ന്യൂദല്‍ഹി : ദക്ഷിണാഫ്രിക്ക- ഗ്രീസ് സന്ദര്‍ശനത്തിനായി പുറപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി അല്പ സമയത്തിനകം ജോഹന്നസ് ബര്ഗനിലെത്തും.
നാല് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഇന്ന് രാവിലെയാണ് പുറപ്പെട്ടത്. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ 15-ാമത് ബ്രിക്സ് (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) ഉച്ചകോടിയില്‍ മോദി പങ്കെടുക്കും.
സഹകരണത്തിന്റെ ഭാവി മേഖലകള്‍ തിരിച്ചറിയുന്നതിനും വികസനം അവലോകനം ചെയ്യുന്നതിനും ബ്രിക്സ് ഉച്ചകോടി അവസരം നല്‍കുമെന്ന് പുറപ്പെടും മുമ്പ് പ്രസ്താവനയില്‍ മോദി പറഞ്ഞു.വിവിധ മേഖലകളില്‍ ശക്തമായ സഹകരണ കാര്യപരിപാടിയാണ് ബ്രിക്സ് പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വികസനത്തിന്റെ അനിവാര്യതകളും ബഹുരാഷ്ട്ര വ്യവസ്ഥയുടെ പരിഷ്കരണവും ഉള്‍പ്പെടെ, ആഗോള തെക്കന്‍ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമുള്ള വേദിയായി ബ്രിക്സ് മാറിയതിനെ ഇന്ത്യ വിലമതിക്കുന്നുവെന്നും മോദി പറഞ്ഞു. ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസയുടെ ക്ഷണപ്രകാരമാണ് താന്‍ അവിടം സന്ദര്‍ശിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജോഹന്നാസ്ബര്‍ഗില്‍ ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന ബ്രിക്സ്-ആഫ്രിക്ക ബഹുജന സമ്പര്‍ക്കം, ബ്രിക്സ് പ്ലസ് സമ്മേളനത്തിലും പങ്കെടുക്കുമെന്ന് മോദി പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കുന്ന അതിഥി രാജ്യങ്ങളിലെ നേതാക്കളുമായി സംവദിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബ്രിക്സ് ഉച്ചകോടിക്ക് ശേഷം മോദി ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോട്ടാക്കിസിന്റെ ക്ഷണപ്രകാരം ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഗ്രീസിലേക്ക് പോകും. 40 വര്‍ഷത്തിന് ശേഷം ഗ്രീസ് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാകും മോദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: