ആലപ്പുഴ: എല്ലാ വീടുകളിലും ശുദ്ധജല കണക്ഷന് എത്തിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ജലജീവന്‍ മിഷന് പദ്ധതി നടത്തിപ്പില്‍ ജില്ല ഏറെ പിന്നില്‍. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണ് പദ്ധതി നടത്തിപ്പ് ഇഴയാന്‍ കാരണം. വാട്ടര്‍ അതോറിറ്റിയും ഇക്കാര്യത്തില്‍ വേണ്ട ഇടപെടല്‍ നടത്തുന്നില്ലെന്നാണ് ആക്ഷേപം. ജില്ലയില്‍ രണ്ടു ലക്ഷത്തോളം വീടുകളില്‍ കണക്ഷന് കിട്ടിയിട്ടില്ല. ഈ വര്‍ഷം ഇതുവരെ പന്തീരായിരത്തില്‍ ഏറെ കണക്ഷനുകള്‍ മാത്രമാണു നല്‍കിയത്.
പൈപ്പ് ഇടുന്നത് റോഡ് വെട്ടിപ്പൊളിക്കാന്‍ പൊതുമരാമത്ത് വകുപ്പ അനുമതി നല്‍കാത്തതാണ് പ്രധാന പ്രതിസന്ധിയെന്ന് അധികൃതര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 62,315 കണക്ഷനുകളും 202021ല്‍ 50,957 കണക്ഷനുകളുമാണു കൊടുത്തത്. 5,46,547 വീടുകളിലാണ് ആകെ കണക്ഷനുകള്‍ നല്‍കേണ്ടത്. 2020ല്‍ തുടങ്ങിയ പദ്ധതി 2024 മാര്‍ച്ചില്‍ പദ്ധതി അവസാനിപ്പിക്കുമെന്നാണു കേന്ദ്രം അറിയിച്ചിട്ടുള്ളത്. പദ്ധതി അവസാനിപ്പിച്ചാല്‍ പദ്ധതിക്കു കേന്ദ്ര സര്‍ക്കാരില്‍ നിന്നു പണം ലഭിക്കില്ല. 1419 കോടി രൂപയാണു ജില്ലയില്‍ പദ്ധതിക്കായി അനുവദിച്ച തുക. കൂടിയ നിരക്കില്‍ പൈപ്പുകള്‍ വാങ്ങിക്കൂട്ടിയതല്ലാതെ മിക്ക സ്ഥലത്തും ഗാര്‍ഹിക കണക്ഷനുകള്‍ നല്കാന് സാധിച്ചിട്ടില്ല. കുട്ടനാട് മേഖലയില്‍ മാത്രം ഒരു ലക്ഷം കണക്ഷനുകള്‍ നല്‍കാനുണ്ട്.
കിഫ്ബിയുടെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചാല്‍ മാത്രമാണു കുട്ടനാട്ടില്‍ കണക്ഷന് നല്കാന് സാധിക്കുകയുള്ളൂവെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നു. മാവേലിക്കര, ഹരിപ്പാട്, കായംകുളം മേഖലകളാണു പദ്ധതി നടപ്പിലാക്കുന്നതില്‍ ഏറെ പിന്നിലുള്ള മറ്റു സ്ഥലങ്ങള്‍. കണക്ഷന് നല്കാന് വൈകുന്നതു കേന്ദ്രത്തില്‍ നിന്നു ഫണ്ട് ലഭിക്കാതിരിക്കാന്‍ കാരണമാകുമെന്നും ജലജീവന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. അങ്ങനെ വന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ സ്വന്തം ഫണ്ട് ഉപയോഗിച്ചു പദ്ധതി പൂര്‍ത്തിയാക്കേണ്ടി വരും. പലയിടത്തും പൈപ്പ് പൊട്ടല്‍ കാരണം ജലവിതരണം തടസ്സപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: