ബ്യൂണസ് അയേഴ്‌സ്: ഫ്രീകിക്കിലൂടെ ലയണല്‍ മെസി നേടിയ ഏകപക്ഷീയമായ ഒരു ഗോളില്‍ അര്‍ജന്റീന ഫിഫ ലോകകപ്പ് 2026 യോഗ്യതയിലെ ആദ്യ മത്സരം ജയിച്ചു. കോന്‍മെബോല്‍ യോഗ്യതാ മത്സരത്തിലെ ഹോം മാച്ചില്‍ ഇക്വഡോറിനെ തോല്‍പ്പിച്ചത് രണ്ടാം പകുതിയില്‍ നേടിയ ഗോളില്‍.
ലോകകപ്പ് നേടിയ ശേഷം ബ്യൂണസ് അയേഴ്‌സിലെ മോനുമെന്റല്‍ സ്‌റ്റേഡിയത്തില്‍ ആദ്യമായാണ് ഇന്നലെ അര്‍ജന്റീന കളിക്കാനിറങ്ങിയത്. 78-ാം മിനിറ്റില്‍ ബോക്‌സിന് കുറച്ചകലെ പോസ്റ്റിന് ഏറെക്കുറേ നേരെ നിന്ന് തൊടുത്ത മെസിയുടെ ഇടംകാലന്‍ ഫ്രീക്കിക്ക് മനോഹരമായി ഇക്വഡോര്‍ വലയിലേക്ക് പറന്നിറങ്ങി. അവരുടെ കാവല്‍കാരന്‍ ഹെര്‍നാന്‍ ഗാലിന്‍ഡെസിന് കാഴ്ചക്കാരനാകാനേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. ഈ ഒരൊറ്റ ഗോളിന്റെ ബലത്തിലാണ് ലോകകപ്പിന് ശേഷം ആദ്യമത്സരത്തിനിറങ്ങിയ അര്‍ജന്റീന വിജയമാഘോഷിച്ചത്.
ഒരു ഗോളില്‍ കളി നിന്നെങ്കിലും അത്യുഗ്രന്‍ പ്രകടനമാണ് ലോചാമ്പ്യന്‍മാര്‍ കാഴ്ചവച്ചത്. ഇക്വഡോറിന്റെ ടച്ചില്‍ ആരംഭിച്ച മത്സരത്തില്‍ തുടക്കത്തിലെ ഏതാനും മിനിറ്റ് മാത്രം അവരുടെ കാലുകളിലൂടെ പന്തുരുണ്ടുള്ളൂ. പിന്നീട് അര്‍ജന്റീനയായിരുന്നു കളിയിലുടനീളം. പലകുറി ഗോളെന്നുറച്ചവസരങ്ങള്‍ നഷ്ടപ്പെട്ടുപോയി. ഇക്വഡോറിന്റെ കരുത്തന്‍ പ്രതിരോധം അര്‍ജന്റീന മുന്നേറ്റങ്ങളെ ശക്തമായി തടഞ്ഞുനിര്‍ത്തി. ക്രോസ് ബാറില്‍ ഇടിച്ച ലാട്ടരോ മാര്‍ട്ടിനെസിന്റെ ഷോട്ടോടുകൂടിയാണ് ആദ്യപകുതി തീര്‍ന്നത്.
പിന്നെയും അര്‍ജന്റീനയുടെ മികവും അതിലും മികച്ച ഇക്വഡോറിന്റെ പ്രതിരോധത്തിലൂടെയും കളി പുരോഗമിച്ചു. ഇരുപക്ഷത്തിനും ഗോളില്ലാതിരുന്ന അവസരത്തില്‍ അര്‍ജന്റീനയെ ഞെട്ടിച്ച് ഇക്വഡോര്‍ സൂപ്പര്‍ താരം വലന്‍സിയ ഒരു മുന്നേറ്റം നടത്തി. വലന്‍സിയയും അര്‍ജന്റീന കാവലാള്‍ എമി മാര്‍ട്ടിനെസും മാത്രം നേര്‍ക്കുനേര്‍ വന്ന നിമിഷത്തില്‍ ഓടിയെത്തിയ അര്‍ജന്റീന പ്രതിരോധ താരം ക്രിസ്റ്റിയന്‍ റൊമീറോ നടത്തിയ ഇടപെടല്‍ അപകടമൊഴിവാക്കി. വലന്‍സിയ ഫൗളപ്പീല്‍ ചെയ്‌തെങ്കിലും റഫറി താക്കീതില്‍ ഒതുക്കി. ഈ സമയം മറ്റൊരു സൂപ്പര്‍ താരം എഞ്ചല്‍ ഡി മരിയ അര്‍ജന്റീനയ്‌ക്കായി കളത്തിലെത്തി. ഹൂലിയന്‍ അല്‍വാരസ് കൂടിയെത്തിയതോടെ ആക്രമണത്തിന് പിന്നെയും ശക്തിയേറി. 78-ാം മിനിറ്റില്‍ കാത്തിരുന്ന ഫലത്തോടെ കളി തീരുമാനമായി.
അര്‍ജന്റീനയ്‌ക്കായി തന്റെ 104-ാം ഗോളാണ് മെസി ഇന്നലത്തെ കളിയിലൂടെ നേടിയത്. കരിയറിലെ 65-ാം ഫ്രീകിക്ക് ഗോളും. ഫ്രീകിക്ക് ഗോളില്‍ മെസി കളിക്കുന്ന ഇപ്പോഴത്തെ ടീം ഇന്റര്‍മയാമി സഹ ഉടമ ഡേവിഡ് ബക്കാമിന്റെ ഒപ്പമെത്തി. രാജ്യാന്തര ഫുട്‌ബോളില്‍ മെസിയുടെ 11-ാം ഫ്രീക്കിക്ക് ഗോളുമാണ്.
ഇന്നലെ നടന്ന മറ്റൊരു കോന്‍മെബോല്‍ മത്സരത്തില്‍ കൊളംബിയ വലന്‍സിയയെ തോല്‍പ്പിച്ചു. കൊളംബിയന്‍ ഹോം മാ്ച്ചായി നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ടീം വിജയിച്ചത്. 46-ാം മിനിറ്റില്‍ ബുന്ദസ് ലിഗ ക്ലബ്ബ് ബ്രെമ്മെന്‍ താരം റാഫേല്‍ സാന്റോസ് ബോറെ മോറി ആണ് ഗോള്‍ നേടിയത്. പാരഗ്വായ്-പെറു മത്സരം ഗോളില്ലാ സമനിലയില്‍ കലാശിച്ചു.
13ന് പ്രസിദ്ധമായ ലാ പാസില്‍ ആതിഥേയരായ ബൊളീവിയക്കെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം. സമുദ്ര നിരപ്പില്‍ നിന്ന് 3500 മീറ്ററോളം ഉയരത്തിലുള്ള ലാ പാസ് നഗരത്തില്‍ സന്ദര്‍ശക ടീമിന് കടുത്ത വെല്ലുവിളിയാകുന്ന അന്തരീക്ഷമാണ് എല്ലാക്കാലത്തുമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: