തൃശൂര്‍: കരുവന്നൂര്‍ ബാങ്കിലെ പ്രതിസന്ധി പരിഹരിക്കാന്‍ കേരളബാങ്കില്‍ നിന്നും പണം നല്‍കാനുള്ള സിപിഎം നീക്കം നബാര്‍ഡ് വിലക്കി. ശനിയാഴ്ചയാണ് ഇക്കാര്യം അടിയന്തര ഫാക്സ് സന്ദേശത്തിലൂടെ നബാര്‍ഡ് കേരളബാങ്കിനെ അറിയിച്ചത്. ഇതോടെ കേരളാബാങ്കില്‍ നിന്നും 50 കോടി അടിയന്തരമായി എടുത്ത് കരുവന്നൂര്‍ ബാങ്കിലെ പ്രതിസന്ധിയ്ക്ക് ഒരളവ് തടയിടാനുള്ള സിപിഎം തീരുമാനം പൊളിഞ്ഞു.
തട്ടിപ്പിലൂടെ പ്രതിസന്ധിയിലായ സഹകരണസംഘത്തിന് പണം നല്‍കുന്നത് റിസര്‍വ് ബാങ്കിന്റെ വായ്പാ മാര്‍ഗ്ഗരേഖയ്ക്ക് എതിരാണെന്നും ഇക്കാര്യം ഗൗരവമായി കാണണമെന്നും കത്തില്‍ നബാര്‍ഡ് ചൂണ്ടിക്കാട്ടുന്നു. ഇതോടെ മൂന്ന് ദിവസത്തിനുള്ളില്‍ കരുവന്നൂര്‍ ബാങ്കിന്റെ പ്രതിസന്ധി കേരളബാങ്കിലെ പണം കൊണ്ട് തീര്‍ക്കാമെന്ന സിപിഎം വ്യാമോഹം പൊളിയുകയാണ്.
കത്തിന്റെ പകര്‍പ്പുമായി കേരളബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കലും വൈസ് പ്രസിഡന്റ് എം.കെ. കണ്ണനും സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനെ കണ്ടു ചര്‍ച്ചചെയ്തിരുന്നു. കേരളബാങ്കിനെ കരുവന്നൂര്‍ പ്രതിസന്ധി തീര്‍ക്കാന്‍ പണം നല്‍കാനാവില്ലെന്നും അവര്‍ ഗോവിന്ദനോട് വ്യക്തമാക്കി.
ഇതോടെ കരുവന്നൂര്‍ ബാങ്ക് പ്രശ്നം സിപിഎമ്മിനും പിണറായി സര്‍ക്കാരിനും കീറാമുട്ടിയാവുകയാണ്. പ്രതിസന്ധി എത്രയും വേഗം തീര്‍ത്തില്ലെങ്കില്‍ സിപിഎം തന്നെ വെട്ടിലാവുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: