കോട്ടയം: ഷാര്‍ജയിലെ സാംസ്കാരിക സംഘടനയായ ഏകതയുടെ ആഭിമുഖ്യത്തില്‍ പന്ത്രണ്ടാമത് നവരാത്രി സംഗീതോത്സവം ഒക്ടോബര്‍ 15 മുതല്‍ 23 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരം സ്വാതിതിരുനാള്‍ നവരാത്രി സംഗീതോത്സവത്തിന്റെ മാതൃകയിലാണ് സംഗീതോത്സവം.
ഒന്‍പതു ദിവസത്തെ സംഗീതോത്സവത്തില്‍ ഇന്ത്യയിലെയും യുഎഇയിലെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെയും പ്രമുഖ സംഗീതജ്ഞര്‍ പങ്കെടുക്കും. വിജയദശമി ദിനത്തില്‍ വിദ്യാരംഭവും നടക്കും. ഈ വര്‍ഷത്തെ ഏകത പ്രവാസി സംഗീതഭാരതി പുരസ്കാരത്തിന് സംഗീതജ്ഞന് പ്രൊഫ. പൊന്‍കുന്നം രാമചന്ദ്രന് അര്‍ഹനായി.
കെ.ജി. ജയന്, നെടുമങ്ങാട് ശിവാനന്ദന്, തൃപ്പൂണിത്തുറ രാധാകൃഷ്ണന്, നവരാത്രി മണ്ഡപം സംഘടനാ സമിതി മുഖ്യഉപദേശകന്‍ സജിത്കുമാര്‍, ഏകതാ പ്രസിഡന്റ് ഡോ. സതീഷ് കൃഷ്ണന് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. വാര്‍ത്താസമ്മേളനത്തില്‍ ഏകത ഷാര്‍ജ ജനറല്‍ സെക്രട്ടറി പി.ജി. ഗിരീഷ്കുമാര്‍, ജോ. സെക്രട്ടറി പ്രവീണ്‍കുമാര്‍, ഏകതാ വെല്‍ഫയര്‍ ആന്‍ഡ് ചാരിറ്റി ട്രസ്റ്റ് ചെയര്മാന് വയലാര്‍ ശശികുമാര്‍, ജൂറിയംഗം നെടുമങ്ങാട് ശിവാനന്ദന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: