ബുഡാപെസ്റ്റ്: ആദ്യ ഏറ് ഫൗള്‍… രണ്ടാം ഏറ്് സ്വര്‍ണത്തിലേക്ക്. ചരിത്രവും വിസ്മയവുമാകാന്‍ ഇന്ത്യയുടെ ജാവലിന്‍ത്രോ താരം നീരജ് ചോപ്രയ്ക്ക് ഈ രണ്ട് ഏറുകളേ ആവശ്യമുണ്ടായിരുന്നുള്ളൂ. യോഗ്യതാ റൗണ്ടില്‍ ആദ്യ ശ്രമത്തില്‍ 88.77 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞ് ഫൈനല്‍ യോഗ്യത സ്വന്തമാക്കിയ നീരജ് ചോപ്ര ഫൈനലില്‍ തന്റെ രണ്ടാം ശ്രമത്തിലാണ് ബുഡാപെസ്റ്റില്‍ അരങ്ങേറിയ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ ദൂരം പിന്നിട്ടത്. വെറും ഇരുപത്തിയഞ്ചാം വയസ്സിലാണ് മറ്റൊരു ഇന്ത്യന്‍ കായികതാരത്തിനും എത്തിപ്പിടിക്കാന്‍ കഴിയാത്ത സ്വപ്ന നേട്ടം അത്ലറ്റിക്സിന്റെ ചരിത്രത്തില്‍ നീരജ് ചോപ്രയെന്ന പട്ടാള ഉദ്യോഗസ്ഥന് കരസ്ഥമാക്കിയത്.
2021 ആഗസ്റ്റ് ഏഴിനാണ് നീരജ് ചോപ്ര ഒളിംപിക്സില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് അത്ലറ്റിക്സില് സ്വര്‍ണം സമ്മാനിച്ചത്. അത് കഴിഞ്ഞ് രണ്ട് വര്‍ഷവും 20 ദിവസവുമായപ്പോള്‍ ലോക അത്ലറ്റിക്സില് സ്വര്‍ണവും നേടി വിസ്മയം തീര്‍ത്തു. കഴിഞ്ഞ ടോക്കിയോ ഒളിംപിക്സില്‍ 87.58 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞാണ് നീരജ് പൊന്നണിഞ്ഞത്. ഒളിംപിക്സ് അത്ലറ്റിക്സ് ചരിത്രത്തില്‍ ഇന്ത്യയുടെ കന്നി സ്വര്‍ണമായിരുന്നു അത്.
ഏഷ്യന്‍ ഗെയിംസിലെയും ഒളിംപിക്സിലെയും ഡയമണ്ട് ലീഗിലെയും കോമണ്‍വെല്‍ത്ത് ഗെയിംസിലെയും സ്വര്‍ണ നേട്ടത്തിന് പിന്നാലെയാണ് നീരജിന്റെ ലോക അത്ലറ്റിക്സ് സ്വര്‍ണം. ഒപ്പം ചരിത്രത്തില്‍ ലോക അത്ലറ്റിക്സില് തുടര്‍ച്ചയായി രണ്ട് മെഡലുകളും. ഇത്രയും നേട്ടങ്ങള്‍ സ്വന്തമാക്കിയ മറ്റൊരു അത്ലറ്റുമില്ല ഇന്ത്യ രാജ്യത്ത്. ഏഷ്യന്‍ ഗെയിംസും ഒളിമ്പിക്സുമെല്ലാം മുന്നില്‍നില്‍ക്കേ നീരജിന്റെ ഷെല്‍ഫില്‍ ഇനി എത്ര മെഡലുകള്‍ നിറയുമെന്നേ അറിയാനുള്ളൂ.
2022ല്‍ യൂജിനില്‍ നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 90.54 മീറ്റര്‍ എറിഞ്ഞ ഗ്രാനഡയുടെ ആന്ഡേഴ്സന് പീറ്റേഴ്സിനായിരുന്നു സ്വര്‍ണം. അന്ന് ആന്ഡേഴ്സന് പീറ്റേഴ്സിനോട് 2.41 മീറ്റര്‍ ദൂരത്തില്‍ നഷ്ടമായ ആ സ്വര്‍ണമാണ് ബുഡാപെസ്റ്റില്‍ നീരജ് മാറിലണിഞ്ഞത്.
മുന്‍പ് ഷൂട്ടിങ് താരമയ അഭിനവ് ബിന്ദ്ര ഒളിംപിക്സിലും ലോക ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടിയിട്ടുണ്ട്. ബിന്ദ്രയ്്ക്കു ശേഷം ഇന്ത്യന്‍ കായിക ചരിത്രത്തില്‍ ഒരേസമയം ഒളിമ്പിക് ചാമ്പ്യനും ലോക ചാമ്പ്യന്‍ഷിപ്പ് ജേതാവുമാകുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും നീരജ് സ്വന്തമാക്കി.
12 പേര് മത്സരിച്ച ഫൈനലില്‍ ജാവലിന്‍ എറിയാനുള്ള ആദ്യ ഊഴം നീരജിനായിരുന്നു. യോഗ്യതാ റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരനായതോടെയാണ് ആദ്യം എറിയേണ്ടിവന്നത്. 80 മീറ്റര്‍ പരിധിയിലാണ് ജാവലിന്‍ ചെന്ന് പതിച്ചതെങ്കിലും ഈ ത്രോ ഫൗള്‍ ആയി. പക്ഷേ എതിരാളികളിലാര്‍ക്കും ആ ഊഴത്തില്‍ മികച്ചൊരു പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. 83.38 മീറ്റര്‍ പിന്നിട്ട ഫിന്‍ലന്‍ഡിന്റെ ഒലിവര്‍ ഹെലാന്‍ഡറായിരുന്നു ആദ്യ റൗണ്ടില്‍ മുന്നില്‍. ഒലിവര്‍ അടക്കം 4 പേര്‍ക്കു മാത്രമാണ് 80 മീറ്ററിന് പുറത്തേക്ക് ജാവലിന്‍ എറിയാനായത്. രണ്ടാം ശ്രമത്തില്‍ നീരജ് എറിഞ്ഞ ജാവലിന്‍ ചെന്നുപതിച്ചത് 88.17 മീറ്റര്‍ ദൂരത്തില്‍. തുടര്‍ന്നുള്ള ശ്രമങ്ങളില്‍ 86.32, 84.64, 87.73, 83.96 മീറ്റര്‍. ആറ് റൗണ്ട് നീണ്ട ഫൈനലില്‍ നീരജിന് വെല്ലുവിളിയുയര്‍ത്താനായത് പാകിസ്ഥാന്റെ അര്‍ഷാദ് നദീമിനു മാത്രമാണ്. മൂന്നാം ത്രോയില്‍ 87.82 മീറ്റര്‍ എറിഞ്ഞ അര്‍ഷാദ് നീരജുമായുള്ള അകലം 35 സെന്റിമീറ്ററായി കുറച്ചു. പക്ഷേ അതിലും മികച്ചൊരു പ്രകടനം നടത്താന്‍ പിന്നീട് അര്‍ഷാദിനു കഴിഞ്ഞില്ല. നീരജിന്റെ വിസ്മയ പ്രകടനം ഇന്ത്യന്‍ സഹതാരങ്ങളായ ഡി.പി. മനുവിനും കിഷോര്‍ കുമാര്‍ ജനയ്ക്കും ഊര്‍ജമേകി. കിഷോര്‍ കുമാര്‍ 84.77 മീറ്റര്‍ എറിഞ്ഞ് അഞ്ചാം സ്ഥാനവും മനു84.14 മീറ്റര്‍ എറിഞ്ഞ് ആറാം സ്ഥാനവും സ്വന്തമാക്കി.
ഹരിയാണയിലെ പാനിപ്പത്തില്‍നിന്ന് 15 കിലോ മീറ്റര്‍ അകലെയുള്ള കാന്ദ്രയാണ് നീരജിന്റെ നാട്. കുടുംബത്തിലെ ആദ്യ കുട്ടിയായതിനാല്‍ തന്നെ മുത്തശ്ശിയും വീട്ടുകാരും സ്നേഹം ഭക്ഷണത്തിന്റെ രൂപത്തില്‍ നീരജിന് ആവേളം പകര്‍ന്നു. ഫലമോ 11 വയസ്സിലെത്തിയപ്പോഴേക്കും നീരജിന്റെ ഭാരം 80 കിലോ കടന്നു. സ്കൂളിലും മറ്റും ടെഡ്ഡി ബെയര്‍, പൊണ്ണത്തടിയന് വിളികള്‍ കൂടിയതോടെ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി നീരജ് പാനിപ്പത്തിലുള്ള ജിമ്മില്‍ ചേര്‍ന്നു. ജിമ്മിലേക്കുള്ള യാത്രയ്ക്കിടെ യാദൃച്ഛികമായാണ് അവന് ശിവാജി സ്റ്റേഡിയത്തില്‍ ജാവലിന്‍ ത്രോ പരിശീലനം നടത്തുന്ന അത്ലറ്റുകളെ കണ്ടത്. പിന്നീട് ജിമ്മിലേക്കുള്ള യാത്ര ശിവാജി സറ്റേഡിയത്തിലേക്കായി. അവിടെ പരിശീലനം നടത്തുന്ന അത്ലറ്റില് നിന്ന് ജാവലിന്‍ വാങ്ങി അവനും അതുപോലെ എറിയാന്‍ ശ്രമിച്ചു. ആദ്യമൊന്നും ഫലം കണ്ടില്ലെങ്കിലും പതിയെ നീരജ് ജാവലിനെ ഇ്ഷ്ടപ്പെട്ടുതുടങ്ങി. പിന്നീട് അവന്റെ ജീവിതംതന്നെ ജാവലിന്‍ ത്രോ ആയി മാറി. ഇതോടെ ഭക്ഷണത്തിലും പുതിയ ക്രമീകരണങ്ങള്‍ വന്നു. ശരീര ഭാരത്തിലും കുറവുവന്നു.
ബിഞ്ചോളിലെ ജാവലിന്‍ ത്രോ താരം ജയ്വീറിനെ കണ്ടുമുട്ടിയത് നീരജിന്റെ ജീവിതത്തിലെ വഴിത്തിരിവ്. ഹരിയാനയുടെ താരമായ ജയ്വീര് നീരജിന്റെ കഴിവ് തിരിച്ചറിഞ്ഞ് അവന്
പരിശീലനം നല്കാന് തുടങ്ങി. 14-ാം വയസ്സില്‍ പാഞ്ച്കുലയിലെ സ്പോര്‍ട്സ് നഴ്സറിയിലെത്തി. അവിടെ നിന്നാണ് സിന്തറ്റിക്ക് ട്രാക്കിലെ ആദ്യ ജാവലിന്‍ പരിശീലനം. 2012-ല്‍ ലഖ്നൗവില്‍ ആദ്യ ദേശീയ ജൂനിയര്‍ സ്വര്‍ണം നേടി. 68.46 മീറ്റര്‍ എറിഞ്ഞ് ദേശീയ റിക്കോര്‍ഡും തിരുത്തി.
2016-ന് ശേഷം നീരജിന്റെ ജൈത്രയാത്രയാണ് കണ്ടത്. ലോക അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി. 86.48 മീറ്റര്‍ എറിഞ്ഞ് ലോക ജൂനിയര്‍ റെക്കോഡും ഇന്ത്യന്‍ താരം സ്വന്തം പേരില്‍ കുറിച്ചു. പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. 2018-ല്‍ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണത്തിലേക്ക് എറിഞ്ഞു. മികച്ച ഫോമില്‍ നില്‍ക്കേ കൈമുട്ടിനേറ്റ പരിക്ക് നീരജിനെ വലച്ചു. ഒടുവില്‍ ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നു. ഇതോടെ 2019-ലെ ലോക അത്ലറ്റിക്സ്് ചാമ്പ്യന്‍ഷിപ്പിലും ദേശീയ ഓപ്പണ്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലും നീരജിന്
പങ്കെടുക്കാനായില്ല. 2020-ല്‍ കൊവിഡിനെ തുടര്‍ന്ന് പരിശീലനവും മുടങ്ങി. 2021-ല്‍ തിരിച്ചുവരവ. ആ വര്‍ഷം നടന്ന അഞ്ച് മത്സരങ്ങളില്‍ നാല് എണ്ണത്തിലും 83 മീറ്ററിന് മുകളില്‍ ജാവലിന്‍ പായിച്ചു. പാട്യാലയില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്റ് പ്രീയില്‍ 88.07 മീറ്റര്‍ പിന്നിട്ട് പുതിയ ദേശിയ റിക്കോര്‍ഡും സൃഷ്ടിച്ചു. പിന്നാലെ ടോക്കിയോയിലും ഈ ആത്മവിശ്വാസം നീരജ് കൈവിട്ടില്ല. ഒളിമ്പിക്സില്‍ 87.58 മീറ്റര്‍ എറിഞ്ഞ് ഇന്ത്യക്ക് ചരിത്ര മെഡല്‍ സമ്മാനിച്ച ശേഷം കുറച്ചുകാലം മത്സരരംഗത്തുനിന്ന് മാറിനിന്നിരുന്നു. തിരിച്ചുവരവില്‍ 2022-ല്‍ ലൊസാന്‍, സൂറിച്ച്, 2023-ല്‍ ദോഹ, ലൊസാന്‍ ഡയമണ്ട് ലീഗില്‍ സ്വര്‍ണമണിഞ്ഞു. അതിനു പിന്നാലെയാണ് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ പൊന്നണിയലും. സ്ഥിരതയാണ് നീരജിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. സ്ഥിരമായി 80 മീറ്ററിന് മുകളില്‍ എറിയുന്നു എന്നതാണ് നീരജിന്റെ സ്ഥിരതയുടെ ഉദാഹരണം.
ഇനി 90 മീറ്ററിന് മുകളില്‍ എറിയാനുള്ള കഠിനപ്രയത്നത്തിലാണ് നീരജ്. പതിനാല് മാസം മുന്‍പ് സ്റ്റോക്ക്ഹോമില്‍ 0.06 മീറ്ററകലത്തില്‍ ആ ദൂരം ഒരിക്കല്‍ വഴുതിപ്പോയതാണ്. ബുഡാപ്പെസ്റ്റില്‍ ചരിത്രമെഴുതുമ്പോഴും ആ മാന്ത്രികദൂരം ഒരിക്കല്‍ കൂടി വഴുതിമാറി. ഏഷ്യന്‍ ഗെയിംസും ഒളിംപിക്സും അടുത്തെത്തി നില്ക്കുമ്പോള് 90 മീറ്ററെന്ന ആ മാന്ത്രിക ദൂരവും ലക്ഷ്യംവെച്ച് ജാവലിന്‍ പായിക്കാനൊരുങ്ങുകയാണ് നീരജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: