ബെംഗളൂരു: ഇന്നാണ് ലോകം ഉറ്റുനോക്കുന്ന, ഭാരതത്തിലെ 140 കോടി ജനങ്ങള്‍ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്ന, ആ പുണ്യദിനം. രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍ 3 ചന്ദ്രന്റെ തെക്കേ ധ്രുവത്തിലിറങ്ങുന്ന നിമിഷം.
ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യാനുള്ള വിക്രം ലാന്‍ഡറിന്റെ ശ്രമം ഇന്ന് വൈകിട്ട് 5.47നു തുടങ്ങും. കൃത്യം 6.04ന് ലാന്‍ഡര്‍ നിലംതൊടുമെന്നാണ് ഐഎസ്ആര്‍ഒ വ്യക്തമാക്കിയത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ നിമിഷങ്ങള്‍ വൈകിട്ട് 5.20 മുതല്‍ ഐഎസ്ആര്‍ഒ ലൈവായി സംപ്രേഷണം ചെയ്യും. അപകടം നിറഞ്ഞ, ഈ 17 മിനിറ്റാണ് ഏറെ സങ്കീര്‍ണം.
ചന്ദ്രയാന്‍ 3 ലാന്‍ഡ് ചെയ്യുന്നതോടെ, ഭാരതം, ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യവും ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യവുമാകും. അമേരിക്കയും റഷ്യയും ചൈനയുമാണ് മറ്റു മൂന്നു രാജ്യങ്ങള്‍.
കാലാവസ്ഥയോ സാങ്കേതിക പ്രശ്നമോ വിഘാതമായാല്‍ ലാന്‍ഡിങ് ഈ മാസം 27ലേക്കു മാറ്റാനും ഐഎസ്ആര്‍ഒ തീരുമാനിച്ചിട്ടുണ്ട്. ചന്ദ്രനിലെ അന്തരീക്ഷം, ലാന്‍ഡറിന്റെ ആരോഗ്യം എന്നിവ തൃപ്തികരമല്ലെന്നു തോന്നിയാല്‍ ലാന്‍ഡിങ് 27ലേക്കു മാറ്റും, അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ നീലേഷ് എം. ദേശായി പറഞ്ഞു. ലാന്‍ഡിങ്ങിന് രണ്ടു മണിക്കൂര്‍ മുമ്പാകും അന്തിമ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് ഇന്നലെ കേന്ദ്ര ബഹിരാകാശ വകുപ്പു മന്ത്രി ജിതേന്ദ്ര സിങ്ങിനെ സന്ദര്‍ശിച്ച് വിശദമായി കാര്യങ്ങള്‍ ധരിപ്പിച്ചു. വിക്രവും അതിലെ ഉപകരണങ്ങളും നന്നായി പ്രവര്‍ത്തിക്കുന്നെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
ചന്ദ്രയാന്‍ 20ന് എടുത്ത ചന്ദ്രന്റെ വളരെ അടുത്തുനിന്നുള്ള കൂടുതല്‍ ചിത്രങ്ങളും ഇന്നലെ ഐഎസ്ആര്‍ഒ പുറത്തുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക