാതെയും ദിനരാത്രങ്ങള്‍ ചെലവഴിച്ചു. ആ പ്രദേശം എന്തോ സുഖം പ്രദാനം ചെയ്യുന്നുണ്ട്. ഗംഗാനദി കുത്തിഒഴുകിക്കൊണ്ടിരുന്നു. പൂര്‍ണ്ണ ചന്ദ്രന് പ്രത്യക്ഷപ്പെടാന്‍ പോകുകയാണ്. രാത്രി പതിനൊന്നു മണിക്കുമുമ്പായി അയാള്‍ വൃദ്ധന്റെ താമസസ്ഥലത്തെത്തി. സുസ്േമരവദനനായി അദ്ദേഹം കസേരയില്‍ ഇരിക്കുന്നു. കൂടെ നാലഞ്ചു സാധുക്കളായ മനുഷ്യരും ഇരുപ്പുണ്ടായിരുന്നു. മലയാളിയെന്ന് തോന്നിക്കുന്ന ഒരാള്‍ അരികിലേക്ക് വന്ന് കുശലങ്ങള്‍ ചോദിച്ചു. കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ അയാള്‍ പറഞ്ഞു. തീര്‍ച്ചയായും മാറും. മാറാതിരിക്കില്ല. വൃദ്ധന് നടന്നുവന്ന് അയാളെ ചേര്‍ത്ത് പിടിച്ച ശേഷം ചോദിച്ചു. അന്നു ഞാന്‍ പറഞ്ഞ ട്രീറ്റ്മെന്റ് എന്താണ്?
”മേരുമന്ദാര ഗമനം”
വൃദ്ധന് സന്തോഷമായി. മാഹാമേരു എന്നത് നമ്മുടെ നട്ടെല്ലുതന്നെയാണ്. സുഷുമ്ന. അവിടേക്ക് ശ്രദ്ധകേന്ദ്രീകരിക്കുക. മാറാത്ത രോഗങ്ങള്‍ ഇല്ല.
സംഘമായി നടന്ന് ഗംഗാനദിയടെ തീരത്തെത്തി. തലയുയര്ത്തിനില്ക്കുന്ന ഹിമാലയപര്‍വ്വതങ്ങള്‍ പകലിനെ അനുസ്മരിക്കുന്ന വിധത്തില്‍ നിലാവിന്റെ പ്രകാശം. ഗംഗാനദി ഉത്സാഹത്തിലായിരുന്നു. വൃദ്ധനും സംഘവും അയാളെ കൂട്ടി ഗംഗാനദിയുടെ ഒരു പ്രത്യേക കോണിലെത്തി. കണ്ണടച്ചശേഷം തലയുയര്‍ത്തിനോക്കാന്‍ ആജ്ഞാപിച്ചു. സുന്ദരിമാരായ മലനിരകള്‍ മസ്തിഷ്ക്കത്തിലേക്ക് വേണ്ട ഔഷധങ്ങളുമായി നില്ക്കുന്നു. പൂര്‍ണ്ണചന്ദ്രന്റെ ശോഭയും ഗംഗയുടെ കുളിരും പര്‍വ്വതനിരകളുടെ പ്രജ്ഞയും അയാളുടെ മസ്തിഷ്കത്തിലേക്ക് കയറി. ഇത് ഭൂമി തന്നെയാണോ? ചുറ്റും സ്വര്ണ്ണനിറം വ്യാപിക്കുന്നു. ഗംഗാമാതാവ് അയാളെ താങ്ങികൊണ്ടിരുന്നു. അയാള്‍ കുഴഞ്ഞുവീഴുമെന്ന ധാരണതെറ്റി. അണ്ഡകടാഹങ്ങളെ ദര്‍ശിക്കുന്ന നിമിഷം. കാണുന്നത് ആകാശഗംഗയെയാണ്. മസ്തിഷ്ക്കത്തിനകത്ത് എന്തോ ഒരുചലനം. അയാള്‍ ഉന്മേഷം വീണ്ടെടുത്തു. കോടാനുകോടി നക്ഷത്രങ്ങള്‍ ആകാശത്ത് ചിതറികിടക്കുന്നു. അയാള്‍ പ്രപഞ്ചത്തിന്റെ ഒരു ഭാഗമായി. എല്ലാസത്തകളും അയാളുടെ മസ്തിഷ്ക്കത്തിലേക്ക് ഒലിച്ചിറങ്ങി. വൃദ്ധന് അയാളെ അലിംഗനം ചെയ്തുകൊണ്ട് തുള്ളിച്ചാടി. ഇതാണ് കുട്ടീ മേരുമന്ദാര ഗമനം.
തെളിഞ്ഞ ബുദ്ധിയോടെ അയാള്‍ കൂടെനില്‍ക്കുന്ന എല്ലാവരേയും കെട്ടിപ്പിടിച്ചു. എപ്പോഴാണ് സ്നാനത്തിനായി നദിയിലേക്കിറങ്ങിയത് എന്ന കാര്യംപോലും വിസ്മരിച്ചു. എല്ലാ പാപങ്ങളേയും കഴുകിക്കളയാനുള്ള തയാറെടുപ്പിലായിരുന്നു ഗംഗ.
ഗംഗയുടെ ഓളങ്ങള്‍ അയാളുടെ ഔഷധപ്പൊതികള് ഏറ്റുവാങ്ങി. പൗര്ണ്ണമിയുടെകാറ്റില്പ്പോലും മൃത്യഞ്ജയമന്ത്രത്തിന്റെ ധ്വനിയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: