പോര്‍ട്ട്ബ്ലയര്‍: കഴിഞ്ഞ ദിവസം ആന്‍ഡമാന്‍ തീരത്തു നിന്ന് കസ്റ്റംസും എക്സൈസും ചേര്‍ന്ന് പിടിച്ചെടുത്ത് നശിപ്പിച്ച നൂറു കോടി രൂപയുടെ മയക്കുമരുന്നിന് മഞ്ചേരി ബന്ധം. ഇക്കഴിഞ്ഞ ഫെബ്രുവരി 21ന് മഞ്ചേരിയില്‍ അറസ്റ്റിലായ നിശാന്ത്(28), സിറാജുദ്ദീന്(28), റിയാസ്(31) എന്നിവര്‍ കടത്തിയ മയക്കുമരുന്നാണ് പിടിച്ചതെന്നാണ് സൂചന.
മലാക്ക കടലിടുക്കിനടുത്ത് ആന്‍ഡമാന്‍ തീരത്ത് പണ്ട് ജപ്പാന് സൈന്യം നിര്‍മ്മിച്ചിരുന്ന ഉപേക്ഷിക്കപ്പെട്ട ഒരു ബങ്കറില്‍ നിന്നാണ് 50 കിലോ മെറ്റാഫെറ്റാമിന്‍ പിടിച്ചത്. ഇത് നശിപ്പിക്കുകയും ചെയ്തു.
നാലു വര്‍ഷം മുന്‍പ് 2019ല്‍ മ്യാന്മര് മയക്കുമരുന്ന് മാഫിയ, കേരളത്തിലേക്ക് കടത്തിയ 4000 കിലോ മയക്കുമരുന്നടങ്ങിയ കപ്പല്‍ കസ്റ്റംസിനെ കണ്ട് മുക്കിയിരുന്നു. ഈ കപ്പല്‍ ക്രമേണ ആന്‍ഡമാന്‍ തീരത്തിനടുത്ത് അടിഞ്ഞിട്ടുണ്ട്. ഇതില്‍ നിന്നുള്ള മയക്കുമരുന്നാണ്, ചില ആന്‍ഡമാന്‍ നിവാസികളുടെ സഹായത്തോടെ ശേഖരിച്ച് ബങ്കറുകളില്‍ സൂക്ഷിച്ചിരുന്നത്.
ഇവിടെ സൂക്ഷിച്ച മയക്കുമരുന്ന് കടത്തിയതുമായി ബന്ധപ്പെട്ടാണ് മൂന്നു പേരെ മഞ്ചേരി പോലീസ് പിടിച്ചത്. ഇവരില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ കസ്റ്റംസും എക്സൈസും ഒരു ആന്‍ഡമാന്‍ സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു. അയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആന്‍ഡമാന്‍ തീരത്തെ ബങ്കറില്‍ നിന്ന് രണ്ടു കിലോ വീതമുള്ള 25 പായ്ക്കറ്റുകളിലായി 50 കിലോ മെറ്റാഫെറ്റാമിന്‍ പിടിച്ചത്.
ഈ കേസില്‍ കഴിഞ്ഞ മാസം ആന്‍ഡമാന്‍ സ്വദേശിയായ മുഹമ്മദ് സാബിക്കിനെ(25) കേരളത്തിലെ എക്സൈസ് ആന്‍ഡമാനില്‍ ചെന്ന് അറസ്റ്റ് ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞ ദിവസത്തെ ലഹരിവേട്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: