ചെന്നൈ: കച്ചത്തീവ് കൈമാറിക്കൊണ്ട് ഡിഎംകെ സര്‍ക്കാര്‍ തമിഴ് ജനതയെ വഞ്ചിക്കുകയായിരുന്നുവെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ. എന്‍ മണ്ണ് എന്‍ മക്കള്‍ പദയാത്രയുടെ ആദ്യഘട്ടത്തിന്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുണാനിധി തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെയാണ് ശ്രീലങ്കയ്‌ക്ക് കച്ചത്തീവ് കൈമാറിയത്.
തമിഴ്ജനതയെ പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികളെ ഡിഎംകെ സര്‍ക്കാര്‍ വഞ്ചിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 1972ല്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അന്ന് കരുണാനിധിയായിരുന്നു മുഖ്യമന്ത്രി.
ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള അന്നത്തെ കേന്ദ്രസര്‍ക്കാരും ഡിഎംകെ സര്‍ക്കാരും ജനങ്ങളെ ഒരുപോലെ വഞ്ചിക്കുകയായിരുന്നു. കച്ചത്തീവ് ശ്രീലങ്കയ്‌ക്ക് കൈമാറുന്നതിനെതിരെ എ.ബി. വാജ്‌പേയി അതിശക്തമായ നിലപാടാണ് പാര്‍ലമന്റില്‍ സ്വീകരിച്ചതെന്നും അണ്ണാമലൈ ചൂണ്ടിക്കാട്ടി.
തമിഴ് ജനതയെ ഉണര്‍ത്തിക്കൊണ്ടും ഡിഎംകെ സര്‍ക്കാരിന്റെ അഴിമതികള്‍ തുറന്നുകാട്ടിക്കൊണ്ടുമുള്ള അണ്ണാമലൈയുടെ എന്‍ മണ്ണ് എന്‍ മക്കള്‍ പദയാത്രയുടെ ആദ്യഘട്ടം സമാപനസമ്മേളനത്തില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. 22 ദിവസം നീണ്ടു നിന്ന ആദ്യഘട്ടയാത്ര രാമനാഥപുരം, ശിവഗംഗ, മധുര, വിരുതുനഗര്‍, തൂത്തുക്കുടി, കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളിലെ 41 നിയമസഭാമണ്ഡലങ്ങളിലൂടെയാണ് കടന്നുപോയത്.
ജൂലൈ 28ന് രാമനാഥപുരത്തുനിന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് യാത്ര ഉദ്ഘാടനം ചെയ്തത്. യാത്രയ്‌ക്ക് വന്‍ സ്വീകരണമാണ് എങ്ങും ലഭിച്ചത്. യാത്രാനായകന്‍ അണ്ണാമലൈയെ എംജിആര്‍ എന്നാണ് അമ്മമാര്‍ വിശേഷിപ്പിച്ചത്.
പദയാത്ര കാണുവാനും അണ്ണാമലൈയുമായി സംസാരിക്കുന്നതിനും ദുരിതങ്ങള്‍ പറയുന്നതിനുമായി വന്‍ ജനാവലിയാണ് ഓരോ സ്ഥലത്തും തടിച്ചുകൂടുന്നത്. പദയാത്രക്കൊപ്പം ജനങ്ങളുമായി സംസാരിക്കുന്നതിനും അവരുടെ ജീവിതം അടുത്തറിയുന്നതിനുമായി ഗൃഹസമ്പര്‍ക്ക പരിപാടികളും നടത്തിയിരുന്നു.
യാത്രയുടെ രണ്ടാം ഘട്ടം സപ്തംബര്‍ മൂന്നിന് തെങ്കാശി ജില്ലയില്‍ നിന്നാരംഭിക്കും. സപ്തംബര്‍ 27ന് രണ്ടാം ഘട്ടം സമാപിക്കും. 39 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയൂം 249 നിയമസഭാമണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. 2024 ജനുവരി 11ന് ചെന്നൈയിലാണ് യാത്ര സമാപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: