ഇടുക്കി: സീറോ മലബാര്‍ പള്ളിയുടെ കീഴിലുള്ള ഇടുക്കി രൂപതയിലെ കത്തോലിക്കാ പുരോഹിതന് ബിജെപിയില്‍ ചേര്‍ന്നു. ഫാദര്‍ കുര്യാക്കോസ് മറ്റം ആണ് തിങ്കളാഴ്ച ബിജെപിയില്‍ ചേര്‍ന്നത്. വാര്‍ത്ത പുറത്തുവന്ന് മിനിറ്റുകള്‍ക്കകം ഇടുക്കി രൂപത അദ്ദേഹത്തെ പുരോഹിതന്റെ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിവാക്കി.
ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ്. അജിയുടെ കയ്യില്‍ നിന്നും ഫാദര്‍ കുര്യാക്കോസ് മറ്റം ബിജെപിയുടെ പ്രാഥമിക അംഗത്വം എടുത്തു. ഇതോടെയാണ് മിനിറ്റുകള്‍ക്കം അച്ചനെ പദവികളില്‍ നിന്നും നീക്കം ചെയ്തതായി ഇടുക്കി രൂപത അറിയിച്ചത്. അടിമാലിയിലെ മങ്കുവ സെന്റ് തോമസ് പള്ളിയിലെ പുരോഹിതനായിരുന്നു ഫാദര്‍ കുര്യാക്കോസ് മറ്റം.
പുരോഹിതന്മാര് ഒരു രാഷ്ട്രീയപാര്‍ട്ടികളിലും സജീവ പ്രവര്‍ത്തകര്‍ ആകരുതെന്നിരിക്കെയാണ് ഇനി വിരമിക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ 74കാരനായ ഫാദര്‍ കുര്യാക്കോസ് മറ്റം ബിജെപിയില്‍ ചേര്‍ന്നത്. ഇതിന് ക്നാനയ നിയമപ്രകാരം അച്ചടക്ക നടപടികള്‍ കൈക്കൊള്ളുമെന്നും ഇടുക്കി രൂപത താക്കീത് ചെയ്തു.
മണിപ്പൂരിന്റെ പേരില്‍ ബിജെപിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി
മണിപ്പൂര്‍ വംശഹത്യയുടെ പേരില്‍ കേരളത്തിലെ ക്രിസ്ത്യന്‍ പള്ളികള്‍ ബിജെപിയെ വിമര്ശിച്ചുക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഫാദര്‍ കുര്യാക്കോസ് മറ്റം ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍ ചേരാതിരിക്കാന്‍ ഒരു കാരണവും താന്‍ കാണുന്നില്ലെന്നാണ് ഫാദര്‍ കുര്യാക്കോസ് മറ്റത്തിന്റെ വിശദീകരണം. “സമകാലിക രാഷ്ട്രീയം നന്നായി പിന്തുടരുന്ന വ്യക്തിയാണ് ഞാന്‍. ബിജെപിയില്‍ ചേരാതിരിക്കാന്‍ മാത്രം ഒരു കാരണവും ഞാന്‍ കാണുന്നില്ല. രാജ്യത്തെ ബിജെപി എന്താണെന്നതിനെ സംബന്ധിച്ച് നല്ല ധാരണയുണ്ട്.” – ഫാദര്‍ കുര്യാക്കോസ് മറ്റം പറയുന്നു.
ബിജെപിയിലേക്കുള്ള ക്രിസ്ത്യന്‍ പുരോഹിതന്റെ പ്രവേശനം മണിപ്പൂര്‍ വിഷയത്തില്‍ ബിജെപിയെ വിമര്‍ശിക്കുന്നവര്‍ക്കുള്ള ചുട്ട മറുപടിയായിരിക്കുമെന്ന് ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് അജി പറഞ്ഞു. അജി തന്റെ ഫേസ് ബുക്ക് പേജിലാണ് ഫാദര്‍ കുര്യാക്കോസ് മറ്റത്തിന്റെ ബിജെപി പ്രവേശനം സംബന്ധിച്ച് പുറംലോകത്തെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: