ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നിന്ന് നാല് പുള്ളിപ്പുലികളുടെ തോലുകള്‍ കണ്ടെടുത്തു. സംഭവത്തില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ എട്ടു പേരെ അറസ്റ്റ് ചെയ്തു. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന്റെ (ഡിആര്‍ഐ) സമയോചിതമായ ഇടപെടലിലൂടെയാണ് കശ്മീരിലെ അനധികൃത വന്യജിവി വില്പന സംഘത്തിലെ കണ്ണികളെ പിടികൂടാനായതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
കുറേക്കാലമായി ശ്രീനഗറില്‍ വന്യജീവി വേട്ട സജീവമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റവന്യു ഡയറക്ടറേറ്റിന്റെ രഹസ്യാന്വേഷണ വിഭാഗം ദൗത്യം ആരംഭിച്ചത്. പുലിത്തോലുകള്‍ വാങ്ങുന്നവരെന്ന വ്യാജേന വന്യജീവി വേട്ട സംഘത്തെ സമീപിക്കുകയായിരുന്നു. ഇതിനായി ഡിആര്‍ഐയുടെ മുംബൈ സോണല്‍ യൂണിറ്റിലെ ഉദ്യോഗസ്ഥന് ശ്രീനഗറിലെത്തിയിരുന്നു. പുലിത്തോലുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വേഷം മാറിയെത്തിയ ഉദ്യോഗസ്ഥര്‍ കൊള്ളസംഘവുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തി. ഇതിന്‍പ്രകാരം ശ്രീനഗറിലെ ദാല്ഗേറ്റിന് സമീപം കൊള്ളസംഘത്തിലെ ഒരാള്‍ പുലിത്തോലുമായി എത്തി. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒപ്പമുണ്ടായിരുന്ന ആളെക്കൂടി ഉദ്യോഗസ്ഥര്‍ പിടികൂടി.
പുലിത്തോലുകള്ക്കായി വീണ്ടും ഉദ്യോഗസ്ഥര്‍ കൊള്ളസംഘത്തെ സമീപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം സംഘത്തിലെ മൂന്ന് പേര് മൂന്ന് പുലിത്തോലുകളുമായെത്തുകയും ഇവരെ അന്വേഷണ സംഘം പിടികൂടുകയുമായിരുന്നു. ഇവരില്‍ നിന്ന് മറ്റ് മൂന്ന് പേരുടെ കൂടി വിവരങ്ങള്‍ ലഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ രണ്ട് സംഘമായി തിരിഞ്ഞ് നടത്തിയ തെരച്ചിലില്‍ അവരെയും പിടികൂടി. ലഡാക്ക്, ദാറ എന്നിവിടങ്ങളില്‍ നിന്നാണ് പുലികളെ വേട്ടയാടിയതെന്ന് അറസ്റ്റിലായവര്‍ വെളിപ്പെടുത്തി. ഇവരെ വന്യജീവി സംരക്ഷണ വകുപ്പിന് കൈമാറിയതായും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: