തൊടുപുഴ: തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഗണ്യമായി കുറഞ്ഞതോടെ സംസ്ഥാനത്ത് വേനല്‍ക്കാലത്തിനു സമാനമായി താപനില ഉയരുന്നു. എട്ട് ജില്ലകളില്‍ കേന്ദ്ര അന്തരീക്ഷ ശാസ്ത്രകേന്ദ്രം വരും ദിവസങ്ങളില്‍ കൂടിയ താപനില മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഐഎംഡിയുടെ ഓട്ടോമേറ്റഡ് സ്റ്റേഷന് രേഖപ്പെടുത്തിയ കണക്കുകള്‍ പ്രകാരം പത്തനംതിട്ട ജില്ലയിലെ വെണ്‍കുറിഞ്ഞിയില്‍ ഇന്ന് പകല്‍ താപനില 42.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. എറണാകുളം ജില്ലയിലെ ചൂണ്ടിയില്‍ 37.7, അഞ്ചല്‍ (കൊല്ലം) 37.2, കോഴഞ്ചേരി (പത്തനംതിട്ട) 37.1 ഡിഗ്രി സെല്‍ഷ്യസ് വീതവും താപനില രേഖപ്പെടുത്തി.
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ താപനില 36 ഡിഗ്രി വരെയും ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയും എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ 34 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും. സാധാരണ താപനിലയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി വരെ കൂടുതലാണിത്. മിക്ക ജില്ലകളിലും കൂടിയ താപനില 32 മുതല്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്.
കുറഞ്ഞ താപനില 26 മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെയും.നാല് ആഴ്ചയോളമായി മഴ മാറി നില്‍ക്കുകയും ആകാശം തെളിയുകയും ചെയ്തതോടെ സംസ്ഥാനത്തെ പകല്‍, രാത്രി താപനിലയില്‍ വന്‍ വര്‍ധനയാണുണ്ടായത്. താപസൂചിക മിക്കയിടത്തും 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്.
വൈദ്യുതി ഉപഭോഗത്തിലും വലിയ വര്‍ധനയുണ്ട്. ഫാന്‍, എയര്‍കണ്ടീഷണര്‍, കൂളര്‍ എന്നിവയുടെ ഉപഭോഗം കൂടി. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം 88.0735 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. രണ്ട് മില്യണ്‍ യൂണിറ്റിന്റെ വര്‍ധന.
കഴിഞ്ഞ ദിവസം വരെ അഞ്ച് മില്യണ്‍ യൂണിറ്റായിരുന്ന ഇടുക്കിയിലെ ഉത്പാദനം 10 മില്യണ്‍ യൂണിറ്റിലേക്ക് എത്തിച്ചിട്ടുണ്ട്. സംഭരണികളിലാകെ 36 ശതമാനം വെള്ളമാണ് അവശേഷിക്കുന്നത്. നിലവിലെ തോതില്‍ ഉത്പാദനം തുടര്‍ന്നാല്‍ 1.5 മാസം കൊണ്ട് ഇടുക്കിയിലെ വെള്ളം തീരും. വരുന്ന ആഴ്ചകളിലും മഴ പ്രവചനം ഇല്ലാത്തതിനാല്‍ ചൂട് ഇനിയും കൂടിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: