കറാച്ചി: ബലൂചിസ്ഥാനില്‍ ചൈനീസ് എന്‍ജിനീയര്‍മാരുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. വെടിവയ്‌പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്ക്. ഏഴ് വാഹനങ്ങളില്‍ 23 എന്‍ജിനീയര്‍മാരുമായി പാകിസ്ഥാനിലെ തുറമുഖ നഗരമായ ഗ്വാദറിലേക്ക് പോയ വാഹന്യൂഹത്തിന് നേരെ രാവിലെ ഒമ്പതരയോടെയാണ് ആക്രമണമുണ്ടായത്. ഫക്കീര്‍ കോളനിക്ക് സമീപമാണ് ആക്രമണം ഉണ്ടായത്. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ രണ്ട് മണിക്കൂറോളം വെടിവയ്‌പ്പുണ്ടായി.
ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ചൈനീസ് എന്‍ജിനീയര്‍മാര്‍ക്ക് നേരെ ആക്രമണം ഉണ്ടായതായി അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട് ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായും മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. ബലൂചിസ്ഥാനിലെയും സിന്ധിലെയും പൗരന്മാരോട് സുരക്ഷിതരായി വീടുകളില്‍ത്തന്നെ തുടരാന്‍ പാകിസ്ഥാനിലെ ചൈനീസ് കോണ്‍സുലേറ്റ് നിര്‍ദേശം നല്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ബലോച് വനിത ചാവേറായി പൊട്ടിത്തെറിച്ച് മൂന്ന് ചൈനീസ് എന്‍ജിനിയര്‍മാരെ കൊലപ്പെടുത്തിയിരുന്നു.
2021 ജൂലൈയില്‍ വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ ചൈനീസ് എന്‍ജിനീയര്‍മാര്‍ സഞ്ചരിച്ചിരുന്ന ബസിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ 13 പേര്‍ മരിച്ചു. സമ്മര്‍ദത്തെത്തുടര്‍ന്ന്, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പാകിസ്ഥാന്‍ നഷ്ടപരിഹാരം നല്കി. 2021 ഏപ്രിലില്‍ ക്വറ്റയിലെ ചൈനീസ് അംബാസഡര്‍ താമസിക്കുന്ന ആഡംബര ഹോട്ടലില്‍ നടന്ന ചാവേര്‍ ബോംബ് ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും ഡസന്‍ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: