തിരുവനന്തപുരം: ആര്‍എസ്എസ് പ്രചാരകനായിരുന്ന പി.പി. മുകുന്ദന്റെ മരണാനന്തര ചടങ്ങുകള്‍ അദ്ദേഹത്തിന്റെ തറവാട്ടില്‍ നടന്ന അതേദിവസം ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും. ജഗതി അനന്തപുരി ആഡിറ്റോറിയത്തില്‍ ‘മുകുന്ദസ്മൃതി’ എന്ന പേരിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
രാവിലെ 11 ന് ആരംഭിച്ച ശ്രദ്ധാഞ്ജലി ഉച്ചയ്‌ക്ക് 1 മണി വരെ നീണ്ടുനിന്നു. അദ്ദേഹത്തോടൊപ്പം സംഘടനയിലും പൊതുരംഗത്തും പ്രവര്‍ത്തിച്ചവരും ആത്മാര്‍ഥമായി സ്‌നേഹിച്ചവരും ആയ സുഹൃത്തുക്കളുമാണ് അനന്തപുരി പൗരസമിതിയുടെ പേരില്‍ മുകുന്ദസ്മൃതി എന്ന പരിപാടി ഒരുക്കിയത്. പി.പി. മുകുന്ദന്റെ ചിത്രത്തിനു മുന്നില്‍ ഡോ. ബ്രഹ്മചാരി ഭാര്‍ഗവറാം നിലവിളക്ക് തെളിയിച്ചതോടെയാണ് ശ്രദ്ധാഞ്ജലി ആരംഭിച്ചത്.
നീതി നിഷേധമുണ്ടാകുന്ന സാഹചര്യങ്ങളില്‍ താന്‍ എടുത്ത തീരുമാനത്തില്‍ നിന്ന് കടുകിട വ്യതിചലിക്കാതെ മുന്നോട്ട് പോയ വ്യക്തിത്വം ആയിരുന്നു പി.പി. മുകുന്ദനെന്ന് ബ്രഹ്മചാരി ഭാര്‍ഗവറാം പറഞ്ഞു. സമചിത്തതയോടെ ഉറച്ചുനിന്നു കൊണ്ട് മുന്നോട്ടുപോകുന്നതിനൊപ്പം സമാനമായ എല്ലാവരെയും ചേര്‍ത്ത് പിടിച്ച് വഴിതെറ്റാതെ മുന്നോട്ട് നയിക്കാന്‍ പി.പി.മുകുന്ദന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ മുതിര്‍ന്ന നേതാവ് കെ. രാമന്‍പിള്ള, പി. അശോക് കുമാര്‍, തകിടി അപ്പുക്കുട്ടന്‍, വിഷ്ണുപുരം ചന്ദ്രശേഖരന്‍, വെങ്ങാനൂര്‍ ഗോപകുമാര്‍, ആചാര്യ കെ.ആര്‍. മനോജ്, പി. രാഘവന്‍, സി.കെ. കുഞ്ഞ്, എം. ഗോപാല്‍, കെ. ജയകുമാര്‍, ജഗതി മധുസൂദനന്‍ നായര്‍, കൗണ്‍സിലര്‍ ഷീജ മധു, ദുര്‍ഗാദാസ് ശിശുപാലന്‍, പി.പി. മുകുന്ദന്റെ അവസാന നാളുകളില്‍ അദ്ദേഹത്തെ പരിചരിച്ച വട്ടിയൂര്‍ക്കാവ് വിനോദ് കുമാര്‍, ഭാര്യ സിന്ധു, മണ്ണാമ്മൂല സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: