പ്രസന്നന്. ബി
ഏതൊരു സൃഷ്ടിക്കുള്ളിലും അവയുടെ അവസ്ഥാനുസരണം ഒരാത്മാവിനെ ആ സൃഷ്ടിവൈഭവമറിയാതെ സന്നിവേശിപ്പിച്ചിട്ടുണ്ടാവും. അപ്രകാരമുള്ള സൃഷ്ടികള്‍ വീണ്ടും വീണ്ടും കൂട്ടിയിണക്കുമ്പോള്‍ അവ തമ്മില്‍ യാതൊരു ബന്ധവുമില്ലാത്ത മറ്റൊരാത്മഗുണമായാണ് പ്രത്യക്ഷപ്പെടുക. എപ്രകാരമെന്നാല്‍ പ്രപഞ്ചമൂലക സംയോജനവേളയിലെ സ്വഭാവമാറ്റം പോലെ. അതായത് രണ്ട് ഹൈഡ്രജന്‍ ആറ്റവും ഒരു ഓക്സിജന്‍ ആറ്റവും സംയോജിച്ച് വെള്ളത്തിന്റെ ഒരു തന്മാത്ര ഉണ്ടാകുന്നു.
എന്നാല്‍ ഓക്സിജന്റെയൊ ഹൈഡ്രജന്റെയൊ യാതൊരു സ്വഭാവവും ഉണ്ടാകില്ല. എന്നാല്‍ പ്രാണവായു ആകാന്‍ ഉപയോഗിക്കുന്ന ശക്തി (അതിലെ ഘടകങ്ങളായ ഇലക്ട്രോണിനെയും പ്രോട്ടോണിനേയും
ന്യൂട്രോണിനേയും ഒന്നിച്ചു നിര്‍ത്താന്‍ സന്നിവേശിപ്പിച്ചിരിക്കുന്ന അഭൗമമായൊരു ശക്തി) തമ്മില്‍ കൂടുമ്പോള്‍ സ്വീകരിക്കുകയും വിഘടിക്കുമ്പോള്‍ പുറംതള്ളപ്പെടുകയും ചെയ്യുന്ന ഊര്‍ജ്ജാവസ്ഥ (ആത്മാവസ്ഥ) സന്തുലിമാക്കാതെ തുറന്നുവിട്ടാണ് അന്നും ഇന്നും പലതും നടത്തിയതും നടക്കുന്നതും. ഇപ്രകാരം തന്നെയാണ് പ്രപഞ്ചമൂലകങ്ങളാല് സംജാതമാകുന്ന ഓരോസൃഷ്ടിസംയോഗവും, അതിനുള്ളില്‍ കുടികൊള്ളുന്ന ആത്മാവിന്റെ പ്രകടഭാവവും നിലനില്ക്കുക. അതിനാല്‍ അണു സംയോജനം, വിഘടനം ഇവയിലൂടെ ആവാഹിക്കുകയും പുറംതള്ളുകയും ചെയ്യപ്പെടുന്ന അഭൗമമായ ഈ ശക്തിയുടെ ഉറവിടം തിരിച്ചറിഞ്ഞാണ് ഋഷിവര്യന്മാര് ആയുധരഹസ്യത്തിലെ പ്രയോഗം അവയുടെ ഉപസംഹാരം തുടങ്ങി പല അത്ഭുതവും സാധ്യമാക്കിയിരുന്നത്.
ഇവിടെ പ്രകൃതി അനായാസം നടത്തുന്ന സന്താനോല്പത്തിയില് ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കുക തനിക്കൊരു സന്തതിയെയാണ്. അത് പ്രകൃതി ആ ആഗ്രഹം ഉള്ക്കൊള്ളിച്ചതൊരു കാമനയാലാണ്. ആ സന്താനത്തിന് ലിംഗവ്യത്യാസം കാട്ടാതുള്ളൊരു സംരക്ഷണ കവചം മാത്രമാണ് മാതാപിതാക്കള്‍. എന്നാല്‍ ഇതില്‍ ഏത് ആത്മാവ് കുടികൊള്ളണമെന്ന് ഋഷീശ്വരന്മാരൊഴിച്ച് ആരും സ്വപ്നേപി തീരുമാനിക്കാറില്ല. ഇപ്രകാരം സൃഷ്ടിക്കപ്പെടുന്ന ഏതൊന്നിനേയും സൃഷ്ടിയില്‍ സന്നിവേശിക്കപ്പെട്ട മൂലക സംയോഗത്തിന്റെ ആധാര ശൃംഖലയ്ക്കനുകൂലമായേ ആത്മാവ് പ്രവര്‍ത്തിക്കുക യുള്ളൂ.
ഇവിടെ മാതാപിതാക്കളിലുടെ ഭ്രൂണസംവിധാനം സ്വീകരിച്ച അല്ലെങ്കില്‍ സമയബന്ധിതമായാവാഹിച്ച മൂലകസംയോഗം ഋഷിമാര്‍ മുന്‍കൂട്ടി മനസിലാക്കി സമയവും സന്ദര്‍ഭവും പ്രകൃതിലക്ഷണശാസ്ത്രവും മനസിലാക്കിയത്രേ ഉത്തമ സന്തതീ ജന്മത്തിനാധാരമായ മുഹൂര്‍ത്തം നിശ്ചയിക്കുന്നത്. അല്ലാതുള്ളവയെ അറിയണമെങ്കില്‍ ക്രിയതെറ്റാതുള്ള നിയതീനിയന്ത്രണവും അവയുടെ മുഹൂര്ത്തലക്ഷണശാസ്ത്രവും അറിവുള്ള ജ്യോതിശാസ്ത്ര പണ്ഡിതരാല്‍ (ഇവരും ഋഷിതുല്യരത്രേ ഇന്നത്തെ ഉദരനിമിത്തരല്ല) നിശ്ചയിക്കേണ്ടവയുമാകുന്നു. ഒരാത്മാവ് ഒരുസൃഷ്ടിയില് സന്നിവേശിക്കുമ്പോള്‍ ആ സൃഷ്ടിക്കാധാരമായേ പ്രവര്‍ത്തിക്കുവാന്‍ സാധിക്കൂ. ഉപകരണങ്ങളില്‍ വൈദ്യുതിയെന്ന ഊര്‍ജ്ജം കടന്നുചെല്ലുമ്പോള്‍ ഉപകരണത്തിന്റെ സ്വഭാവമനുസരിച്ചേ പ്രവര്‍ത്തിക്കൂ. വൈദ്യുതിയുടെ സ്വഭാവം ഒന്നാണെങ്കിലും യന്ത്രസ്വഭാവ രീതി വ്യസ്ത്യസ്ഥമായസ്ഥിതിക്ക് അപ്രകാരമേ പ്രവര്‍ത്തിക്കൂ. ഇതുതന്നെയാണ് ചരാചരപ്രക്രിയയിലും പ്രകടമാകുക. ഒരു സൃഷ്ടിയില്‍നിന്നും ആത്മാവു പുറത്തുപോയി അല്ലെങ്കില്‍ മരിച്ചുപോയി എന്നുപറയുമ്പോള്‍ അതിലെ പ്രകടസ്വഭാവത്തിനു മാറ്റമുണ്ടായി എന്നേകരുതാവൂ. അതില്‍ സമ്മേളിച്ച ആത്മാവിന് ഒരു മാറ്റവും സംഭവിക്കുകയില്ല. ഭഗവത്ഗീതയില്‍ ഭംഗിയായിതു വിശദീകരിക്കുന്നുണ്ട്. മരണാനന്തര ക്രിയകളും ഇതനുസരിച്ചാണു ചിട്ടപ്പെടുത്തിയതും. (ഇന്നത്തെ കോപ്രായമല്ല) ഇവയുടെ എല്ലാം അറിവിന്റെ അസ്ഥിത്വമാണ് സനാതനധര്‍മ്മം. ഇവിടെ ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസമില്ല. ഇതില്‍ മുളച്ചുപൊന്തിയതത്രേ ഇന്നു നാം കാണുന്ന എല്ലാ തത്ത്വസംഹിതയും.
പ്രപഞ്ചമൊന്നാകെ പ്രവര്‍ത്തനനിരതമാക്കുന്ന ഈ ആത്മാവിന്റെ ഉറവിടം വളരെ ലളിതമായി മഹാത്മാക്കളിലെ ആത്മാവറിയുമ്പോഴും അവരുടെ തലത്തിലെത്താത്തവര്ക്ക് ആ വിശദീകരണം മനസിലാവില്ല. കാരണം അവരുടെ സൃഷ്ടിയിലെ മൂലകസംയോജന സംവിധാനത്തിന്റെ ഘടനാവ്യത്യാസം അപ്രകാരമാകയാലാണ്.
ആത്മാവിനാധാരമായ ഉറവിടം അതിന്റെ വ്യാപ്തി ഋഷിവര്യന്മാരറിയുമ്പോഴും പ്രകടമാക്കാന്‍ പറയുന്നതാണ് അജ്ഞത. എപ്രകാരമെന്നാല്‍ ഒരു ഗണിതവിദ്വാനോട് അക്കത്തിന്റെ തുടക്കവും ഒടുക്കവും ഏതെന്ന ചോദ്യത്തിന് മൗനമായിരിക്കും ഉത്തരം. എന്നാല്‍ വിദ്വാനെ സംബന്ധിച്ചിടത്തോളം അക്കങ്ങളെല്ലാം തുല്യപ്രധാനവും അവസ്ഥാനുസരണം വ്യത്യാസവുമായിരിക്കും. വളരെ ചുരുങ്ങിയസംഖ്യകളാല് പ്രപഞ്ചപൂരിതമായ ഗണിതത്തിന്റെ ഇടതടവില്ലാതുള്ള സഞ്ചാരത്തിനിടയിലൂടതിനെ വീക്ഷിച്ചാല്‍ ഒരെത്തുംപിടിയുംകിട്ടാത്ത മഹാസംഭവമായിമാറും.
ഇത്തരത്തില്‍ മഹാപ്രപഞ്ചനാഥനെ ഉള്‍ക്കൊളളുന്ന സനാതനധര്‍മ്മത്തിലൂടെ സഞ്ചരിക്കാതെ എന്റേതും നിന്റേതുമാക്കി കീറിമുറിച്ചു വികലമാക്കിവെച്ച വികടശാസ്ത്ര പ്രക്രിയയിലൂടെ നോക്കുന്നവര്‍ക്ക് ഏതെവിടെനോക്കിയാലും അതുശരിയായേ തോന്നൂ. ഇതിന്റെ യഥാര്‍ത്ഥമുഖം തിരിച്ചറിയാന്‍ ആവില്ല. അതിനും ഗണിതത്തെ അവലംബിക്കാം. ഒരുനിശ്ചിത ക്രിയ കൃത്യമായി ചെയ്താല്‍ അത് പൂര്‍ണമായും ശരിയാണ് അതു ചെയ്ത ആള് അഗ്രഗണ്യനുമാണ്. അതേക്രിയ മറ്റൊരാള്‍ മറ്റൊരുവഴിചെയ്താല് ഉത്തരം ഒന്നെങ്കില്‍ അതും ശരിയാണ്. ഇങ്ങനെപോകുന്നു. അതുകൊണ്ടൊന്നും ഗണിതം പൂര്‍ണ്ണമാകുന്നില്ല. ഗണിതമെന്നത് മറ്റൊരുവഴിയാണ്. മുന്‍പറഞ്ഞ എണ്ണിയാലൊടുങ്ങാത്ത ക്രിയകളുടെ ഒരു സമ്മേളനം ഗണിതത്തിന്റെ ചില ഭാവങ്ങള്‍മാത്രം. ഈ പറഞ്ഞവയിലെല്ലാം ഗണിതത്തിന്റെ വിവിധങ്ങളായ തലങ്ങളുണ്ടാവും. പരിപൂര്‍ണമായ ഗണിതശാസ്ത്രത്തെ മനസിലാക്കാന്‍ ഈ ക്രിയകള്‍ക്കൊന്നും കഴിയില്ല. അതുപോലെയാണ് സനാതനധര്‍മ്മവും നിലകൊള്ളുന്നത്. അത് ഒരു മതത്തിലൂടെ മനസിലാക്കാന്‍ സാധ്യമല്ല എന്നാല്‍ എല്ലാമതങ്ങളും ഇത് അലന്തര്ലീനവുമാണ്. ഒരുമതത്തെയും സനാതനധര്‍മ്മത്തിന് തള്ളാനാകില്ല. എല്ലാം അതില്‍ അന്തര്‍ലീനമാണ്. അതുകൊണ്ടതു നശിക്കുന്നതുമല്ല. ഏതൊരുമതം നിലനിന്നാലും അതിന്റെ അസ്ഥിത്വം സനാതനധര്മ്മത്തിന്റേതായിരിക്കും. ഈ ധര്‍മ്മം ഉദ്ഘോഷിക്കുന്ന ആത്മസ്വരൂപമത്രേ സകലചരാചരത്തിലും അവലംബമായി നിലകൊള്ളുന്ന പരബ്രഹ്മസ്വരൂപം! ഇതുള്ക്കൊള്ളാതുള്ള മുറവിളിയത്രേ ചേരിതിരിഞ്ഞുള്ള എന്റേതും നിന്റേതുമായ ഈശ്വര സങ്കല്പം. സനാതനധര്‍മ്മം ഒരുമതമോ,ജാതിയൊ സമൂഹമോഅല്ല. ഇതറിവാണ.് ഈ അറിവിനെ ഉള്ക്കൊണ്ടെങ്കില്മാത്രമേ ഓരോ മതത്തേയും യഥാവിധി മനസിലാക്കാന്‍ കഴിയൂ. ഈ തിരിച്ചറിവു വരുവോളം മതംകൊണ്ട് അപകടമല്ലാതെ യാതൊരുവിധ ഗുണവും ഉണ്ടാകില്ല. ഇതുമനസിലാക്കാത്ത ഇന്നത്തെ തലമുറ നാരായവേരറുത്ത മരംകണക്കെ കാലക്രമേണ നിലംപൊത്തും. ഇതിനെ യഥാവിധി ഉള്‍ക്കൊള്ളുന്തോറും സ്പര്‍ദ്ധ വിട്ടകന്ന് ശാന്തിയും സമാധാനവും താനേ വരുന്നതുകാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: