കോഴിക്കോട്: കറവമാടുകള്ക്കുണ്ടാകുന്ന വിവിധരോഗങ്ങള്‍ക്ക് ഫലപ്രദമായ ആയുര്‍വ്വേദ ചികിത്സാ സംവിധാനം വികസിപ്പിച്ചതിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ‘മന് കീ ബാത്തി’ല്‍ പരാമര്‍ശിച്ചതിന്റെ സന്തോഷത്തിലാണ് ആയുര്‍വ്വേദ ഡോക്ടര്‍മാരും മില്‍മയും. മലബാറിലെ മില്‍മയുടെയും കേരള ആയുര്‍വ്വേദിക്ക് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും സംയുക്ത നേട്ടമായാണ് കറവമാടുകള്‍ക്ക് ആയുര്‍വ്വേദ വെറ്ററിനറി ഔഷധങ്ങള്‍ നല്കിത്തുടങ്ങിയത്. ഒരുവര്‍ഷമായി മരുന്നുപയോഗം നടക്കുന്നെങ്കിലും വിവരം എല്ലാവരിലും എത്തിയിട്ടില്ല. പ്രധാനമന്ത്രിയുടെ പരാമര്‍ശത്തോടെ ആയുര്‍വ്വേദത്തിന്റെ സാധ്യതയ്ക്കും കൂടുതല്‍ പ്രചാരമായി.
പശുക്കളില്‍ സാധാരണയായി കണ്ടുവരുന്ന അകിട് വീക്കത്തിന്
ആന്റിബയോട്ടിക്കുകളും സ്റ്റിറോയ്ഡുകളുമായിരുന്നു നല്കിവന്നിരുന്നത്. ആന്റിബയോട്ടിക് പ്രയോഗം ചെലവേറിയതും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതുമാണ്. കറവപ്പശുക്കള്‍ക്ക് നല്കുമ്പോള് മരുന്നുകളുടെ അംശം പാലിലും കണ്ടെത്തിയിരുന്നു. അലോപ്പതി മരുന്നുകള്‍ നല്കുന്ന മാടുകളുടെ പാല് ഏഴ് ദിവസം വരെ ഉപയോഗിക്കാനാകാത്തത് ക്ഷീരകര്‍ഷകര്‍ക്ക് വന്‍ നഷ്ടമുണ്ടാക്കുന്നതായിരുന്നു.
തുടര്‍ന്നാണ് ആയുര്‍വ്വേദിക് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആയുര്‍വ്വേദ വെറ്ററിനറി ഔഷധങ്ങള്‍ വികസിപ്പിച്ചെടുത്തത്. ഇതോടെ ചികിത്സാ ചെലവ് കുറയ്ക്കാനും കറവ നിലനിര്‍ത്താനും ക്ഷീരകര്‍ഷകര്‍ക്ക് കഴിഞ്ഞു. അകിട് വീക്കം, പനി, വയറിളക്കം തുടങ്ങിയ അസുഖങ്ങള്‍ക്കാണ് മരുന്നുകള്‍ തയ്യാറാക്കിയത്. മാസ്റ്റിക്യൂവര്, (അകിട് വീക്കം), റുമാട്ടോര്‍ (ദഹനക്കേട്), മില്‍ക്ക്ലെറ്റ് (പാല് ഉല്‍പ്പാദനം), ക്രാക്ക്ഹീല് (മുലക്കാമ്പിലെ വിണ്ടുകീറല്‍), പൈറക്സ് കെയര്‍ (പനി), ഹീല്‍ ഓള് (മുറിവുകള്‍ക്ക്), ഫ്ളൈ റിപ്പല്‍ (ഈച്ച ചെള്ള് ശല്യം) തുടങ്ങിയ മരുന്നുകളാണ് ആയുര്‍വ്വേദ വിധിപ്രകാരം വികസിപ്പിച്ചെടുത്തത്.
ഒരു വര്‍ഷമായി കേരളത്തിന് പുറത്തും ഇത്തരം മരുന്നുകള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും കൂടുതല്‍ മരുന്നുകള്‍ വികസിപ്പിച്ചെടുക്കാനാകുമെന്നും കേരള ആയുര്‍വ്വേദ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ഡോ.എം.എം. സനല്‍കുമാര്‍ പറഞ്ഞു. എന്നാല്‍ ആയുര്‍വ്വേദ മരുന്നുകള്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള ഗവേഷണത്തിനും ക്ലിനിക്കല്‍ ട്രയലിനും കൂടുതല്‍ അടിസ്ഥാനസൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ആയുര്‍വ്വേദ മരുന്നുകളുടെ ഈ സാധ്യത പ്രയോജനപ്പെടുത്താന്‍ ഇതിലൂടെ കഴിയും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: