കോഴിക്കോട്: കൈയിലുണ്ടായിരുന്ന പണം സഹകരണ സംഘത്തില്‍ കുടുങ്ങി, കിടപ്പുരോഗിയായ ഭാര്യയുടെ ചികിത്സയ്ക്ക് പണം എങ്ങനെ കണ്ടെത്തുമെന്ന ആധിയിലാണ് കുന്ദമംഗലം പെരിങ്ങൊളം എപിബി നിവാസിലെ ഭാസ്കരന് എന്ന എണ്പതുകാരന്. 2015ലാണ് ഭാസ്കരന് ഈര്‍ച്ചമില്ലു നടത്തിക്കിട്ടിയ 9 ലക്ഷം സൊസൈറ്റിയില്‍ നിക്ഷേപിച്ചത്. ഭാര്യയുടെ നിക്ഷേപത്തുകയും സൊസൈറ്റിയിലേക്ക് മാറ്റി. അങ്ങനെ 14.5 ലക്ഷം രൂപ നിക്ഷേപിച്ചു. ഭാസ്കരന് ഇപ്പോള്‍ കുന്ദമംഗലം ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ ഒന്നാം നിലയിലെ ഒറ്റമുറിയില്‍ പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ സൊസൈറ്റിയില്‍, പണം കിട്ടുമോ എന്നന്വേഷിച്ച് കയറിയിറങ്ങുകയാണ്.
കോണ്‍ഗ്രസ് നേതാക്കള്‍ വീട്ടില്‍ വന്ന് നിര്‍ബ്ബന്ധിച്ചപ്പോഴാണ് ഭാസ്കരന് സൊസൈറ്റിയില്‍ നിക്ഷേപിച്ചത്. സംസാരശേഷി നഷ്ടപ്പെട്ട്, കിടപ്പുരോഗിയായ ഭാര്യ അസുഖം മൂര്‍ച്ഛിക്കുന്നതുവരെ സൊസൈറ്റിയിലെ പണം തിരികെ കിട്ടുമോയെന്ന ആശങ്ക പങ്കുവച്ചിരുന്നു. 2015 മാര്‍ച്ച് 28 നാണ് നിക്ഷേപിച്ചത്. കാലാവധിക്കു ശേഷം പണം ചോദിച്ചപ്പോള്‍ നേതാക്കള്‍ കൈമലര്‍ത്തി. ഇത് കാര്‍ത്ത്യായനിയമ്മയെ മാനസികമായി തളര്‍ത്തി. ശാരീരികാവശതകളും കൂടിയായതോടെ അവര്‍ കിടപ്പിലായി.
സാധാരണക്കാരായ മുന്നൂറോളം നിക്ഷേപകരാണ് തട്ടിപ്പില്‍ കുടുങ്ങിയത്. ഇവരുടെ ഏഴു കോടിയിലധികം രൂപയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സൊസൈറ്റിയുടെ തട്ടിപ്പില്‍ പെട്ടത്. 2002ല്‍ ആരംഭിച്ച സൊസൈറ്റി ലാഭത്തിലായിരുന്നു. സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍, കുടുംബസ്വത്ത് ഭാഗം വച്ചതിലൂടെ പണം ലഭിച്ചവര്‍, തുടങ്ങി കൂടുതല്‍ പലിശ കിട്ടുമെന്ന മോഹന വാഗ്ദാനത്തില്‍ കുടുങ്ങി ദേശസാല്‍കൃത ബാങ്കുകളില്‍ നിന്ന് നിക്ഷേപം പിന്‍വലിച്ചവര്‍ വരെ അര്‍ബന്‍ സൊസൈറ്റിയുടെ വലയില്‍ കുരുങ്ങി. 2008ല്‍ തുടങ്ങിയ തട്ടിപ്പ് ആഴത്തിലുള്ളതായിരുന്നു. ഒരു ജീവനക്കാരിയെ മുന്‍നിര്‍ത്തിയാണ് സാമ്പത്തികത്തട്ടിപ്പ് നടത്തിയതെന്നാണ് നിക്ഷേപകരുടെ പരാതി. 1.17 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. ഒരു ജീവനക്കാരി മാത്രം വിചാരിച്ചാല്‍ ഇത്രയും ലക്ഷങ്ങള്‍ തട്ടിയെടുക്കാനാവില്ലെന്ന് നിക്ഷേപകര്‍ വ്യക്തമാക്കുന്നു.
അര്‍ഹതയില്ലാത്ത സ്വജനങ്ങള്‍ക്ക് വായ്പ നല്‍കിയും മറ്റുള്ളവരുടെ പേരില്‍ വായ്പ സംഘടിപ്പിച്ചും ഭരണസമിതിക്കാരാണ് പണം അപഹരിച്ചതെന്ന് നിക്ഷേപകര്‍ പരാതിപ്പെടുന്നു. പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സഹകരണ സംഘം ജോയിന്റ് റജിസ്ട്രാര്‍ 200 പേജുള്ള റിപ്പോര്‍ട്ടാണ് തയ്യാറാക്കിയത്. 2007 മുതല്‍ 22 വരെയുണ്ടായിരുന്ന ഭരണസമിതി അംഗങ്ങളില്‍ നിന്നും ബന്ധപ്പെട്ട ജീവനക്കാരില്‍ നിന്നും പണം ഈടാക്കി നിക്ഷേപകര്‍ക്ക് നല്‍കണമെന്ന് ആര്ബിട്രേഷന് ഉത്തരവുമുണ്ടായി. വിശ്വാസ വഞ്ചന നടത്തിയെന്ന് കാണിച്ച് നിക്ഷേപകര്‍ നല്കിയ പരാതിയെത്തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും അംഗങ്ങളും സെക്രട്ടറിയും ജാമ്യം നേടി.
വെട്ടിപ്പിന് ആറ് വര്‍ഷമായിട്ടും നീതി ലഭിച്ചില്ലെന്ന് നിക്ഷേപകര്‍ ചേര്‍ന്ന് രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി കണ്‍വീനറും ഹയര്‍ സെക്കന്‍ഡറി റിട്ട. അധ്യാപകനുമായ കെ. അബ്ദുള്‍ഖാദര്‍ പറഞ്ഞു. മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, സംസ്ഥാന രജിസ്ട്രാര്‍, ഡിജിപി, ജില്ലാ കളക്ടര്‍, വിജിലന്‍സ് എന്നിവര്‍ക്കെല്ലാം പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ട്രൈബ്യൂണലിലും ഹൈക്കോടതിയിലും അനുകൂല വിധിയുണ്ടാവുകയും പലിശ സഹിതം നിക്ഷേപകര്‍ക്ക് തുക തിരിച്ചു നല്‍കണമെന്ന് ഉത്തരവായതാണ്. എന്നാല്‍ ഒരാശ്വാസ നടപടിയുമുണ്ടായില്ല. അദ്ദേഹം പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: