ഫ്ളോറിഡ: പതിനേഴുവര്‍ഷത്തിനുശേഷം വിന്‍ഡീസിനോട് പരമ്പര കൈവിട്ട് ടീം ഇന്ത്യ. അഞ്ച് മത്സരങ്ങളുടെ ടി 20 പരമ്പരയാണ് ഇന്ത്യ തോറ്റത്. അഞ്ചമത്തെ മത്സരത്തില്‍ എ്ട്ട് വിക്കറ്റിനാണ് ഹാര്‍ദികും കൂട്ടരും തോറ്റത്. 2006നുശേഷം ഇതാദ്യമായാണ് വിന്‍ഡീസിനോട് ഉഭയകക്ഷി പരമ്പര തോല്‍ക്കുന്നത്. വിന്‍ഡീസ് പര്യടനത്തിലെ ടെസ്റ്റ്-ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയ ശേഷമാണ് ഇന്ത്യ ട്വന്റി 20 പരമ്പര കൈവിട്ടത്. 2006ല്‍ നടന്ന ഏകദിന പരമ്പരയില്‍ രാഹുല്‍ ദ്രാവിഡിന് കീഴിലിറങ്ങിയ ഇന്ത്യ വിന്‍ഡീസിനോട് 1-4ന് തോറ്റതായിരുന്നു ഇതിന് മുമ്പുള്ള ഇന്ത്യയുടെ അവസാന തോല്‍വി. അതേ ദ്രാവിഡ് ആണ് ഹാര്‍ദിക് നയിച്ച ടീമിന്റെ ഇന്ത്യന്‍ പരിശീലകന് എന്നത് മറ്റൊരു കൗതുമായി.
വിന്‍ഡീസിനെതിരായ ടി20 പരമ്പര തോറ്റതോടെ ദ്വിരാഷ്ട്ര ടി20 പരമ്പരകളിലെ ഇന്ത്യയുടെ തുടര്‍ പരമ്പര വിജയങ്ങളുടെ റിക്കോര്‍ഡു കൂടിയാണ് മുറിയുന്നത്. വിന്‍ഡീസിനെതിരായ പരമ്പരക്ക് മുമ്പ് ഇന്ത്യ തുടര്‍ച്ചയായി 11 ടി20 പരമ്പരകള്‍ ജയിക്കുകയോ സമനിലയാക്കുകയോ ചെയ്തിരുന്നു. ഇതിന് മുമ്പ് 2021ല്‍ ശ്രീലങ്കക്കെതിരെ ആയിരുന്നു ദ്വിരാഷ്ട്ര ടി20 പരമ്പരകളില്‍ അവസാനമായി ഇന്ത്യ പരമ്പര കൈവിട്ടത്. അഞ്ചാം മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം വിന്‍ഡീസ് 18 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ബ്രാന്‍ഡണ്‍ കിങ്ങാണ് വിന്‍ഡീസിന്റെ വിജയശില്‍പ്പി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത നായകന് ഹാര്‍ദിക് പാണ്ഡ്യയുടെ തീരുമാനം പൂര്‍ണമായും പാളി.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിന്‍ഡീസ് വിജയിച്ചിരുന്നു. എന്നാല്‍ മൂന്നും നാലും മത്സരങ്ങളില്‍ ഇന്ത്യ വിജയം സ്വന്തമാക്കി തിരിച്ചടിച്ചു. എന്നാല്‍ നിര്‍ണായകമായ അഞ്ചാം മത്സരത്തില്‍ ഇന്ത്യന്‍ യുവനിരയ്ക്ക് താളം കണ്ടെത്താനായില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ പരാജയമായി. അര്‍ധസെഞ്ചുറി നേടിയ സൂര്യകുമാര്‍ മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്.
166 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ കൈല്‍ മായേഴ്സിനെ നഷ്ടമായി. 10 റണ്‍സെടുത്ത താരത്തെ അര്‍ഷ്ദീപ് പുറത്താക്കി. തുടര്‍ന്ന് ക്രീസിലൊന്നിച്ച നിക്കോളാസ് പൂരാനും ബ്രാന്‍ഡണ്‍ കിങ്ങും ചേര്‍ന്ന് ആക്രമിച്ച് കളിക്കാന്‍ തുടങ്ങി. 5.1 ഓവറില്‍ ടീം സ്കോര്‍ 50 കടന്നു.
ഇരുവരും ചേര്‍ന്ന് ടീം സ്കോര്‍ 10.1 ഓവറില്‍ 100 കടത്തി പിന്നാലെ ഓപ്പണര്‍ കിങ് അര്‍ധസെഞ്ചുറിയും നേടി. എന്നാല്‍ വിന്‍ഡീസ് ബാറ്റിങ്ങിനിടെ 12.3 ഓവറില്‍ മോശം കാലാവസ്ഥയെത്തുടര്‍ന്ന് മത്സരം നിര്‍ത്തിവെച്ചു. ആ സമയം വിന്‍ഡീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സെടുത്തിരുന്നു. പിന്നീട് കളി
പുനരാരംഭിച്ചശേഷം ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും പൂരാന്-കിങ് കൂട്ടുകെട്ട് പൊളിക്കാന്‍ ഹാര്‍ദിക്കിന് സാധിച്ചില്ല. ഒടുവില്‍ 107 റണ്‍സിന്റെ കൂട്ടുകെട്ട് പിരിച്ചത് തിലക് വര്‍മയാണ്. റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച പൂരാനെ ഹാര്‍ദിക് ക്യാച്ചെടുത്ത് പുറത്താക്കി. 35 പന്തില്‍ 47 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
പിന്നാലെ ഷായ് ഹോപ്പ് ക്രീസിലെത്തി. ഹോപ്പിനെ കൂട്ടുപിടിച്ച് കിങ് അടിച്ചുതകര്‍ത്തു. വൈകാതെ കിങ് വിന്‍ഡീസിന്റെ വിജയശില്‍പ്പിയായി. കിങ് 55 പന്തില്‍ അഞ്ച് ഫോറിന്റെയും ആറുസിക്സിന്റെയും സഹായത്തോടെ 85 റണ്‍സെടുത്തും ഹോപ്പ് 22 റണ്‍സ് നേടിയും പുറത്താവാതെ നിന്നു.
മത്സരശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര കൈവിട്ടത് കാര്യമാക്കുന്നില്ലെന്നും വല്ലപ്പോഴുമൊക്കെ തോല്ക്കുന്നതും നല്ലതാണെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞു. തോല്‍വിയില്‍ നിന്ന് പലതും പഠിക്കാനുണ്ടെന്നും നായകന് പറഞ്ഞു.
അഞ്ചാം മത്സരം തോറ്റതോടെ ഇന്ത്യ അഞ്ച് മത്സര പരമ്പര 2-3ന് കൈവിട്ടു. റൊമാരിയോ ഷെപ്പേര്‍ഡ് കളിയിലെ താരവും നിക്കോളാസ് പൂരന് പരമ്പരയിലെ താരവുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: