കോട്ടയം: സിപിഎം ഭരണത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ നൂറു കണക്കിന് പ്രത്യേകിച്ചും കോട്ടയത്തെ പ്രാഥമിക സഹകരണ സംഘങ്ങള്‍ അഴിമതിയും, കെടുകാര്യസ്ഥതയും കാരണം തകര്‍ച്ചയില്‍ എത്തി നില്‍ക്കുമ്പോഴാണ് അവയില്‍ നിന്നെല്ലാം ശ്രദ്ധ തിരിക്കുന്നതിനായി ഡിവൈഎഫ്ഐ നേതാവ് ജയ്ക്കിന്റെ പ്രസ്താവന വരുന്നതെന്ന് ബിജെപി മധ്യമേഖല അധ്യക്ഷന്‍ എന്‍. ഹരി.
സിപിഎം ഭരിക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ കേരളത്തിലെ സഹകരണ സംഘങ്ങളോട് ഇതേ കാര്യം പറയാനുള്ള ആര്‍ജ്ജവം ജയ്ക്കിനും ഡിവൈഎഫ്ഐക്കും ഉണ്ടോ എന്നും അദേഹം ചോദിച്ചു.
കോട്ടയത്തെ കര്‍ണാടക ബാങ്കില്‍ നിന്നും വായ്പ്പ എടുത്തതുമായി ബന്ധപ്പെട്ട് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം അപലപിക്കേണ്ടത് തന്നെയാണ്. പക്ഷെ രാഷ്ട്രീയ ദുഷ്ടലാക്കോടെ സഖാക്കളുടെ തീവെട്ടി കൊള്ളയെ മറയ്ക്കാന്‍ ഉപയോഗിക്കാനാണ് പദ്ധതി എങ്കില്‍ അത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നമായി അവശേഷിക്കും.
കോട്ടയത്തെ വ്യാപാരിയുടെ മരണം പോലെ കേരളത്തിലെ നൂറുകണക്കിന് സഹകാരികള്‍ സിപിഎംമ്മിന്റെ സഹകരണ കൊള്ളയില്‍ കഴിഞ്ഞ കാലയളവില്‍ മരണപ്പെട്ടിരുന്നു. അവിടങ്ങളില്‍ കാണാത്ത ഡിവൈഎഫ്ഐയുടെ പൊറാട്ടുനാടകം കോട്ടയത്ത് നടത്തിയതിനുള്ളിലെ വികാരം അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസിലാകുമെന്നു അദേഹം പറഞ്ഞു.
നിങ്ങള്‍ക്ക് ലേശമെങ്കിലും സാമൂഹിക പ്രതിബദ്ധതയോ, സമാജ സ്നേഹമോ ഉണ്ടെങ്കില്‍ ഈ പ്രസ്താവന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനോടാണ് പറയേണ്ടത്. കേരളത്തിലെ എല്ലാ ജില്ലകളിലേയും അനേകായിരം സാധാരണ ജനങ്ങളുടെ ഒരായുസ്സിന്റെ സമ്പാദ്യം സഹകരണ ബാങ്ക് കൊള്ളയിലൂടെ പാര്‍ട്ടി നേതാക്കളും അവരുടെ സില്‍ബന്ധികളും ധനാഡ്യരും, ആര്‍ഭാട ജീവിതക്കാരും ആയപ്പോള്‍ ഒരു നേരത്തെ ഭക്ഷണത്തിനും മരുന്നിനും കരുതി വച്ച സ്വന്തം സമ്പാദ്യം തിരികെ കിട്ടാന്‍ വരി നില്‍ക്കേണ്ടി വന്നു.
ഊഴമെത്തിയപ്പോള്‍ കയ്യിലേയ്ക്ക് നക്കാപ്പിച്ച കാശ് വച്ച് കൊടുത്ത് ബാക്കി ഉണ്ടാകുമ്പോള്‍ തരാന്‍ പറ്റുമോ എന്ന് നോക്കാം എന്ന് ധാര്ഷ്ട്യത്തില് പറഞ്ഞതും, കിഡ്നി രോഗികളും, ക്യാന്‍സര്‍ ബാധിതരും, ഹൃദയ ശസ്ത്രക്രിയ മുടങ്ങിയുമെല്ലാം ആളുകള്‍ മരണപ്പെട്ടപ്പോള്‍ ഈ ഊര്‍ജ്ജം കേരളത്തിലെ ഡിവൈഎഫ്ഐ നേതാക്കളില്‍ കണ്ടില്ലല്ലോ എന്നും അദേഹം ചോദിച്ചു.
സാധാരണക്കാരനോട് സിപിഎം ചെയ്ത ഈ കൊല ചതിയും വഞ്ചനയും തട്ടിപ്പും അന്വേഷിക്കാന്‍ എത്തിയ ഇഡിയെ കേസില്‍ കുടുക്കാന്‍ നോക്കുന്ന ശുദ്ധ ഫാസിസ്റ്റേ താങ്കള്‍ ഈ ബാങ്കുകള്‍ എല്ലാം ഇവിടെ പ്രവര്‍ത്തിക്കണോ എന്ന് മുഖ്യമന്ത്രിയോടു ചോദിക്കു. അദ്ദേഹം പറഞ്ഞില്ലേ എല്ലാവരുടേയും പണം സുരക്ഷിതമെന്ന്.
ഇത് സഖാക്കളുടെ കീശയിലാണ് ഭദ്രമെന്ന് സാമാന്യ ബോധമുള്ള ഏതൊരാള്‍ക്കും മനസ്സിലാവും. ഇനിയും താങ്കളേപ്പോലുള്ള ബലിയാടുകളും, നിറമുള്ള ക്യാപ്സൂളുകളും വരും ദിവസങ്ങളിലും ഉണ്ടാവുമെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും എന്‍. ഹരി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: