പെരുമ്പാവൂര്‍: ന്യൂദല്‍ഹയില്‍ സ്വാതന്ത്ര്യ ദിനാഘോഷച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പെരുമ്പാവൂര്‍ മേഖലയിലെ തൊഴിലുറപ്പ് തൊഴിലാളിയായ സുനിതയ്ക്ക് ക്ഷണം. അറക്കപ്പടിയിലെ തൊഴിലുറപ്പ് തൊഴിലാളിയും പെരുമ്പാവൂര്‍ വെങ്ങോല സ്വദേശിയുമായ സുനിതാ രാജനാണ് ഈ ഭാഗ്യം കൈവന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ, ജലാശയങ്ങള്‍ വീണ്ടെടുക്കുന്ന അമൃത സരോവര്‍ പദ്ധതി വഴി വെങ്ങോല പഞ്ചായത്തിലെ പിറക്കാട്ട് മഹാദേവ ക്ഷേത്രക്കുളം നവീകരിച്ച് ഭൂവസ്ത്രം വിരിക്കാന്‍ നേതൃത്വം നല്‍കിയതിനാണ് സുനിതക്ക് ഈ അംഗീകാരം. മഹാത്മാഗാന്ധി ഗ്രാമീണ മിഷന് മുഖേന എസ്സി വിഭാഗത്തില്‍ നിന്നാണ് സുനിതയെ തെരഞ്ഞെടുത്തത്. കേരളത്തില്‍നിന്ന് മൂന്നു പേരെയാണ് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാനായി ഇത്തവണ തെരഞ്ഞെടുത്തത്. ചടങ്ങില്‍ പങ്കെടുക്കാനായി ഇന്ന് വിമാനമാര്‍ഗം ദല്‍ഹിക്ക് പോകുന്ന സുനിത 16ന് ദല്‍ഹിയില്‍ നിന്ന് മടങ്ങും. സഹായിയായി ഒരാളെക്കൂടെ കൂട്ടത്തില്‍ കൊണ്ടുപോകാനും അനുവാദമുണ്ട്. രണ്ടുപേരുടെയും ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കും.
ഇങ്ങനെ ഒരു ഭാഗ്യം കിട്ടിയതില്‍ വളരെ സന്തോഷമുണ്ടെന്നും എല്ലാ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും അംഗീകാരമാണെന്നും സുനിത പറഞ്ഞു. തങ്ങളില്‍ ഒരാള്‍ക്ക് ഈ അപൂര്‍വഭാഗ്യം ലഭിച്ചതില്‍ സഹപ്രവര്‍ത്തകരായ തൊഴിലുറപ്പ് തൊഴിലാളികളെല്ലാം വലിയ സന്തോഷത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: