അഞ്ച് പതിറ്റാണ്ടിലേറെക്കാലം നീണ്ട പൊതുപ്രവര്‍ത്തനത്തിന്റെ അവിസ്മരണീയമായ ഓര്‍മകള്‍ അവശേഷിപ്പിച്ചാണ് പി.പി. മുകുന്ദന്‍ എന്ന സംഘാടകനും നേതാവും വിടപറഞ്ഞിരിക്കുന്നത്. കണ്ണൂരില്‍ ജനിച്ച് കൗമാരകാലത്തു തന്നെ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയും, സ്വയംസേവകനായും പ്രചാരകനായും സംഘപ്രവര്‍ത്തനത്തില്‍ സജീവമാവുകയും ചെയ്ത മുകുന്ദന്‍, ജില്ലാപ്രചാരകന്റെയും വിഭാഗ് പ്രചാരകന്റെയും ഉത്തരവാദിത്വം ഏറ്റെടുത്ത് വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചശേഷം സംഘത്തിന്റെ സംസ്ഥാന ചുമതലയും വഹിച്ചു. പോലീസില്‍ ലഭിക്കുമായിരുന്ന ജോലി വേണ്ടെന്നുവച്ചാണ് പ്രചാരകന്റെ ജീവിതം തെരഞ്ഞെടുത്തത്. തുടക്കം മുതല്‍ തന്നെ മികച്ച സംഘാടകനെന്നു പേരെടുക്കുകയും, സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ മികവു പുലര്‍ത്തുകയും ചെയ്തു. എറണാകുളത്തു നടന്ന വിശാലഹിന്ദു സമ്മേളനത്തിനു ശേഷം കേരളത്തിനകത്തും പുറത്തുമുള്ളവരുടെ ശ്രദ്ധയാകര്‍ഷിച്ച തിരുവനന്തപുരത്തെ ഹിന്ദു സംഗമത്തിന്റെ മുഖ്യ സംഘാടകരില്‍ ഒരാളായിരുന്നു മുകുന്ദന്‍. വിഭാഗ് പ്രചാരക് എന്ന നിലയില്‍ സംസ്ഥാന തലസ്ഥാനത്തെ മുകുന്ദന്റെ പ്രവര്‍ത്തനം സംഘടനയുടെ സ്വാധീനം വിപുലമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. ചാലയില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടായപ്പോഴും, രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ റൂട്ടുമാര്‍ച്ച് രാഷ്‌ട്രീയ പ്രേരിതമായി സര്‍ക്കാര്‍ തടഞ്ഞപ്പോഴും, ശംഖുംമുഖത്തെ ആറാട്ടുകടവിലെ പാപ്പാ സ്മാരകം നിയമവിരുദ്ധമായി നിലനിര്‍ത്താന്‍ അധികൃതര്‍ ശ്രമിച്ചപ്പോഴുമൊക്കെ ശക്തമായ ഇടപെടലുകളാണ് മുകുന്ദന്റെ നേതൃത്വത്തില്‍ നടന്നത്.
രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സംസ്ഥാനതലത്തില്‍നിന്ന് ബിജെപിയുടെ സംഘടനാ പ്രവര്‍ത്തനത്തിലേക്ക് നിയോഗിക്കപ്പെട്ടപ്പോഴും മുകുന്ദന്‍ തന്റെ സഹജമായ സംഘടനാ ശേഷി പുറത്തെടുത്തു. പാര്‍ട്ടിയുടെ സംഘടനാ സെക്രട്ടറി, ഇതേ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരെ സജീവമായി രംഗത്തിറക്കുന്നതിലും, പുതുനേതൃത്വത്തെ വളര്‍ത്തിക്കൊണ്ടുവരുന്നതിലും പ്രത്യേകം ശ്രദ്ധവച്ചു. സംഘടനാപരമായ സ്വാധീനത്തിന്റെ പരിമിതികള്‍ മറികടന്ന് കേരള രാഷ്‌ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് ബിജെപിയെ കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കാണ് മുകുന്ദന്‍ വഹിച്ചത്. അധികാരരാഷ്‌ട്രീയത്തില്‍ പ്രാതിനിധ്യമൊന്നും ഇല്ലാതിരുന്നിട്ടും മുഖ്യധാരയിലെ എല്ലാ രാഷ്‌ട്രീയ നേതാക്കളുമായും അടുത്തബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നു. രാഷ്‌ട്രീയ പ്രതിയോഗികളായിരുന്ന ഇ.കെ. നായനാരെയും എ.കെ. ആന്റണിയെയും പോലുള്ള ഏതാണ്ട് എല്ലാ നേതാക്കളുമായും വ്യക്തിബന്ധം പുലര്‍ത്തി. ഒരു തരത്തിലുള്ള രാഷ്‌ട്രീയ അസ്പൃശ്യതയും ഇതിലുണ്ടായിരുന്നില്ല. രാഷ്‌ട്രീയമായി എതിര്‍ക്കുന്നവര്‍ക്കും മുകുന്ദേട്ടനായിരുന്നു. ഇവരില്‍ ചിലരുമായുള്ള ബന്ധം ആര്‍എസ്എസ് പ്രചാരകനെന്ന നിലയ്‌ക്ക് അടിയന്തരാവസ്ഥയിലെ ജയില്‍വാസക്കാലത്ത് തുടക്കമിട്ടതാണ്. ഇത്തരം ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ പ്രത്യേകമായ താല്‍പ്പര്യം കാണിച്ചിരുന്നു. പല മുതിര്‍ന്ന പോലീസുദ്യോഗസ്ഥരുമായുള്ള ബന്ധവും ഇതുപോലെയായിരുന്നു. ചില പ്രതിസന്ധി ഘട്ടത്തില്‍ പ്രശ്‌നപരിഹാരത്തിന് ഈ ബന്ധം ഉപകരിച്ചു.
രാഷ്‌ട്രീയ സ്വയംസേവക സംഘത്തിലായിരുന്നപ്പോഴും, രാഷ്‌ട്രീയ രംഗത്തായിരുന്നപ്പോഴും പ്രവര്‍ത്തകരുമായി ദൃഢബന്ധം വളര്‍ത്തിയെടുക്കുന്നതിന് വലിയ പ്രാധാന്യമാണ് മുകുന്ദന്‍ കല്‍പ്പിച്ചിരുന്നത്. ആത്മാര്‍ത്ഥതയും വിശ്വാസ്യതയുമായിരുന്നു അതിന്റെ മുഖമുദ്ര. പ്രവര്‍ത്തകരെ സ്‌നേഹിക്കുക മാത്രമല്ല അവരെ സഹായിക്കുകയും ചെയ്തിരുന്നു. ഇതുകൊണ്ടുതന്നെ വളരെയധികം പ്രവര്‍ത്തകരുമായി ഒരേസമയം ഊഷ്മളമായ ബന്ധം സൂക്ഷിക്കാന്‍ കഴിഞ്ഞു. വലുപ്പചെറുപ്പമില്ലാതെ പെരുമാറി. സജീവമായ സംഘടനാ പ്രവര്‍ത്തനത്തില്‍നിന്നും രാഷ്‌ട്രീയത്തില്‍നിന്നും മാറിനിന്നപ്പോഴും സഹപ്രവര്‍ത്തകരുമായുള്ള ബന്ധം മുന്നോട്ടു കൊണ്ടുപോകുന്നതിലും, അവരുടെ പലതരത്തിലുള്ള കൂട്ടായ്മകളില്‍ പങ്കുചേരുന്നതിനും യാതൊരു വിമുഖതയും കാണിച്ചില്ല. സമൂഹ മാധ്യമങ്ങള്‍ ശക്തമായതോടെ പ്രവര്‍ത്തകരുമായുള്ള ഭൂമിശാസ്ത്രപരമായ അകലം കുറയുകയും ചെയ്തു. പല വിശേഷങ്ങളും പരസ്പരം പങ്കുവച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ട അവസാന നാളുകളില്‍പ്പോലും ഇതിനൊന്നും മാറ്റംവന്നില്ല. ശാരീരികമായ അവശതകള്‍ക്കിടയിലും പ്രസന്നമായ മുഖഭാവത്തോടെ മാത്രമാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. നെറ്റിയിലെ വലിയ കുങ്കുമപ്പൊട്ട് അതിന് മാറ്റു കൂട്ടിയെന്നു പറയാം. അനുഭവ സമ്പന്നമായിരുന്ന മുകുന്ദേട്ടന്റെ നേതൃത്വം വളരെക്കാലം ജന്മഭൂമിക്ക് താങ്ങും തണലുമായിരുന്നു. ജന്മഭൂമി അതിന്റെ വികസനത്തിന്റെ നിര്‍ണായകമായ ചില പടവുകള്‍ കയറിയത് മുകുന്ദേട്ടന്‍ മാനേജിങ് ഡയറക്ടറായിരിക്കുമ്പോഴാണ്. പ്രതികൂലമായ പല സാഹചര്യങ്ങളെയും മറികടക്കാന്‍ ഇതിലൂടെ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ആ ഓര്‍മകള്‍ക്കു മുന്നില്‍ ഞങ്ങളുടെ അന്ത്യാഞ്ജലികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: