ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് പുറത്തിറക്കി. 2003 മുതല്‍ 2023 വരെയുള്ള 20 വര്‍ഷത്തെ ഭരണത്തിന്റെ റിപ്പോര്‍ട്ട് കാര്‍ഡാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുറത്തിറക്കിയത്. കോണ്‍ഗ്രസ് കാലഘട്ടത്തിലെ പിന്നാക്കാവസ്ഥയില്‍ നിന്നും സംസ്ഥാനത്തെ ഉയര്‍ത്തിക്കൊണ്ടുവന്നതായി റിപ്പോര്‍ട്ട് കാര്‍ഡ് ചൂണ്ടിക്കാണിക്കുന്നു.
മധ്യപ്രദേശിലെ ജനങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ തൂത്തെറിഞ്ഞുകൊണ്ട് 2003ല്‍ ചരിത്രപരമായ തീരുമാനമാണ് എടുത്തത്. കഴിഞ്ഞ 20 വര്‍ഷമായി വികസനത്തിന്റെയും സ്വാശ്രയത്തത്തിന്റെയും അടിത്തറയാണ് ബിജെപി സര്‍ക്കാര്‍ പാകിയത്. രാജ്യത്ത് ഗോതമ്പ് ഉത്പാദനത്തിന്റെ 45 ശതമാനവും മധ്യപ്രദേശില്‍ നിന്നാണെന്ന് അമിത് ഷാ പറഞ്ഞു. ജനങ്ങളുടെ ആരോഗ്യ സേവനത്തിനായി 3.62 കോടി പേര്‍ക്ക് ആയുഷ്മാന്‍ കാര്‍ഡ് വിതരണം ചെയ്തു.
ഇതിലൂടെ രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്ത് മധ്യപ്രദേശിനെ എത്തിക്കാനായി. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയിലൂടെ ഗ്രാമീണ റോഡുകളുടെ ഗുണനിലവാരത്തിലും വികസനത്തിലും മധ്യപ്രദേശിനെ ഒന്നാം സ്ഥാനത്തെത്തിച്ചു. അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് സ്‌കീമിലൂടെ 4300 കോടി ചെലവഴിച്ച് രാജ്യത്തിന് അഭിമാനകരമായി ഒന്നാമതെത്തി.
പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ ഗ്രാമീണ മേഖലയിലെ വീട് നിര്‍മാണത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് മധ്യപ്രദേശ്. 44 ലക്ഷം പാവപ്പെട്ടവര്‍ക്കാണ് വീടുകള്‍ നല്കിയത്. കഴിഞ്ഞ ആറുവര്‍ഷമായി ഏറ്റവും വൃത്തിയുള്ള നഗരമെന്ന നിലയില്‍ ഒന്നാം സ്ഥാനം ഇന്‍ഡോറിനാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
അഞ്ചു വര്‍ഷത്തിനുള്ളില്‍ 1.36 കോടി ജനങ്ങളെ ദാരിദ്ര്യ രേഖയ്‌ക്ക് മുകളിലെത്തിക്കുവാനായി. ഇവരുടെ പ്രതിശീര്‍ഷ വരുമാനം 12000 രൂപയില്‍ നിന്നും 1.40 ലക്ഷമായി ഉയര്‍ന്നതായും അമിത് ഷാ ചൂണ്ടിക്കാട്ടി. ചടങ്ങില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.ഡി. ശര്‍മ്മ, സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്ര എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: