പ്രപഞ്ച സത്യങ്ങളെ ഒരു ബ്രഹ്മജ്ഞാനി കണ്ടെത്താന്‍ ശ്രമിക്കുകയെന്നാല്‍ പ്രപഞ്ചത്തിലെ നിഗൂഢതകള്‍ കണ്ടെത്തുക എന്നതാണ്. എപ്രകാരമെന്നാല്‍ ഒരു വലിയ സംഗീത സദസിനെ ഒന്നായി വിശകലനം ചെയ്തുകിട്ടുന്ന അതേ ഉത്തരം അതിലൊരു ചെറു ഘടകത്തെ വിശദീകരിച്ചാലും ലഭിക്കും. അതായത് സദസിലെ ചിലഗായകരെ നാം വാനോളം ഉയര്‍ത്തി കൊണ്ടാടാറുണ്ട്. അവരുടെ ശബ്ദം, ശ്രുതി തുടങ്ങിയവയെല്ലാം പരിഗണിച്ചാണ് നാം അവരെ പുകഴ്ത്തുക. വാസനാഗുണവും, ശ്രദ്ധയും, ശുദ്ധിയും ഇച്ഛാശക്തിയും കൈവിടാതെ നിരന്തരം സാധകം ചെയ്തു വരുന്ന ഒരാളുടെ കണ്ഠനാളത്തിലൂടെ ചിട്ടപ്പെടുത്തിയ ഒരു കീര്‍ത്തനം ശരിയായനിലയിലൊഴുകിവന്നാല് അതു കര്ണ്ണാനന്ദകരമാകും. അതുപോലെ മറ്റേതുവിദ്യയും അതിന്റേതായ ചിട്ടയില്‍ അഭ്യസിക്കുന്നുവോ അവരും ഈരീതിയില്പ്രഗത്ഭരാകുക. എന്നാല്‍ ഈ വിദ്യ എവിടുന്നെങ്ങനെ വന്നു.? ഈ വിദ്യയില്‍ അടക്കം ചെയ്തിരിക്കുന്ന ഒരു മാസ്മരിക ഭാവം അതു പ്രകടമാകുന്ന വ്യക്തി അതു മറ്റുള്ളവരിലേക്കു പകര്‍ന്നു കൊടുക്കാന്‍ പാകത്തിലാക്കി പകരുന്നതുവരേയും ഏതൊരു വ്യക്തിക്കും കലര്‍പ്പില്ലാത്ത ഈ ആത്മശക്തിയെ തൊടാന്‍ കഴിയില്ല.
ഈ ശക്തിയെയാണ് നാം തിരയേണ്ടത്. അതിനുപകരം കോലാഹലങ്ങള്‍ക്കിടയിലൂടെ പലതിനേയും തിരിച്ചറിയാതെ ചിലതിനെ അമാനുഷിക ഭാവംപകര്ത്തി തെറ്റിദ്ധാരണപരത്തി മറ്റാരിലൊ തിരയുന്ന അവസ്ഥ! അവരും അവരറിയാതെ തന്നിലെന്തോ ഉണ്ടെന്ന് സ്വയം തെറ്റിദ്ധരിച്ച് വിഡ്ഢിയാകുന്നു. തന്നുള്ളില്‍ കുടിയിരിക്കുന്നതായ അഭൗമശക്തിയില്‍ ഇവയെല്ലാമടങ്ങിയിട്ടുണ്ടെന്ന തിരിച്ചറിവില്ലാതെ ചില അനുകൂല സാഹചര്യത്തില്‍ ചിറകുവെച്ച് പറന്നുയരുന്ന ശലഭംകണക്കെ വരുന്നതുകണ്ട് അതിശയംകൊള്ളാതെ അതിന്റെ മൂലകാരണം തിരയുമ്പോള്‍ ആത്മജ്ഞാനത്തിന്റെ വഴിതേടലാകും. ഇവയൊന്നും പഞ്ചേന്ദ്രിയ പ്രോക്തമല്ലാത്തതിനാല് മറ്റുപമയിലൂടെ ഗുരുസമക്ഷം മാത്രമേ അവയെ മനസിലാക്കാന്‍ സാധിക്കുകയുള്ളു. ഭൗതികതയുടെ പോരായ്മയും അതിലാണ്. പാലില്‍ കുടികൊള്ളുന്ന വെണ്ണ പ്രഥമദൃഷ്ട്യാ എവിടെയിരിക്കുന്നു എന്ന ചിന്ത, കുഴപ്പിക്കുംപോലെ. എന്നാല്‍ പാലിനുള്ളില്നിന്നും വെണ്ണ വേര്‍തിരിക്കുക പോലെ നൂറുകണക്കായ ഘടകങ്ങള്‍ വേര്പെടുത്താന്പറ്റാത്തവിധം അന്തര്‍ലീനമായി കുടികൊള്ളുമ്പോഴും അവയില്‍ ചിലതു മനസിലാക്കുക മാത്രമേ ഇന്നത്തെ ശാസ്ത്രത്തിനൊരു പരിധിവരെ വഴങ്ങിയിട്ടുള്ളു. സര്‍വ്വോപരി പാലിനെ പാലാക്കി നിര്ത്താനുതകുന്നതായ ക്രിയക്കാധാരമായ ആ ഒന്നിലേക്ക് നോക്കാന്‍പോലും കഴിയാത്ത ആ ബ്രഹ്മചൈതന്യം തേടിയുള്ള വഴിയാണ് ബ്രഹ്മജ്ഞാനികള്‍ തേടിയലയുക. ഇവരെ പ്രപഞ്ചത്തിലെ എന്തുകാട്ടിയും മോഹിപ്പിക്കാന്‍ സാധ്യമല്ല. തന്നെയുമല്ല ഈ പ്രപഞ്ചാവസ്ഥയില് താനെന്തെന്നും, തന്റെ കാലയളവും, തന്റെ ഭൗതിക ശരീരമടക്കം പ്രലോഭനത്തിനായി തനിക്കു തന്നതാണെന്നും ഇവയിലെ ഒരണുപോലും തന്റെ ഇച്ഛയ്ക്കനുസരിച്ചല്ലെന്നുമുള്ള ശക്തമായ തിരിച്ചറിവ് ബ്രഹ്മജ്ഞാനിയെ നിര്ഗുണനാക്കുന്നു. അവര്‍ വെറുമൊരു തേജോപുഞ്ജമായി നിലകൊള്ളുന്നു. ഇവരെയാണ് ശാസ്ത്രത്തിനു നിരക്കാത്ത വിധം ഒരേസമയം പലയിടത്തും, ഒരിടത്തുനിന്നും മനോവേഗതയാല് മറ്റൊരിടത്തുപറന്നെത്തുന്നതായും അതിശയോക്തിപരമായി ചിലജ്ഞാനികള്‍ പറയുന്നതു കേള്‍ക്കുന്നു. ഈ സിദ്ധികളെ പ്രത്യക്ഷവല്‍ക്കരിക്കുക അസാധ്യമത്രേ.
ഒരുചാലകത്തിലൂടെ കടന്നുപോകുന്ന വൈദ്യുതിയുടെ അവസ്ഥാന്തരം വിലയിരുത്താന്‍ അതുമായി അഗാധമായ പാണ്ഡിത്യമുള്ളയൊരാള് തുനിഞ്ഞാല്‍ അതുകേട്ട് തിരിച്ചറിവില്ലാത്തവരുടെ മനസ്സിലെ ഒരുഭ്രമമായിരിക്കും ഈ വിഷയത്തില്‍ ബന്ധമില്ലാത്തവര്ക്കനുഭവപ്പെടുക. അതായത്: വളരെ അകലത്തുനിന്ന് ഒരാജ്ഞയാല് ഇവിടെയൊരു വിളക്കുതെളിയാനെന്തു സമയംവേണമെന്നും, വേഗത എത്രയെന്നും ഇതിലൂടെ എന്ത് എങ്ങനെയാണ് വരുന്നതെന്നും സാധാരണക്കാരന്റെ ചോദ്യത്തിനൊരു മറുപടി ശരിയായനിലയില്‍ വിവരിച്ചു കൊടുത്താല്‍ വിവരിക്കുന്നവനു ചിത്തഭ്രമമുണ്ടെന്നേ സാധാരണക്കാരന് പറയൂ! ഈ അവസ്ഥയില്‍നിന്നും എത്രയോമടങ്ങ് അകലത്തിലുള്ള വീക്ഷണപാടവത്തെ ബ്രഹ്മജ്ഞാനി വിവരിച്ചാലുള്ള അവസ്ഥ പറയേണ്ടതില്ലല്ലോ. ഈ അവസ്ഥയിലെത്തിയ ജ്ഞാനികള്‍ സമൂഹമധ്യത്തില്‍ എത്തിയാല്‍ പരിപൂര്‍ണ്ണ മൗനിയായി വര്‍ത്തിച്ചേക്കാം.
ശാസ്ത്രത്തെ അപ്പാടെ തൂത്തെറിയുംവിധം ഇച്ഛാശക്തിയിലൂടെ വ്യാപരിക്കുന്ന യോഗി ഒരിക്കലും തന്റെ ജ്ഞാന യജ്ഞത്തിനല്ലാതെ പ്രദര്‍ശനത്തിനോ പരീക്ഷണത്തിനോ ഒരിക്കലും സിദ്ധി വൈഭവം വിനിയോഗിക്കാറില്ല. കാരണം ഇത് ജീവസന്ധാരണമൊ കച്ചവടമോ അല്ല മറിച്ച് ഇത് ബ്രഹ്മജ്ഞാനയോഗമത്രേ. സ്വച്ഛന്ദമൃത്യുവരിക്കുന്ന ഇവരെ മരണം ഭയക്കുന്നു. ഇത്തരം യോഗിവര്യന്മാരെ ഹിമാലയസാനുക്കളില്‍ തിരിച്ചറിയാതെ വീക്ഷിച്ച പല പുണ്യാത്മാക്കളുടേയും അനേക തെളിവാര്‍ന്ന കുറിപ്പുകള്‍ നിലവില്‍ പ്രതിഫലേച്ഛകൂടാതെ ലഭ്യമാണ്. അവയെ ശാസ്ത്രസത്യങ്ങള്ക്കായി നിരത്തി കൈയ്യടി വാങ്ങാന്‍ ആരും തുനിയാറുമില്ല. സര്‍വസംഗപരിത്യാഗികളായി ചുറ്റിതിരിയുന്ന ഇവര്‍ക്കു പ്രശസ്തി പത്രവുമായിനടക്കുന്നവര്ക്കത്രേ വേണ്ടൂ ഭൗതികതയുടെ ശാസ്ത്രരേഖകള്‍. ബ്രഹ്മാന്വേഷികള്ക്കും ബ്രഹ്മജ്ഞാനിക്കും സ്വയംകൃതമായി കിട്ടുന്ന അറിവാണുള്ളത്. അല്ലാതെ നിരത്തില്‍ നിരത്തിയ അറിവുകള്‍ അവര്‍ തേടാറില്ല. ഈ ത്യാഗികളില്നിന്നുത്ഭവിച്ച അറിവത്രേ ചെറു ഉറവയായി, ചോലയായി, നദിയായൊഴുകി സാഗരമായി നിലകൊള്ളുന്നത്. അതില്നിന്നല്പാല്പം കോരിവെച്ചവയത്രേ നിരത്തില്‍ നിരത്തിയിരിക്കുന്ന അറിവുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: