ബംഗളുരു : ലാന്‍ഡര്‍ വിജയകരമായി ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയതിന്റെ ആഹ്ലാദത്തിലാണ് രാജ്യം. ഇനി ലാന്ഡറിനുളളില് നിന്ന് പ്രജ്ഞാന് റോവര്‍ പുറത്തുവരുന്നതിനായുളള കാത്തിരിപ്പാണ്.
ലാന്‍ഡിംഗിനെ തുടര്‍ന്ന് ഉയര്‍ന്നുപൊങ്ങുന്ന പൊടിപടലങ്ങള്‍ അടങ്ങിയ ശേഷം ലാന്‍ഡറിലെ റാമ്പ് തുറക്കുകയും അത് വഴി പ്രജ്ഞാന് റോവര്‍ പുറത്തുവരികയും ചെയ്യും. ഇതിന് ലാന്‍ഡിംഗ് കഴിഞ്ഞ് മൂന്നര മണിക്കൂറെങ്കിലും കഴിയണം.
റോവറും ലാന്‍ഡറും പരസ്പരം ചിത്രങ്ങള്‍ എടുത്ത് ഭൂമിയിലേക്ക് അയക്കും. ചന്ദ്രനില്‍ നിന്നുള്ള ഇന്ത്യയുടെ ആദ്യ ചിത്രങ്ങളാകും ഇത്.. ഇതോടുകൂടി യഥാര്‍ത്ഥ ശാസ്ത്ര പര്യവേക്ഷണ ദൗത്യങ്ങള്‍ക്ക് തുടക്കം കുറിക്കും.
ഇതിന് മുമ്പ് അമേരിക്ക, ചൈന, സോവിയറ്റ് യൂണിയന് എന്നീ രാജ്യങ്ങളാണ് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തിട്ടുളളത്. ലാന്‍ഡറും റോവറും സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുക. ഇതിനായി സൗരോര്‍ജ പാനലുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.
ഒരു ചാന്ദ്ര ദിനമാണ് ലാന്‍ഡര്‍ പ്രവര്‍ത്തിക്കുക. ഭൂമിയിലെ 14 ദിവസമാണ് ഒരു ചാന്ദ്ര ദിനം.അത് കഴിഞ്ഞാല്‍ അടുത്ത 14 ദിവസം ചന്ദ്രനില്‍ ഇരുട്ടായിരിക്കും. വീണ്ടും പകല്‍ വരുമ്പോള്‍ ലാന്‍ഡര്‍ വീണ്ടും സൗരോര്‍ജം സ്വീകരിച്ച് പ്രവര്‍ത്തിപ്പിക്കുമോ എന്നും പരീക്ഷിക്കും ശാസ്ത്രജ്ഞര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: