കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ ലഹരിമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച കേസില്‍ ബന്ധുവായ കാലടി സ്വദേശിനി ലിവിയ ജോസ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസാണ് ഹര്‍ജി പരിഗണിക്കുന്നത്.
ഷീലയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ. കഴിഞ്ഞ ഫെബ്രുവരി 27 ന് വൈകിട്ട് ഷീലയുടെ സ്കൂട്ടറില്‍ നിന്ന് എക്സൈസ് സംഘം എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ പിടികൂടിയിരുന്നു. അറസ്റ്റിലായ ഷീല 72 ദിവസം ജയിലില്‍ കഴിഞ്ഞു. പിന്നീട് ശാസ്ത്രീയ പരിശോധനയില്‍ പിടിച്ചെടുത്തത് ലഹരി മരുന്നല്ലെന്ന് തെളിഞ്ഞു. തുടര്‍ന്ന് ഷീല നല്കിയ ഹര്‍ജിയില്‍ കേസ് ഹൈക്കോടതി റദ്ദാക്കി. ലഹരിമരുന്നു പിടികൂടിയതിന്റെ തലേദിവസം മരുമകളും സഹോദരിയും തന്റെ സ്കൂട്ടര്‍ ഉപയോഗിച്ചിരുന്നെന്നും ഷീല വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ കേസ് കെട്ടിച്ചമച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. തുടര്‍ന്നാണ് എക്സൈസ് സംഘം ബെംഗളൂരുവില്‍ പഠിക്കുന്ന ലിവിയയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: