ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ലോക അത്ലറ്റിക്സ് ചാംമ്പ്യന്‍ഷിപ്പിന് തിരശ്ശീല വീഴുന്ന ഇന്നു രാത്രി ഭാരതത്തില്‍ നിന്നുള്ള കോടക്കണക്കിന് കായികപ്രേമികളുടെ കണ്ണുകള്‍, നാഷണല്‍ അത്ലറ്റിക്സ് സെന്ററില്‍ നടക്കുന്ന ജാവലിന്‍ ത്രോ ഫൈനലിലേക്കായിരിക്കും. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒളിംപിക് വിശ്വകായിക മേളയില്‍, ടോക്കിയോയില്‍ ഭാരതത്തിന് ചരിത്രത്തിലാദ്യമായി ഒരു സ്വര്‍ണമെഡല്‍ അത്ലറ്റിക്സില് നേടിക്കൊണ്ട് ചരിത്രത്തിന്റെ തങ്കത്താളുകളിലേക്ക് നടന്നു കയറിയ നീരജ് ചോപ്ര എന്ന ഇരുപത്തി അഞ്ചുകാരനൊപ്പം മറ്റു രണ്ട് കായിക താരങ്ങള്‍ കൂടി ജാവലിന്‍ ത്രോയില്‍ ലോക കായിക വേദിയില്‍ ഒരു ഫൈനലില്‍ മാറ്റുരക്കുകയാണ്. ലോക അത്ലറ്റിക്സിന്റെ നാളിതുവരെയുള്ള ചരിത്രത്തില്‍ ഒരു മത്സര ഇനത്തില്‍ മൂന്നു ഇന്ത്യന്‍ താരങ്ങള്‍ ഫൈനലില്‍ ആദ്യമായാണ് മെഡലിനായി ഫീല്‍ഡിലിറങ്ങുന്നത്.
ടോക്കിയോ ഒളിംപിക്സ് സ്വര്‍ണ മെഡലിന്റെ സുവര്‍ണ നേട്ടത്തിന്റെ ആവേശം ചോരാതെ യോഗ്യതാ റൗണ്ടില്‍ തന്റെ ആദ്യ ത്രോയില്‍ തന്നെ അനായാസം 88.77 മീറ്റര്‍ ജാവലിന്‍ എത്തിച്ച നീരജിന്റെത് ഈ വര്‍ഷത്തെ ഏറ്റവും മികച്ച പ്രകടനമായിരുന്നു. തന്റെ മുനവച്ച ഒരൊറ്റ ഏറില്‍ ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പ് ഫൈനലിനൊപ്പം, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പാരിസ് ഒളിംപിക്സിനുള്ള യോഗ്യത കൂടി ഹരിയാനയില്‍ നിന്നുള്ള ഇന്ത്യന്‍ ആര്‍മിയിലെ സുബേദാറായ നീരജ് ചോപ്ര നേടിയെടുത്തു. 85.5 മീറ്ററായിരുന്നു പാരിസ് ഒളിംപിക്സില്‍ ജാവലിന്‍ ത്രോയ്ക്ക് യോഗ്യത പരിധിയായി നിശ്ചയിച്ചിരിക്കുന്നത്. 2021ല്‍ ടോക്കിയോ ഒളിംപിക്സിലും, കഴിഞ്ഞ വര്‍ഷത്തെ അമേരിക്കയില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പിലും ഇത്തവണത്തെ യോഗ്യത റൗണ്ടില്‍ ഒരൊറ്റത്രോയിലൂടെ നീരജ് ആവശ്യമായ ലക്ഷ്യം നേടിയെടുത്തു.
ഇന്ന് പന്ത്രണ്ട് താരങ്ങളാണ് ജാവലിന്‍ത്രോ ഫൈനലില്‍ മത്സരിക്കാനിറങ്ങുക. 88.77 മീറ്റര്‍ കുറിച്ച നീരജിന് തൊട്ടുപിന്നില്‍ പാക്കിസ്ഥാന്റെ അര്‍ഷാദ് നദീം (86.79 മീറ്റര്‍), ചെക്ക് റിപ്പബ്ലിക്കിന്റെ ജേക്കബ് വാഡ് ലെയ്ച (83.50 മീ), ജര്‍മനിയുടെ ജൂലിന്‍ വെബര്‍ (82.39 മീ) എന്നിവരാണുള്ളത്. 81.31 മീറ്റര്‍ ദൂരമെറിഞ്ഞ ഇന്ത്യയുടെ ഡിപി മനു ആറാം സ്ഥാനത്തും, 80.55 മീറ്ററോടെ കിഷോര്‍ കുമാര്‍ ജെന ഒമ്പതാം സ്ഥാനത്തും യോഗ്യതാ റൗണ്ടിലെത്തിയിരുന്നു. നീരജ് ഭായ് ആണ് തങ്ങള്‍ക്ക് ആവേശം പകര്‍ന്നു തരുന്നതെന്നാണ് മനുവും, ജനയും ഒരേ സ്വരത്തില്‍ പറയുന്നത്. യോഗ്യത റൗണ്ടില്‍ നിരാശപ്പെടുത്തിയത് കഴിഞ്ഞ ചാംപ്യന്‍ഷിപ്പില്‍ നീരജിനെ രണ്ടാം സ്ഥാനക്കാരനാക്കിയ ഗ്രനാഡായുടെ ആന്ഡേഴ്സണ് പീറ്റേഴ്സായിരുന്നു. 80 മീറ്റര്‍ കടമ്പ കടക്കുവാന്‍ പോലും ഈ സൂപ്പര്‍ താരത്തിന് ബുഡാപെസ്റ്റില്‍ കഴിഞ്ഞില്ല.
ഡയമണ്ട് ലീഗില്‍ ദോഹയിലും, ലുസൈനിലും നടന്ന മത്സരങ്ങളില്‍ ജാവലിന്‍ ത്രോയിലെ ത്രിമൂര്‍ത്തികളെ(വാഡ്ലെയ്ച്, വെബര്‍, പീറ്റേഴ്സണ്) കീഴടക്കിയിട്ടുള്ളത് നീരജിന് ബുഡാപെസ്റ്റില്‍ മുന്‍തൂക്കമുണ്ട്. 32 കാരനായ ലെയ്ചയെയാണ് ശ്രദ്ധിക്കേണ്ടത്. കഴിഞ്ഞ ജൂണ്‍ 13ന് ടര്‍ക്കിയില്‍ പാവോ ആര്‍മി മീറ്റില്‍ 89.51 മീറ്റര്‍ അകലെ ജാവ്ലിന് എറിഞ്ഞെത്തിച്ച ഈ ചെക്ക് താരം പരിചയ സമ്പത്തില്‍ മറ്റാരെക്കാളും മുന്നിലാണ്. പാകിസ്ഥാന്റെ അര്‍ഷാദ് നദീമും മികച്ച ഫോമിലാണ്.
ബുഡാപെസ്റ്റില്‍, സ്വര്‍ണ്ണ പ്രതീക്ഷ നീരജ് സഫലമാക്കുകയാണെങ്കില് ഒരു അപൂര്‍വ റിക്കാര്‍ഡിന് കൂടി ഈ യുവതാരം അര്‍ഹനാകും. 2008 ബീജിങ് ഒളിംപിക്സില്‍ ഭാരതത്തിന് കന്നി സ്വര്‍ണം നേടിത്തന്ന 10 മീറ്റര്‍ എയര്‍ റൈഫിള്‍ ചാമ്പ്യന്‍ അഭിനവ് ബിന്ദ്ര 2006 ല്‍ ക്രൊയേഷ്യയിലെ സാഗ്രെബില്‍ ലോക ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണ്ണം നേടിക്കൊണ്ട് ചരിത്രം കുറിച്ചിരുന്നു. നീരജ് ആ നേട്ടത്തിനരികെയാണ്.
ജാവലിന്‍ ഒരു ടെക്നിക്കല്‍ ഈവന്റാണ്. ജാവലിനുമായുള്ള റണ്‍ അപ് മുതല്‍, അവസാന ഡെലിവറി വരെ കൃത്യതയോടെ ചെയ്യേണ്ട ഈ ത്രോ ഇനത്തില്‍ മികച്ച പരിശീലനം അത്യാവശ്യമാണ്. ലോക റിക്കാര്‍ഡുകാരന്‍ ഉവേ ഹോണില്‍ നിന്നും, അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യ ക്ലോസ് ബെര്ടോണിസിനെയാണ് 2024 പാരീസ് ഒളിമ്പിക്സ് വരെ നീരജിന്റെ പരിശീലന ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ഇന്നത്തെ ഫോമില്‍ നീരജിന് സ്വര്‍ണ്ണ മെഡല്‍ നേടാന്‍ കഴിയുമെന്ന തികഞ്ഞ വിശ്വാസമാണ് കോച്ചിനുള്ളത്.
സ്വര്‍ണനേട്ടത്തിനായി പരമാവധി ശ്രമിക്കുമെന്ന് തന്നെയാണ് നീരജ് ആത്മവിശ്വാസത്തോടെ വെള്ളിയാഴ്ച പറഞ്ഞിട്ടുള്ളത്. വാം അപ്പിനിടെ മികച്ച മത്സരക്ഷമത തോന്നിയെന്നു പറയുന്ന നീരജ് അതുകൊണ്ട് മാത്രമാണ് ആദ്യ ത്രോയില്‍ തന്നെ ലക്ഷ്യം കൈവരിക്കുവാന്‍ കഴിഞ്ഞതെന്ന് വിശ്വസിക്കുന്നു. കലാശപ്പോരിലേക്ക് എല്ലാ ഊര്‍ജവും സംഭരിക്കുവാന്‍ നീരജിന് കഴിഞ്ഞിട്ടുണ്ടെന്ന് ന്യായമായും പ്രതീക്ഷിക്കാം. ഇങ്ങ് ഏഷ്യന്‍ വന്‍കരയിലെ തെക്കന്‍ രാജ്യത്ത് 140 കോടിയോളം പേര് യൂറോപ്യന്‍ രാജ്യമായ ഹംഗറിയിലെ ഇന്നത്തെ സായാഹ്നത്തിലേക്ക് കണ്ണും നട്ടിരിക്കുകയാണ്. ഇന്ത്യയില്‍ അന്നേരം പാതിരാവായിട്ടുണ്ടാകും. എങ്കിലും സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് നീരജിന്റെയും ഭാരതീയരുടെയും പൊന്കിനാവ് സഫലമാകാനുള്ള കാത്തിരിപ്പാണത്. വരും തലമുറയിലെ ഇന്ത്യക്കാര്‍ക്കാകെ ഉണര്‍വേകാന്‍ പോന്ന ഈ കാത്തിരിപ്പിന് പൊന്നിനെ വെല്ലുന്ന തങ്കത്തിന്റെ തിളക്കമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: