സൂററ്റ്(ഗുജറാത്ത്): അവയവദാനവും ദേശഭക്തിയുടെ പ്രവര്‍ത്തനമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്. സ്വതന്ത്രരാഷ്‌ട്രത്തില്‍ ദേശഭക്തി പ്രവര്‍ത്തിക്കുന്നത് സമാജസേവയുടെ രൂപത്തിലാണെന്നും അതില്‍ അവയവദാനത്തിന് പ്രമുഖമായ പങ്കാളിത്തമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൂററ്റില്‍ ഡൊണേറ്റ് ലൈഫ് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച അവയവദാതാക്കളുടെ കുടുംബസംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യത്തിന് മുമ്പ് ഓരോ പൗരന്റെയും ലക്ഷ്യം അടിമത്തത്തില്‍നിന്നുള്ള വിമോചനമായിരുന്നു. എല്ലാ വഴിയിലൂടെയും അതിനായി പ്രയത്‌നം നടന്നു. ആയുധമെടുത്ത് വിപ്ലവകാരികളും അഹിംസ ആയുധമാക്കി ഗാന്ധിജിയടക്കമുള്ള നേതാക്കളും അതിനായി പോരാടി. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം എന്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത്? എല്ലാം സര്‍ക്കാരിനെ ഏല്പിച്ച് അവര്‍ ചെയ്യട്ടെ എന്ന് കരുതുകയല്ല വേണ്ടത്.
പൗരധര്‍മ്മത്തിന്റെ പരിപാലനമാണ് നമ്മുടെ ദൗത്യമെന്ന് തിരിച്ചറിയണം. ഒരുമിച്ച് ചേര്‍ന്ന് മുന്നേറാനുള്ള ചുമതല ഓരോ പൗരനുമുണ്ട്. നിയമങ്ങളെ അനുസരിച്ച്, ഭരണഘടനയെ സംരക്ഷിച്ച്, സമാജത്തിലെ ഓരോ അംഗത്തെയും പരിപാലിക്കാനുള്ള ആ ദൗത്യനിര്‍വഹണത്തിനാണ് തയാറാകേണ്ടത്.കൊവിഡ് കാലത്ത് ഭാരതം അത് തെളിയിച്ചു.
സര്‍ക്കാരിനൊപ്പം സമാജം ഒറ്റക്കെട്ടായി നിന്നു. ലോകത്ത് കൊവിഡ് മഹാമാരിക്കെതിരെ ഏറ്റവും സമര്‍ത്ഥമായി പൊരുതിയതും വിജയിച്ചതും ഭാരതമാണ്. അതിന് കാരണം പൗരധര്‍മ്മത്തിലുള്ള നമ്മുടെ പാരമ്പര്യമാണ്. ദധീചിയുടെ ത്യാഗമാണ് നമ്മുടെ ആദര്‍ശം. ആസുരികതയെ ഇല്ലാതാക്കാന്‍ ദേവശക്തികള്‍ക്ക് അദ്ദേഹം നട്ടെല്ല് ദാനം ചെയ്തു. അത് പ്രപഞ്ചരക്ഷയ്‌ക്കുവേണ്ടിയുള്ള വജ്രായുധമായി.
മനുഷ്യശരീരം പൗരനന്മയ്‌ക്കുവേണ്ടിയുള്ളതാണ്. രാഷ്‌ട്രത്തിനായി ജീവിക്കാനും മരിക്കാനും വേണ്ടിയുള്ളതാണ്. മരണത്തിന് ശേഷവും ജീവന്‍ തുടിക്കുന്ന അവയവങ്ങളും അതിന് വേണ്ടിത്തന്നെ സമര്‍പ്പിക്കുന്ന ഈ മാതൃക രാഷ്‌ട്രഭക്തിയുടെ തന്നെ ഉദാത്തഭാവമാണെന്ന് സര്‍സംഘചാലക് പറഞ്ഞു.
2005ല്‍ ആരംഭിച്ച ഡൊണേറ്റ് ലൈഫ് എന്ന സംഘടന ഇതുവരെ രാജ്യത്തുടനീളം 1100 പേര്‍ക്ക് അവയവദാനം നിര്‍വഹിച്ചതായി പ്രസിഡന്റ് നിലേഷ് മണ്ട്‌ലേവാല പറഞ്ഞു. രാജ്യത്ത് 12 ലക്ഷത്തില്‍ ഒരാള്‍ മാത്രമാണ് അവയവദാനത്തിന് തയാറാകുന്നതെന്നും ഈ രംഗത്ത് കൂടുതല്‍ ബോധവത്കരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: