ആലപ്പുഴ: കേരളത്തെ അന്നമൂട്ടാന്‍ എല്ലുമുറിയെ പണിയെടുത്ത നെല്‍കര്‍ഷകര്‍ ഓണക്കാലത്ത് ആത്മഹത്യയുടെ പടിവാതില്ക്കല്. കുട്ടനാട്, അപ്പര്‍കുട്ടനാട് കരിനിലങ്ങളിലെ പുഞ്ചകൃഷി വിളവെടുപ്പ് പൂര്‍ത്തിയായി മാസം അഞ്ചു കഴിഞ്ഞിട്ടും സംഭരിച്ച നെല്ലിന്റെ വില കിട്ടാനുള്ള കര്‍ഷകര്‍ പതിനായിരത്തിലേറെയാണ്. കര്‍ഷകര്‍ കടക്കെണിയിലായി എന്നത് മാത്രമല്ല, സിബില്‍ സ്കോറിനെയും ഇത് ബാധിക്കുന്നുണ്ട്. കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളില്‍ മാത്രം ലഭിക്കാനുള്ളത് 200 കോടി രൂപയോളമാണ്.
നെല്ലു നല്കുമ്പോള് ലഭിക്കുന്ന പാഡി റെസീറ്റ് ഷീറ്റും (പിആര്‍എസ്) അപേക്ഷയും പാഡി ഓഫീസിലെത്തിച്ചാല്‍ സംഭരിച്ച നെല്ലിന്റെ വില ഏഴ് ദിവസത്തിനുള്ളില്‍ കര്‍ഷകരുടെ അക്കൗണ്ടിലെത്തുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഇതെല്ലാം സമര്‍പ്പിച്ച് കാത്തിരിക്കുകയാണ് കര്‍ഷകര്‍. 50000 രൂപയ്ക്കു താഴെയുള്ള ബില്ലുകള്‍ സര്‍ക്കാര്‍ നല്കിത്തുടങ്ങിയെങ്കിലും പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഭൂരിപക്ഷം കര്‍ഷകരും ഈ പരിധിക്ക് പുറത്താണ്. 1,785 കിലോഗ്രാമില്‍ കുറവ് നെല്ലു നല്കിയ കര്‍ഷകര്‍ക്കാണ് പ്രയോജനം ലഭിക്കുക. ഒരേക്കറില്‍നിന്ന് 2,500 കിലോവരെയാണ് സപ്ലൈകോ സംഭരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഭൂരിഭാഗം നെല്‍ക്കര്‍ഷകര്‍ക്കും പണം കിട്ടില്ല.
കിലോയ്ക്ക് 28.20 രൂപ നിരക്കിലാണ് നിലവില്‍ നെല്ല് സംഭരിക്കുന്നത്. അതില്‍ പോലും 28 രൂപയാണ് കര്‍ഷകരുടെ അക്കൗണ്ടിലെത്തുന്നത്. ശേഷിക്കുന്ന 20 പൈസ പിന്നീട് നല്‍കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇതില്‍ 18.80 രൂപ കേന്ദ്രവിഹിതവും 9.40 രൂപ സംസ്ഥാന വിഹിതവുമാണ്. രണ്ടാം കൃഷിക്കു വിളവിറക്കിയ കര്‍ഷകര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. വിതയ്ക്കു തന്നെ ഏക്കറിന് 25,000 മുതല്‍ 30,000 രൂപ വരെ ചെലവായി. 60 ദിവസം പ്രായമായ നെല്‍ച്ചെടികള്‍ക്ക് ആവശ്യമായ വളം, കക്ക, മരുന്ന് എന്നിവ വാങ്ങാനുള്ള പണത്തിനു വിഷമിക്കുകയാണ് പലരും. സ്വര്‍ണം പണയം വച്ചും കൊള്ളപ്പലിശയ്ക്ക് കടം വാങ്ങിയുമാണ് കൃഷി ഇറക്കിയത്. സര്‍ക്കാര്‍ നെല്ല് വില നല്കാത്തതിനാല് ഈ കടങ്ങള്‍ വീട്ടാനാകുന്നില്ല.
കൂടാതെയാണ് അടുത്ത കൃഷിക്കുള്ള ചെലവ്. നെല്ലുവില വിതരണത്തില്‍ സിപിഎം, സിപിഐ പോരും തുടരുകയാണ്. നെല്ലിന്റെ വില നല്‍കാനായി ധനകാര്യവകുപ്പ് അനുവദിച്ച 180 കോടി രൂപ സിപിഐ ഭരിക്കുന്ന സപ്ലൈകോയ്ക്കു നല്‍കാതെ സിപിഎം ഭരിക്കുന്ന ധനവകുപ്പ് തന്നെ കൈകാര്യം ചെയ്യുന്ന ട്രഷറി വഴിയാണ് കൃഷിക്കാരുടെ അക്കൗണ്ടിലേക്കു നല്‍കുന്നത്. സപ്ലൈകോയില്‍ നിന്നു നെല്ലിന്റെ വില നല്‍കേണ്ടവരുടെ പട്ടിക മാത്രമാണ് ആവശ്യപ്പെടുന്നത്. ചിങ്ങം ഒന്നിന് കരിദിനം ആചരിച്ച് പ്രക്ഷോഭം ശക്തമാക്കിയിട്ടും സര്‍ക്കാര്‍ കര്‍ഷകരുടെ ദുരിതത്തിന് പരിഹാരം കണാന്‍ തയാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: