ന്യൂദല്‍ഹി : അവിശ്വസനീയമായ വളര്‍ച്ചയുടെ കഥയാണ് മോദിയുടേത് ജീവിതം. ഗുജറാത്തിലെ ഒരു ചെറിയ ചായക്കടയിലെ ചായവില്‍പനക്കാരനായി തുടങ്ങിയ അദ്ദേഹം പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിയായും ലോകത്തിലെ തന്നെ ജനപ്രിയ നേതാവും ആയി മാറി.
വാഡ്നഗറില്‍ നിന്നും തുടക്കം
ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് വാഡ് നഗര്‍. 1950 സപ്തംബര്‍ 17നാണ് ജനിച്ചത്. ഒരു ഒറ്റനിലവീട്ടില്‍ ആണ് മോദി വളര്‍ന്നത്. വെറും 480 ചതുരശ്ര അടിയുള്ള വീട്ടില്‍.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പഠനത്തോടൊപ്പം കുടുംബം നടത്തിയിരുന്ന ചായക്കടയില്‍ ചായവില്‍പനയും മോദി നടത്തി. കുട്ടിയായിരിക്കുമ്പോഴും കഠിനാധ്വാനമായിരുന്നു മോദിയുടെ മുഖമുദ്ര. വായനയിലും ചര്‍ച്ചകളിലും താല്‍പര്യം. പ്രാദേശിക ലൈബ്രറിയില്‍ മണിക്കൂറുകളോളം പുസ്തകങ്ങള്‍ക്ക് മുന്‍പില്‍ ചെലവഴിച്ചിരുന്ന മോദിയെ കൂട്ടുകാര്‍ ഓര്‍മ്മിയ്‌ക്കുന്നു.
സ്വാമി വിവേകാനന്ദന്റെ രചനകള്‍ അദ്ദേഹത്തില്‍ ആത്മീയത അന്വേഷിക്കാന്‍ പ്രേരണ ചെലുത്തി. ഇന്ത്യയെ വിശ്വഗുരുവാക്കുക എന്ന സ്വാമിജിയുടെ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുക എന്നതായി പിന്നീട് മോദിയുടെ ജീവിതലക്ഷ്യം.
ആര്‍എസ്എസില്‍
17ാം വയസ്സില്‍ വീട് വിട്ട് രണ്ടു വര്‍ഷം ഇന്ത്യമുഴുവന്‍ യാത്ര ചെയ്തു. പല സംസ്കാരങ്ങളുമായി അടുത്തിടപഴകി. തിരിച്ചുവന്ന് അഹമ്മദാബാദില്‍ ആര്‍എസ്എസില്‍ ചേര്‍ന്നു. ഇത് മോദിയുടെ ജീവിതത്തില്‍ കര്‍ശനമായ ദിനചര്യകള്‍ക്ക് തുടക്കമിട്ടു. 1972ല്‍ ആര്‍എസ്എസില്‍ പ്രചാരകനായി. രാവിലെ അഞ്ച് മണിക്ക് ആരംഭിക്കുന്ന ദിനചര്യ രാത്രി വരെ തുടര്‍ന്നു. അടിയന്തരാവസ്ഥാക്കാലത്ത് ജനാധിപത്യത്തിന് വേണ്ടി പൊരുതി.
ആദ്യ രാഷ്‌ട്രീയ വിജയം
ആര്‍എസ്എസില്‍ അദ്ദേഹം ഒരു മാതൃകാസംഘാടകനായി മാറി. 1987ല്‍ ഗുജറാത്ത് ബിജെപിയുടെ ജനറല്‍ സെക്രട്ടറിയായി. ഇത് വഴിത്തിരിവായി. ആദ്യമായി അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് വിജയം സമ്മാനിച്ചു.
1990ല്‍ കോണ്‍ഗ്രസിനെതിരെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നിര്‍ണ്ണായക ശക്തിയാക്കി വളര്‍ത്തി. 121 സീറ്റുകളില്‍ വിജയിച്ചെന്ന് മാത്രമല്ല, ബിജെപിയുടെ വോട്ടുശതമാനം വര്‍ധിച്ചു.
1995ല്‍ ബിജെപി ദേശീയ സെക്രട്ടറിയായി. ഹരിയാനയിലും ഹിമാചലിലും ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു. 1998ല്‍ ബിജെപിയുടെ ലോക് സഭാ വിജയങ്ങള്‍ക്ക് നിര്‍ണ്ണായക പങ്ക് വഹിച്ചു. 2001ല്‍ വാജ് പേയിയില്‍ നിന്നും ലഭിച്ച ഫോണ്‍വിളി മോദിയുടെ ജീവിതത്തില്‍ പുതിയ അധ്യായം രചിച്ചു. സംഘടനാ രാഷ്‌ട്രീയത്തില്‍ നിന്നും മോദി ഭരണനിര്‍വ്വഹണത്തിന്റെ മേഖലയിലേക്ക് വളര്‍ന്നു. പിന്നീട് ഗുജറാത്ത് മുഖ്യമന്ത്രിയായി.
മുഖ്യമന്ത്രിയായ മോദി
ഗുജറാത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്‌ക്ക് മോദിയുടെ മുഖ്യമന്ത്രിക്കാലം വലിയ പങ്ക് വഹിച്ചു വൈബ്രന്‍റ് ഗുജറാത്ത് ഉച്ചകോടി, പ്രവേശോത്സവ്, ഗുണോത്സവ്, സ്വാഗത് ഓണ്‍ലൈന്‍ പദ്ധതി തുടങ്ങി ആകര്‍ഷകമായ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കി.
ഭുജിലെ ഭുകമ്പത്തെതുടര്‍ന്നാണ് മോദി മുഖ്യമന്ത്രിയുടെ ചുമതല വഹിക്കുന്നത്. ഭുജിന്റെ പുനര്‍നിര്‍മ്മാണം മാത്രമല്ല, ഗുജറാത്തിനെ ഒരു നിക്ഷേപസൗഹൃദ സംസ്ഥാനമാക്കാനും മോദിയ്‌ക്ക് കഴിഞ്ഞു. ഇക്കാലയളവില്‍ ആണ് ഗുജറാത്തിലെ ഭൂജില്‍ വന്‍ സഹായങ്ങള്‍ പ്രഖ്യാപിച്ച് മാതാ അമൃതാനന്ദമയീമഠം എത്തുന്നത്. മോദിയുടെ മാതാ അമൃതാനന്ദമയിയുമായുള്ള അടുപ്പം ആരംഭിക്കുന്നതും ഇക്കാലത്താണ്. വൈദ്യുതോല്‍പാദനത്തില്‍ ഇക്കാലത്ത് ഗുജറാത്ത് സ്വയം പര്യാപ്തത നേടി. ലോകനിലവാരത്തിലുള്ള അടിസ്ഥാനസൗകര്യവികസനങ്ങള്‍ കൊണ്ടുവന്നു.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മാറ്റത്തിന്റെ കേന്ദ്രബിന്ദു
ഗുജറാത്തിലെ മോദിയുടെ വിജയം രാജ്യമെമ്പാടും അലയിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ അഴിമതിയിലും കുംഭകോണങ്ങളിലും ആടിയുലയുകയായിരുന്നു. 2013ല്‍ തന്നെ മോദിയെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടി.
2014 മെയ് 26ന് പ്രധാനമന്ത്രിയായി ചുമതലയേറ്റു. ഇദ്ദേഹത്തിന്റെ ഭരണം ഇന്ത്യയില്‍ വിദേശനിക്ഷേപം കൊണ്ടുവരുന്നതില്‍ ശ്രദ്ധ ചെലുത്തി. നോട്ട് നിരോധനം, ജിഎസ്ടി, വിവിധ സാമൂഹ്യ ക്ഷേമപദ്ധതികള്‍ തുടങ്ങി ഒട്ടേറെ പരിഷ്കാരങ്ങള്‍ നടപ്പാക്കി.
സ്വച്ഛഭാരത് മിഷന്‍ എന്ന ശുദ്ധീകരണ പദ്ധതി വലിയ വിജയമായി. ജന്‍ ധന്‍ യോജന, ജന്‍ സുരക്ഷ യോജന, മുദ്ര യോജന, ഡിജിറ്റല്‍ ഇന്ത്യ, ഉജ്ജ്വല യോജന, ആയുഷ്മാന്‍ ഭാരത്, കിസാന്‍ സമ്മാന്‍ നിധി, ആവാസ് യോജന, ആത്മനിര്‍ഭര്‍ ഭാരത്, മെയ് ഇന്‍ ഇന്ത്യ തുടങ്ങി ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കി. മുത്തലാഖ് നിയമം മൂലം നിരോധിച്ചു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് നിരോധിച്ചു.
പാകിസ്ഥാന്‍ അധിനിവേശ കശ്മീരില്‍ 2016ല്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കും 2019ലെ ബാലകോട്ട് വ്യോമാക്രമണവും പാകിസ്ഥാനെതിരായ ഇന്ത്യയുടെ വിജയമായി മാറി.
വീണ്ടും പ്രധാനമന്ത്രി
2019ല്‍ വീണ്ടും പ്രധാനമന്ത്രിയായി. ഇക്കാലയളവില്‍ ഇന്ത്യയെ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് ഘടനയായി ഉയര്‍ത്തി.
2030ല്‍ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഉയര്‍ത്തുകയാണ് മോദിയുടെ അടുത്ത പ്രഖ്യാപിത ലക്ഷ്യം. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ ജി20 ഉച്ചകോടി നടത്തി ആഗോള നേതാവെന്ന ഖ്യാതിയും അംഗീകാരവും നേടി. കോവിഡ് കാലഘട്ടത്തില്‍ ഇദ്ദേഹത്തിന്റെ സത്വര നടപടികള്‍ ഇന്ത്യയ്‌ക്ക് വാക്സിന്‍ എത്തിക്കുക മാത്രമല്ല, മറ്റ് രാഷ്‌ട്രങ്ങളിലേക്ക് മെഡിക്കല്‍ സഹായമെത്തിക്കാന്‍ ഇന്ത്യയെ പ്രാപ്തയാക്കി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി മോദിയ്‌ക്കെതിരെ നിലകൊള്ളുമ്പോഴും മോദി അജയ്യനായും ഇന്ത്യയിലെ ഏറ്റവും ജനപ്രിയനേതാവായും നിലകൊള്ളുന്നു. ഒപ്പം ലോകനേതാക്കള്‍ അംഗീകരിക്കുന്ന നേതാവായും മോദി മാറിക്കഴിഞ്ഞു. ദേശതാല്‍പര്യങ്ങള്‍ക്ക് വേണ്ടി കടുത്തനിലപാടുകള്‍ എടുക്കുന്ന മോദിയ്‌ക്ക് ലോകമെങ്ങും കയ്യടികള്‍ ലഭിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: