കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളില്‍ പര്യാടനം നടത്തുന്നത് ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. സര്‍ക്കാര്‍ ചെലവില്‍ ഇടതുപക്ഷം രാഷ്ട്രീയ പ്രചാരണം നടത്തരുതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ മുഖച്ഛായ നഷ്ടമായത് തിരിച്ചറിഞ്ഞാണ് ഇത്തരം രാഷ്ട്രീയനാടകത്തിന് മുഖ്യമന്ത്രി പിണറായി വിജയന് തയാറായത്. എന്നാല്‍ അഴിമതി ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ പൊതു ഖജനാവിലെ കോടികള്‍ പൊടിച്ച് ഷോ നടത്തിയത് കൊണ്ട് പ്രത്യേകിച്ച് ഒരു കാര്യവും പിണറായിക്കും സംഘത്തിനും ലഭിക്കില്ല. പൊതു തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിയും മന്ത്രിമാരും വന്‍കിട മുതലാളിമാരെ കണ്ട് ഫണ്ട് ശേഖരിക്കുകയാണ് യാത്രയിലൂടെ ഉന്നമിടുന്നത്. ദേശീയതലത്തിലെ ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് കേരളത്തില്‍ നിന്ന് ലഭിക്കുന്ന ഫണ്ട് കൂടിയേ തീരൂ. സാധാരണക്കാരായ ജനങ്ങളോട് സംവദിക്കാനാണ് മണ്ഡലം യാത്ര എന്ന് പറയുന്നത് വെറും തട്ടിപ്പാണ്.
സംസ്ഥാനത്തെ ജനങ്ങള്‍ നികുതി വര്‍ധനവും വിലക്കയറ്റവും കാരണം പൊറുതിമുട്ടിയിരിക്കയാണ്. സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ച നികുതികള്‍ ആദ്യം വെട്ടികുറയ്ക്കണം. അതിന് ശേഷം വിലക്കയറ്റം നിയന്ത്രിക്കണം. അല്ലാതെ സമൂഹത്തിലെ വന്‍കിടക്കാരെ മാത്രം കാണാനായി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന ഷോ വെറും പ്രഹസനമാകും. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ വികസനങ്ങളല്ലാതെ കേരളത്തില്‍ ഒന്നുമില്ലെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: