കിളിമാനൂര്‍: പി.പി.മുകുന്ദന് എന്ന മുകുന്ദേട്ടന്റെ വിയോഗത്തില്‍ കിളിമാനൂരിലെ ആദ്യകാല സംഘപ്രവര്‍ത്തകര്‍ക്ക് നഷ്ടമായത് കുടുംബത്തിലെ ഒരു അംഗത്തിനെ.
1980 കളിലാണ് കിളിമാനൂര്‍ മേഖലയില്‍ ആര്‍എസ്എസ് ശക്തി പ്രാപിക്കുന്നത്. ആ സമയം തിരുവനന്തപുരം കൊല്ലം ജില്ലകള്‍ ഉള്‍പ്പെടുന്ന തിരുവനന്തപുരം വിഭാഗിന്റെ പ്രചാരകനായിരുന്നു പി.പി. മുകുന്ദന്. സനല്‍ജി എന്ന വിഭാഗ് പ്രചാരകന് മാറിപോയപ്പോള്‍ ആണ് മുകുന്ദേട്ടന് വിഭാഗ് പ്രചാരക് ആയി എത്തുന്നത്.
തിരുവനന്തപുരം മിത്രാനന്ദപുരത്തെ ശക്തിനിവാസെന്ന ആര് എസ്എസ് കാര്യാലയത്തില്‍ താമസിച്ചുകൊണ്ട് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ സംഘത്തിന് അടിവേരുണ്ടാക്കിയ മുഖ്യകാര്യകര്ത്താവായിരുന്നു മുകുന്ദേട്ടന്.
ആ കാലത്ത് സംഘചുമതലയിലുള്ളവരുടെയും അനുഭാവികളുടെയും കിളിമാനൂരിലെ മിക്ക സംഘവീടുകളിലും ഒരു ദിവസമെങ്കിലും മുകുന്ദേട്ടന് താമസിച്ചിട്ടുണ്ടാകും. ആ ബന്ധം നിരന്തരം തുടരുകയും ചെയ്തിരുന്നു. സംഘകാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത കര്‍ക്കശക്കാരനായ മുകുന്ദേട്ടനെ കുടുംബത്തിലെ ഒരംഗത്തെപ്പോലെ അല്ലെങ്കില്‍, കാരണവരെ പോലെ എല്ലാവര്ക്കും ഭയഭക്തിയോടെയുള്ള സ്നേഹമായിരുന്നു. വീടുകളില്‍ എത്തുമ്പോള്‍ അന്ന് മുകുന്ദേട്ടനെക്കാള് പ്രായമുള്ളവര്‍ പോലും ‘മുകുന്ദേട്ടാ’ എന്ന് വിളിക്കുമ്പോഴുള്ള ഇമ്പത്തില് നിന്നും ആ ആത്മബന്ധം വായിച്ചെടുക്കാമായിരുന്നു.
മുകുന്ദേട്ടന് വിഭാഗ് പ്രചാരകനായിരിക്കുമ്പോഴാണ് കേരളത്തില്‍ ആദ്യമായി കോളജ് കാമ്പസില്‍, അതും ഒരു പ്രചാരകന് കൊല്ലപ്പെടുന്നത്. നിലമ്പൂരിലെ ടി.എന്‍. ഭരതന്റെ മകന് ദുര്‍ഗാദാസ് എന്ന പ്രചാരകന് കൊല്ലപ്പെടുമ്പോള്‍ വികാരങ്ങള്‍ക്കടിമപ്പെടാതെ കര്‍ക്കശക്കാരനായ പി.പി. മുകുന്ദന്റെ ഇടപെടല്‍ മാതൃകാപരമായിരുന്നു. 2006 ല്‍ ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറിയായിരുന്ന സുനില്‍ കുമാറിനെ ഇസ്ലാമിക മതതീവ്രവാദികള്‍ കൊലപ്പെടുത്തിയപ്പോള്‍ കുടുംബത്തെയും പ്രവര്‍ത്തകരെയും ആശ്വസിപ്പിക്കാന്‍ പി.പി. മുകുന്ദന് ഓടിയെത്തി. കിളിമാനൂരിലെ ആദ്യകാല സംഘപ്രവര്‍ത്തകര്‍ക്ക് പി.പി. മുകുന്ദന്റെ വിയോഗം തീരാദുഖമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: