ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിന്റെ പത്താം ദിനം വീണ്ടും ഭാരതത്തിന്റെ മെഡല്‍ക്കൊയ്ത്ത്. ഇന്നലെ മാത്രം രണ്ട് വീതം സ്വര്‍ണവും വെള്ളിയും അഞ്ച് വെങ്കലവുമടക്കം 9 മെഡലുകളാണ് നേടിയത്. ഇതോടെ ആകെ 15 സ്വര്‍ണവും 26 വെള്ളിയും 28 വെങ്കലവുമടക്കം 69 മെഡലുകളുമായി ഭാരതം നാലാം സ്ഥാനത്ത് തുടരുന്നു.
161 സ്വര്‍ണവും 90 വെള്ളിയും 46 വെങ്കലവുമടക്കം 297 മെഡലുകളുമായി ചൈന ഒന്നാം സ്ഥാനത്ത് തുടരുന്നു. 33 വെള്ളിയും 47 വെള്ളിയും 50 വെങ്കലവുമടക്കം 130 മെഡലുകളുമായി ജപ്പാന് രണ്ടാം സ്ഥാനത്തും 32 സ്വര്‍ണവും 42 വെള്ളിയും 65 വെങ്കലവുമടക്കം 139 മെഡലുകളുമായി ദക്ഷിണ കൊറിയ മൂന്നാം സ്ഥാനത്തും തുടരുന്നു.
അഫ്സലിന് വെള്ളിത്തിളക്കം
പുരുഷന്മാരുടെ 800 മീറ്ററില്‍ മലയാളി താരം മുഹമ്മദ് അഫ്സലിന് വെള്ളിത്തിളക്കം. സ്കൂള്‍ മീറ്റുകളിലെ മിന്നും താരമായിരുന്ന പാലക്കാട് സ്വദേശി അഫ്സല് ഒരു മിനിറ്റ്് 48.43 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് കരിയറിലെ ആദ്യ ഏഷ്യന്‍ മെഡല്‍ സ്വന്തമാക്കിയത്. സൗദിഅറേബ്യയുടെ ഇസ്സ അലിസ് ഖവാനി 1 മിനിറ്റ് 48.05 സെക്കന്‍ഡില്‍ സ്വര്‍ണം നേടിയപ്പോള്‍ ഒമാന്റെ ഹുസൈന് മൊഹ്സിന്‍ അല്‍ ഫര്‍സി 1 മിനിറ്റ് 48.51 സെക്കന്‍ഡില്‍ വെങ്കലവും സ്വന്തമാക്കി.
തേജസ്വിന് വെള്ളി
49 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഏഷ്യന്‍ ഗെയിംസ് ഡക്കാത്തലണില്‍ ഭാരതം മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചു. പുതിയ ദേശീയ റിക്കാര്‍ഡുമായി തേജസ്വിന് ശങ്കറാണ് (7666 പോയിന്റ്) വെള്ളി സ്വന്തമാക്കി ചരിത്രം കുറിച്ചത്. 1974ലെ ഏഷ്യന്‍ ഗെയിംസിലാണ് ഇതിന് മുന്‍പ് ഭാരതത്തിന് ഈയിനത്തില്‍ മെഡല്‍ നേടാനായിരുന്നത്. അന്ന് 7375 പോയിന്റുമായി ഗെയിംസ് റിക്കാര്‍ഡോടെ വിജയ് സിങ് ചൗഹാനാണ് പൊന്നണിഞ്ഞത്. 6836 പോയിന്റുമായി മലയാളി താരം സുരേഷ് ബാബു വെങ്കലവും നേടിയിരുന്നു. അതിനുശേഷം ഇത്തവണയാണ് ഡക്കാത്തലണില്‍ ഭാരതം മെഡലണിയുന്നത്. ഭാരതീന്ദര് സിങ്ങിന്റെ പേരിലുണ്ടായിരുന്ന 7658 പോയിന്റിന്റെ റിക്കാര്‍ഡാണ് ഇന്നലെ തേജസ്വിന് ശങ്കറിന് മുന്നില്‍ വഴിമാറിയത്.
ഹര്‍ഡില്‍സിലും ട്രിപ്പിള്‍ജമ്പിലും വെങ്കലം
വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സിലും പുരുഷ ട്രിപ്പിള്ജമ്പിലുമാണ് ഇന്നലെ ഭാരതം നേടിയ മറ്റ് രണ്ട് മെഡലുകള്‍.
400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വിദ്യ രാംരാജ് വെങ്കലമെഡല്‍ സ്വന്തമാക്കി. 55.68 സെക്കന്‍ഡിലാണ് വിദ്യ 400 മീറ്റര്‍ പിന്നിട്ടത്. കഴിഞ്ഞ ദിവസം ഹീറ്റ്സില്‍, ഒളിംപ്യന്‍ പി.ടി. ഉഷയുടെ 55.42 സെക്കന്‍ഡ് എന്ന നേട്ടത്തിനൊപ്പമെത്താന്‍ വിദ്യയ്ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ആ പ്രകടനം വിദ്യക്ക് ഫൈനലില്‍ നടത്താനായില്ല. 54.45 സെക്കന്‍ഡില്‍ പുതിയ ഗെയിംസ് റിക്കാര്‍ഡോടെ ബഹ്റിന്റെ കെമി അഡെകോയ സ്വര്‍ണം നേടിയപ്പോള്‍ ചൈനയുടെ മൊ ജിയാഡി വെള്ളിയും സ്വന്തമാക്കി.
ട്രിപ്പിള്‍ജംപില്‍ 16.68 മീറ്റര്‍ ചാടിക്കടന്നാണ് പ്രവീണ്‍ ചിത്രവേല്‍ വെങ്കലം സ്വന്തമാക്കിയത്. അതസമയം 16.62 മീറ്റര്‍ ചാടിയ മലയാളി താരം അബ്ദുള്ള അബൂബക്കര്‍ നാലാം സ്ഥാനത്തായി. 17.13 മീറ്റര്‍ ചാടിയ ചൈനയുടെ ഷു യാമിങ് സ്വര്‍ണവും അവരുടെ തന്നെ ഫാങ് യോക്വിങ് 16.93 മീറ്റര്‍ ചാടി വെള്ളിയും നേടി.
കഴിഞ്ഞ ദിവസം വനിതാ ലോങ്ജംപില്‍ ഭാരതത്തിനായി തൃശൂര്‍ നാട്ടിക സ്വദേശി ആന്‍സി സോജന് വെള്ളി നേടി. 6.63 മീറ്റര്‍ ചാടിയാണ് ആന്‍സി ചൈനീസ് താരത്തിന് പിന്നില്‍ വെള്ളി സ്വന്തമാക്കിയത്.
4-400 മീറ്റര്‍ മിക്സഡ് റിലേയിലും കഴിഞ്ഞ ദിവസം ഭാരതം വെള്ളി നേടി. മുഹമ്മദ് അജ്മല്‍, വിദ്യ രാംരാജ്, രാജേഷ് രമേഷ്, ശുഭ വെങ്കടേശന് എന്നിവരടങ്ങിയ ടീം മൂന്ന് മിനിറ്റ് 14.34 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ബഹ്റിന് പിന്നില്‍ വെള്ളി നേടിയത്. വനിതകളുടെ സ്റ്റീപ്പിള്‍ചേസില്‍ പ്രീതി ലാംബയും കഴിഞ്ഞ ദിനം വെങ്കലം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: